ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ 19 എണ്ണത്തിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് മിന്നുന്ന പ്രകടനം കാഴ്ചവെച്ച യു.ഡി.എഫ് നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ നേരുന്നതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം പ്രസിഡന്റ് ലീല മാരേട്ട് അറിയിച്ചു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലംവെച്ചു നോക്കുമ്പോള്‍ നമുക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ റിക്കാര്‍ഡ് ഭൂരിപക്ഷം ഉള്‍പ്പടെ പത്തു യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ലക്ഷത്തില്‍പ്പരം ആയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് സമയത്ത് ഇതര സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനും പ്രവര്‍ത്തിക്കുവാനും സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
ആലപ്പുഴ, കോട്ടയം, വടകര, ആലത്തൂര്‍, തിരുവനന്തപുരം, വയനാട് എന്നിവടങ്ങളില്‍ നേരിട്ട് എത്തുവാനും ജനങ്ങളുടെ അത്യുജ്വല ആവേശകവും തരംഗവും കാണുവാന്‍ അവസരം ലഭിച്ചു. സ്വന്തം ജില്ലയായ ആലപ്പുഴയില്‍ നേരിയ ഭൂരിപക്ഷത്തിന് ഷാനിമോള്‍ ഉസ്മാന്റെ പരാജയം ഖേദകരമായി. ഷാനിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം താമസിച്ചാണ് ഉണ്ടായത്. പ്രചാരണത്തിനു വേണ്ടത്ര സമയം ലഭിച്ചില്ല എന്നതാണ് പ്രധാന കാരണമെന്ന് ലീല മാരേട്ട് പറഞ്ഞു. യു.ഡി.എഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ വിജയത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പ്രസിഡന്റായ താന്‍ ഈ വിജയത്തില്‍ ആഹ്ലാദിക്കുകയും നേതാക്കളുടേയും അണികളുടേയും സന്തോഷത്തില്‍ പങ്കുചേരുന്നതായും ലീല പറഞ്ഞു.
സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്തെ ജനങ്ങള്‍ വിവേകപൂര്‍വ്വം ഉത്തരവാദിത്വത്തോടെയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതില്‍ അവരേയും നന്ദിപൂര്‍വം സ്മരിക്കുന്നു.
രാഹുല്‍ ഗാന്ധി അസൂയാവഹമായ വിജയം കൈവരിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ച കേരളത്തില്‍ നേടിയ നേട്ടത്തിന് വിലയ മങ്ങല്‍ ഏല്‍പിച്ചിരിക്കുന്നു. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വിജയസോപാനത്തിലേക്ക് ചവിട്ടി കയറാന്‍ വര്‍ദ്ധിതവീര്യത്തോടെ നമുക്ക് പരിശ്രമിക്കേണ്ടിയിരിക്കുന്നു. അതിലേക്ക് ഈ പ്രവര്‍ത്തകയുടെ എളിയ സേവനം എന്നും ഉണ്ടായിരിക്കും.
സോണിയാ ഗാന്ധിയുടേയും, രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തി വിജയം കൈവരിക്കാം. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആശംസകളുടേയും അഭിനന്ദത്തിന്റേയും പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായും ലീല മാരേട്ട് പറഞ്ഞു.
Comments