You are Here : Home / USA News

ഡോ. ബാബു സുശീലന്‍: കലര്‍പ്പില്ലാഞ്ഞ ഹിന്ദുത്വ വക്താവ് (ശ്രീകുമാര്‍)

Text Size  

Story Dated: Friday, June 07, 2019 03:45 hrs UTC

ഡോ. ബാബു സുശീലന്‍ എത്തിയിട്ടുണ്ടെന്ന് ഞാന്‍ വീട്ടില്‍ അറിയിച്ചപ്പോള്‍ ഇളയ മകള്‍ ഗോപിക പറഞ്ഞു ''ബാബു മാമന്‍  വന്നെങ്കില്‍ ഒത്തിരി ചോക്ലേറ്റ് കൊണ്ടുവരും.'' അവള്‍ക്ക് ബാബു മാമന്‍ അമേരിക്കയില്‍ നിന്ന് വരുമ്പോലെല്ലാം ഇഷ്ടം പാലെ ചോക്‌ളേറ്റ് കൊണ്ടു വരുന്ന ആളാണ്. 
 
പക്ഷേ, മറവിരോഗത്തിന്റെ പിടിയില്‍ വിഷമിക്കുന്ന ഡോ. ബാബു സുശീലന്‍ പിറന്ന നാട്ടില്‍ കിടന്നു മരിക്കാനുള്ള ആഗ്രഹവുമായാണ് അമേരിക്കയില്‍നിന്ന് എത്തിയതെന്ന സത്യം മകളോട് പറഞ്ഞില്ല. പക്ഷേ, അത് സംഭവിച്ചു. ഇന്നെല രാവിലെ കുലശേഖരത്തെ വീട്ടില്‍ ഡോ. ബാബു സുശീലന്‍ അന്തരിച്ചു. മക്കള്‍ക്ക് കൈ നിറയെ ചോക്ലേറ്റുമായി വീട്ടിലേക്കു വരുന്ന ബാബു സുശീലന്‍ ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും. മൂത്ത മകളോട് 'ഗായത്രിക്ക് അച്ഛനോടോ അമ്മയോടോ കൂടുതല്‍ ഇഷ്ടം' എന്നു ചോദിക്കുന്ന,' മിടുക്കിയായി പഠിക്കണം അമേരിക്കയില്‍ കൊണ്ടുപോകാം' എന്ന് കാണുമ്പോളെല്ലാം പറയുന്ന ബാബു മാമന്‍ ഇനിയില്ല.
 
2003 ല്‍ ഹൂസ്റ്റണില്‍ നടന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഡോ. ബാബു സുശീലനെ ആദ്യമായി പരിചയപ്പെടുന്നത്. ജന്മഭൂമിയുടെ ലേഖകന്‍ കണ്‍വെന്‍ഷനിലെത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ആ പരിചയം പിന്നീട് ആത്മബന്ധമായി മാറി. ജന്മഭൂമിക്കുവേണ്ടി പലതവണ അമേരിക്കയിലെ മലയാളികളില്‍നിന്ന്  ധനസമാഹാരത്തിന് മുന്നിട്ടിറങ്ങി. നാട്ടില്‍ വരുമ്പോഴൊക്കെ കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധന മന സഹായം നല്‍കി.
 
അമേരിക്കയിലെ മലയാളി ഹിന്ദുക്കള്‍ ഹിന്ദുത്വത്തെക്കുറിച്ച് പറയാന്‍ മടി കാണിച്ചിരുന്ന കാലത്ത് കിട്ടുന്ന വേദിയിലെല്ലാം ഉച്ചത്തില്‍ സനാതന ധര്‍മ്മത്തിന്റെ മഹത്വം പറയാന്‍ ധൈര്യം കാട്ടിയയയാള്‍ എന്ന നിലയിലാണ് പ്രവാസി മലയാളികള്‍ ഡോ. ബാബു സുശീലനെ അടയാളപ്പെടുത്തുന്നത്. ഒരുപക്ഷേ മതേതരവാദികളെന്ന് പുറംപൂച്ച് നടിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത തരത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങളും തന്റെ പ്രസംഗത്തില്‍ ഡോ. ബാബു സുശീലന്‍ ഉയര്‍ത്തുമായിരുന്നു. അതുകൊണ്ടുതന്നെ തീവ്രഹിന്ദുവിന്റെ പരിവേഷമാണ് അമേരിക്കയിലെ മലയാളികള്‍ അദ്ദേഹത്തിന് കല്‍പ്പിച്ചു നല്‍കിയത്. 
 
അത് തിരുത്താനൊന്നും നിന്നില്ല എന്നു മാത്രമല്ല ശക്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. രാഷ്ട്രീയ സ്വയം സേവക സംഘത്തെ മനസ്സില്‍ കൊണ്ടുനടന്ന ബാബു സുശീലന്‍ സംഘത്തിന്റെ  അമേരിക്കയിലെ ബൗദ്ധിക് പ്രമുഖുള്‍പ്പെടെയുള്ള വിവിധ ചുമതലകള്‍ വഹിച്ചു. അയോധ്യാ പ്രക്ഷോഭ സമയത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലക്കാരനായി വലിയ തോതിലുള്ള ധനസമാഹരണത്തിന് നേതൃത്വം നല്‍കി. 
 
കുടുംബജീവിതത്തില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടെങ്കിലും സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു.
 
 കേരളത്തിലും ഇന്ത്യയിലും നടക്കുന്ന രാഷ്ട്രീയ, സാംസ്കാരിക പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. അന്താരാഷ്ട്ര മാസികകളിലും പത്രങ്ങളിലും ഡോ. ബാബു സുശീലന്റെ ലേഖനങ്ങള്‍ക്ക് വായനക്കാരുണ്ടായി. ആഗോള തീവ്രവാദത്തെക്കുറിച്ച് ഇസ്രായേല്‍ മാധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരനായിരുന്നു അദ്ദേഹം.
 
ജന്മഭൂമിയെ സംബന്ധിച്ചിടത്തോളം തികഞ്ഞ നഷ്ടമാണ് ഡോ. ബാബു സുശീലന്റെ വേര്‍പാട്. ജന്മഭൂമി പത്രത്തെ എന്നും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ആവശ്യപ്പെടുന്ന പണം വായ്പയായും അല്ലാതെയുമൊക്കെ തന്ന് സഹായിക്കാന്‍ അദ്ദേഹത്തിന് ഒരുമടിയുമുണ്ടായിരുന്നില്ല. പ്രത്യേക പതിപ്പുകളിറക്കുമ്പോള്‍ പേജുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചോദിക്കുകപോലും വേണ്ടിയിരുന്നില്ല. തിരുവനന്തപുരത്ത് ജന്മഭൂമിക്ക് സ്വന്തമായി ആസ്ഥാനവും പ്രസ്സും എന്നത് ഡോ. ബാബു സുശീലന്റെ ആഗ്രഹമായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ അതാവര്‍ത്തിക്കും.
 
കൊച്ചുവേളിയില്‍ ജന്മഭൂമി സ്വന്തമായി പ്രസ്സ് ആരംഭിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചവരില്‍ ഒരാളാണ് ബാബു സുശീലനെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏറ്റവും മികച്ച പ്രസ്സ് തന്നെ സ്ഥാപിക്കണം. പൈസ നമുക്ക് സംഘടിപ്പിക്കാനാകും എന്ന അദ്ദേഹത്തിന്റെ ഉറപ്പ് വലിയൊരു ബലമാണ് ജന്മഭൂമി പ്രവര്‍ത്തകര്‍ക്കുണ്ടായത്. നിര്‍ഭാഗ്യവശാല്‍ പെട്ടെന്ന് അദ്ദേഹം മറവിരോഗത്തിന് അടിമയായി. ഉള്ളില്‍ തോന്നുന്നത് പുറത്തുപറയാന്‍ കഴിയാത്ത അവസ്ഥ. 
 
കേരളത്തിലെത്തി ആയുര്‍വേദവും അലോപ്പതിയുമൊക്കെ മാറിമാറി പരീക്ഷിച്ചിട്ടും വലിയ ഗുണമുണ്ടായില്ല. ഡോക്ടര്‍മാരായ രണ്ടു മക്കളും അമേരിക്കയിലായതിനാലും ചികിത്സക്ക് കൂടുതല്‍ സൗകര്യം കിട്ടുമെന്നതിനാലും അമേരിക്കക്ക് കൊണ്ടുപോയി. യാത്രക്ക് ബുദ്ധിമുട്ടുള്ളതിനാല്‍ ഞാന്‍കൂടി കൂടെ പോയിരുന്നു. ഇനി ഒരു തിരിച്ചുവരവ് ഇല്ലായിരിക്കും എന്നു കരുതി. പക്ഷേ രണ്ടാഴ്ച മുമ്പ് അദ്ദേഹം നാട്ടിലെത്തി. രണ്ടു മാസം കഴിഞ്ഞ് തിരിച്ചുപോകുമെന്ന് ഭാര്യ പ്രീത പറഞ്ഞെങ്കിലും എനിക്കുറപ്പുണ്ടായിരുന്നു നടക്കില്ലെന്ന്. കാരണം അവശനിലയില്‍ മടങ്ങിയെത്തിയത് ഭാരതമണ്ണില്‍ കിടന്നു മരിക്കണമെന്ന ഡോ. ബാബു സുശീലന്റെ  ആഗ്രഹംകൂടിയാണ്. അതു സാധിച്ചു. ജേഷ്ഠ സഹോദരന് അന്ത്യപ്രണാമം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.