ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് കിട്ടാന്‍ പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു. നാട്ടിലേക്കോ, എന്തിന് അമേരിക്കയ്ക്കുള്ളില്‍ തന്നെയോ ഒരു മിനിറ്റ് ഫോണ്‍ വിളിക്കണമെങ്കില്‍ അതിനും ചാര്‍ജ് ചെയ്യുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ വാട്‌സ്ആപില്‍ ഫ്രീ വിളിക്കാം. പുതിയ ടെക്‌നോളജി വരുമ്പോള്‍ നാം പഴയതെല്ലാം മറക്കുന്നു. കവി പാടിയ പോലെ പുതുതാരകയെ കാണുമ്പോള്‍ രാവ് മറക്കുന്നു.
ടിക്കറ്റ് കിട്ടാന്‍ പ്രായസമായിരുന്ന കാലത്ത് പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്നാല്‍ മലയാളി വിളിക്കുക സുമ ട്രാവല്‍സിനേയും സെബാസ്റ്റ്യന്‍ പാറപ്പുറത്തിനേയുമാണ്. 'നോക്കട്ടെ' എന്നു സെബാസ്റ്റ്യന്‍ പറഞ്ഞാല്‍ പിന്നെ ടിക്കറ്റ് കിട്ടുമെന്നുറപ്പിക്കാം ആദ്യകാല മലയാളികളിലൊരാളായ ബേബി ഊരാളില്‍ ഓര്‍ക്കുന്നു.
ന്യൂയോര്‍ക്ക് ക്വീന്‍സില്‍ എഴുപതുകളില്‍ ആരംഭിച്ച ഹൗസ് ഓഫ് സ്‌പൈസസ് പോലെ കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് സുമ ട്രാവല്‍സ്. ഇക്കൊല്ലം സുമ ട്രാവല്‍സ് 40 വര്‍ഷം പിന്നിടുമ്പോള്‍ സേവനത്തിന്റെ ഒരുപാട് കഥകള്‍. അന്ന് ന്യു യോര്‍ക്കില്‍അയാട്ടയുടെയുംഎ.ആര്‍.സിയുടേയും അംഗീകാരമുള്ള ഒരേ ഒരു മലയാളി ട്രാവല്‍ ഏജന്‍സി. ഇപ്പോഴാകട്ടെ ന്യു യോര്‍ക്കില്‍ഈ അംഗീകാരങ്ങള്‍ ലഭിച്ച ആദ്യ മലയാളി സ്ഥാപനമെന്ന റിക്കാര്‍ഡ്.
എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയായ സെബാസ്റ്റ്യന്‍ ലോ കോളജില്‍ നിന്നു നിയമ ബിരുദമെടുത്ത് പ്രാക്ടീസ് നടത്തി വരവെയാണ് അമേരിക്കയിലുള്ള കുട്ടനാട് പുന്നകുന്നംമണലയില്‍ റോസമ്മയുമായി വിവാഹം നടക്കുന്നത്. 1973ല്‍. അടുത്തവര്‍ഷം അമേരിക്കിയിലെത്തി.
തുടക്കം ഒരു കടയില്‍ ജോലി. തുടര്‍ന്ന് എ.ടി & ടി യില്‍. 1979ല്‍ സുമ ട്രാവല്‍സ് തുടങ്ങി. മൂത്ത പുത്രിയുടെ പേരിട്ടു. സബ് ഏജന്റായി ട്രാവല്‍ ഏജന്‍സി നടത്തുന്നവരുണ്ടെങ്കിലുംശരിക്കും ഏജന്‍സിയെടുത്ത് ഒരു ട്രാവല്‍ ഏജന്‍സിക്കു സാധ്യതയുണ്ടെന്നു കണ്ടു. ഗ്രോസറി, ഹോട്ടല്‍ രംഗങ്ങളിലൊക്കെ അതിനകം പലരും സജീവമായി രംഗത്തുണ്ടായിരുന്നു. ട്രാവല്‍ രംഗത്തു മലയാളികള്‍ കുറവായതാണു ഈ രംഗം തെരെഞ്ഞെടുക്കാന്‍ കാരണം.
ജോലി ഉപേക്ഷിക്കാതെയായിരുന്നു ട്രാവല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം. രാത്രിയാണ് ജോലി. വെളുപ്പിന് വീട്ടിലെത്തിയാല്‍ അല്പനേരം ഉറക്കം. 9 മണിയോടെ ഉണര്‍ന്ന് ട്രാവല്‍ ഏജന്‍സി ഓഫീസിലേക്ക്. ഉറക്കമൊക്കെ കമ്മി. ഉറങ്ങിവരുമ്പോഴായിരിക്കും ടിക്കറ്റ് വില ചോദിച്ചുള്ള വിളി. അല്ലെങ്കില്‍ കുട്ടികളുടെ കരച്ചില്‍. അന്ന് ഡൊമസ്റ്റിക് കോളിനു രാത്രി 11 കഴിഞ്ഞാല്‍ ചാര്‍ജ് കുറവുണ്ട്. പലരും അതു നോക്കിയാണു വിളിക്കുന്നത്!
ന്യൂയോര്‍ക്കിലെ കണ്ണായ ബ്രോഡ് വേയിലെ 1123 ബില്‍ഡിംഗിലുള്ള വിശാലമായ ഓഫീസില്‍ മൂന്നര പതിറ്റാണ്ടിലേറെ തുടര്‍ന്നു. അടുത്തയിടയ്ക്ക് സമീപത്തെ കെട്ടിടത്തിലേക്കു മാറി നമ്പര്‍ 1133.
ഒരു വര്‍ഷം കഴിഞ്ഞതോടെ ജോലി വിട്ടു. ജോലിയില്‍ തുടര്‍ന്ന് റിട്ടയര്‍ ചെയ്തിരുന്നെങ്കില്‍ ഇന്ന് നല്ല പെന്‍ഷന്‍ കിട്ടുമായിരുന്നു എന്നു ഇപ്പോള്‍ തിരിച്ചറിവ് വരുന്നു!പക്ഷെ അതില്‍ ഇഛാഭംഗമൊന്നുമില്ല. ഏറ്റവും സംത്രുപ്തിയോടെയാണു അക്കാലത്തു പ്രവര്‍ത്തിച്ചത്. പല നേട്ടങ്ങളും കൈവരിച്ചു.
വൈകാതെ തോമസ് കുര്യന്‍ കുറ്റിക്കണ്ടത്തില്‍(കുട്ടപ്പായി) പാര്‍ട്ട്ണറായി വന്നു. റോക്ക്‌ലാന്‍ഡിലുള്ള മത്തായി ചാക്കോയും അല്‍പകാലം പാര്‍ട്ണറായിരുന്നു. ക്രമേണ ജോലിക്കാരുടെ എണ്ണം കൂടി. അടുത്ത രണ്ടു പതിറ്റാണ്ട് (19802000) ട്രാവല്‍ ഏജന്‍സിയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു.
2000ല്‍ കുട്ടപ്പായി മരിച്ചതോടെ ഒരു ചിറകു മുറിഞ്ഞു. അടുത്ത വര്‍ഷം 9/11 ഉണ്ടായി. അതു യാത്രകളെ ബാധിച്ചു. വൈകാതെ ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈനിലേക്ക് ചേക്കേറി. ഇപ്പോള്‍ ആഭ്യന്തര യാത്രയെ ലക്ഷ്യമിടുന്നില്ല. വിദേശ യാത്രയാണു ശ്രദ്ധിക്കുന്നത്. ട്രാവല്‍ ഏജന്‍സി കൊടുക്കുന്ന വിലയ്ക്കുതന്നെ ആഭ്യന്തര ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും കിട്ടും. ട്രാവല്‍ ഏജന്‍സിക്ക് കൂടുതല്‍ കാശ് കൊടുത്ത് ആര് ടിക്കറ്റ് വാങ്ങും? മാത്രമല്ല പുതിയ തലമുറയ്ക്ക് കംപ്യൂട്ടറൊക്കെ നിസാര കാര്യമാണ് താനും.
അതുപോലെ തന്നെ മറ്റ് ഏജന്‍സികള്‍ക്ക് ഹോള്‍സെയിലായി ടിക്കറ്റ് വില്‍ക്കുന്നതും നിര്‍ത്തി. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ടിക്കറ്റ് നല്‍കുകയാണ്.
കുട്ടപ്പായിയുടെ മരണശേഷം പാര്‍ട്ണര്‍ഷിപ്പ് വികസിപ്പിച്ചു. പാര്‍ട്ണര്‍ഷിപ്പ് പക്ഷെ ഏറെ ശ്രദ്ധവേണ്ട കാര്യമാണെന്നു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെടുന്നു. ഭാര്യയോടു പെരുമാറുന്നതിലും നന്നായി പാര്‍ട്ട്ണര്‍മാരോടു പെരുമാറണം. ഭാര്യയെ ചീത്ത പറഞ്ഞാല്‍ പത്തു ദിവസം കഴിയുമ്പോള്‍ ദേഷ്യം കുറയും. പാര്‍ട്ട്ണറെ ചീത്ത പറഞ്ഞാല്‍ പത്തു ദിവസം കഴിയുമ്പോള്‍ ദേഷ്യം കൂടുകയേ ഉള്ളൂ. ഇപ്പോള്‍ മലയാളി പാര്‍ട്ട്ണര്‍ഷിപ്പുകള്‍ അധികമായി കാണാറില്ല. പണം വന്നാല്‍ പ്രശ്‌നമാകും. ഞാനാണ് കൂടുതല്‍ പണിയെടുത്തത്. അതിനാല്‍ കൂടുതല്‍ തനിക്ക് കിട്ടണമെന്ന അഭിപ്രായം വരാം. ഇനി പരാജയപ്പെട്ടാല്‍ അതിന്റെ പഴി ആരുടെ പേരിലെങ്കിലും ചാരിയെന്നും വരാം.
എന്തായാലും പാര്‍ട്ട്ണര്‍ഷിപ്പ് ഒരിക്കലും തനിക്ക് പ്രശ്‌നമായിരുന്നില്ലെന്നു സെബാസ്റ്റ്യന്‍ സാക്ഷ്യപ്പെടുത്തുന്നു.
എയര്‍ ഇന്ത്യ, കുവൈറ്റ് എയര്‍വേയ്‌സ്, ഡെല്‍റ്റ, പാനാം, ജറ്റ് എന്നിവയുടെയൊക്കെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റതിനുള്ള അവാര്‍ഡ് നിരവധി വര്‍ഷങ്ങളില്‍ സുമ ട്രാവല്‍സിനായിരുന്നു. പക്ഷെ കസ്റ്റമറുടെ സംത്രുപ്തിയും അവര്‍ നല്‍കുന്ന അംഗീകാരവുമാണു ഏറ്റവും വലിയ അവാര്‍ഡായി താന്‍ കരുതിയയതെന്നു സെബാസ്യന്‍ ചൂണ്ടിക്കാട്ടി.
ആദ്യ കാലത്തൊക്കെ ടിക്കറ്റ് വീടുകളില്‍ കൊണ്ടു പോയി കൊടുക്കാനും മടിച്ചിരുന്നില്ല. അക്കലത്ത് ട്രാവല്‍ ഏജന്‍സി വിജയിക്കണമെങ്കില്‍ അല്‍പം സൈക്കോളജിയൊക്കെ അറിയണം. ആദ്യം ടിക്കറ്റിന്റെ വില ചോദിച്ചു വിളിക്കും. പിന്നെ പലയിടത്ത് അന്വേഷിക്കും. പിറ്റേന്ന് ബുക്ക് ചെയ്യാന്‍ വിളിക്കും. ഒ.കെ എന്നു പറയും. പക്ഷെ ബുക്ക് ചെയ്യില്ല. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളി വരും. ടിക്കറ്റിനു ചെറിയൊരു മാറ്റം വേണം. അപ്പോഴും ഒ.കെ പറയും. എങ്കിലും ബുക്ക് ചെയ്യില്ല. പിന്നെയും ഒന്നോ രണ്ടോ തവണ കൂടി മാറ്റം വേണമെന്നു പറഞ്ഞു വിളി വരും. ഇതെല്ലാം കഴിഞ്ഞ് ബുക്ക് ചെയ്യും. പിറ്റേന്നു ഭാര്യയും ഭര്‍ത്താവും കൂടി ആയിരിക്കും ടിക്കറ്റ് വാങ്ങാന്‍ വരിക. അന്നൊക്കെ ടിക്കറ്റ് കൈകൊണ്ട് എഴുതി കൊടുക്കുകയാണ്. ടിക്കറ്റ് കൊടുത്തു കഴിയുമ്പോള്‍ ചെക്ക് തരും. പക്ഷെ ഏതാനും ദിവസം കഴിഞ്ഞേ ഇടാവൂ. കാത്തിരിക്കാതെ പറ്റില്ലല്ലോ.
ഇടക്കാലത്ത് കൊച്ചിയില്‍ നാലു വര്‍ഷത്തോളം ട്രാവല്‍ ഓഫീസ് നടത്തി. പക്ഷെ റിമോട്ട് കണ്ട്രോളില്‍ ഓഫീസ് നടത്തുക വിഷമമാണെന്നു കണ്ടപ്പോള്‍ അതു നിര്‍ത്തി.
പത്രപ്രവര്‍ത്തരംഗത്തും ഒരു കൈ വച്ചു. നാലു വര്‍ഷത്തോളം അമേരിക്കന്‍ മലയാളി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ പിന്നീടത് നിര്‍ത്തി.
ട്രാവല്‍ ഏജന്‍സികള്‍ പഴയ രീതിയില്‍ വിജയകരമാകുന്ന കാലം ഇനി വരില്ലെന്നു സെബാസ്റ്റ്യന്‍ കരുതുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സമയവും തീയതിയും കൃത്യമായി തീരുമാനിച്ചിരിക്കണം. കയ്യോടെ കാശ് കൊടുക്കണം. മുമ്പൊക്കെ ഇതിനൊക്കെ സാവകാശമുണ്ട്. അന്ന് അവസാന നിമിഷം വരെ ടിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ എയര്‍ലൈനുകളുമായുള്ള നല്ല ബന്ധം മൂലം സാധിച്ചിരുന്നു. വിശ്വാസത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇപ്പോഴും സുമയില്‍ ബുക്ക് ചെയ്താല്‍ 24 മണിക്കൂര്‍ സാവകാശം ലഭിക്കും.
ഒരു വര്‍ഷം 15 മില്യന്‍ ട്രാന്‍സാക്ഷനൊക്കെ നടത്തിയിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ ചില കാര്യങ്ങളില്‍ പ്രത്യേകം സംത്രുപ്തി. ആര്‍ക്കും ഒരു പൈസ പോലും കൊടുക്കാനോ, കടപ്പാടോ ഇല്ല. വെട്ടിച്ചെന്നോ തട്ടിച്ചെന്നോ ആരും പറയില്ല.
കേരളത്തില്‍ ഇടയ്ക്ക് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാറുണ്ട്. വക്കിലാകുമ്പോള്‍ വേറെ ജോലി പാടില്ല. അതിനാല്‍ ഇപ്പോള്‍ സുമാ ട്രാവല്‍സില്‍ ഓണററി ചെയര്‍ സ്ഥാനം മാത്രമാണു വഹിക്കുന്നത്
അമേരിക്കയില്‍ വരാതെ നാട്ടില്‍ തുടരുകയായിരുന്നുവെങ്കില്‍ രാഷ്ട്രീയ രംഗത്ത് സജീവമാകുമായിരുന്നു എന്നാണ് സെബാസ്റ്റ്യന്‍ കരുതുന്നത്. 1965ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ അടി കിട്ടിയത് ഓര്‍ക്കുന്നു. കയ്യോടെ തിരിച്ചടിക്കുകയും ചെയ്തു!
ട്രാവല്‍ ഏജന്‍സിക്കു പകരം അന്ന് റിയല്‍ എസ്‌റ്റേറ്റ് തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ മെച്ചമായേനേ എന്നു ഇന്ന് തോന്നുന്നു. ഇന്‍ഷ്വറന്‍സിനും സാധ്യതയുണ്ടായിരുന്നു.
ഭാര്യറോസമ്മ ആര്‍.എന്‍ ആയി റിട്ടയര്‍ ചെയ്തിട്ട് ഏതാനും വര്‍ഷമായി. സ്‌റ്റെംഅധ്യാപികയായും റോബോട്ടിക് കോച്ചും അഡ്ജംക്ട് പ്രൊഫസറുമായസുമന്‍, ഡോ. സുജ (മെട്രോപോളിറ്റന്‍ ഹോസ്പിറ്റലിലെ ഫാമിലി മെഡിസിന്‍ ചീഫ്) എന്നിവരാണ് മക്കള്‍. ബ്ലിറ്റ്‌സ് കാര്‍ത്തി ആണ് ഡോ. സുജയുടെ ഭര്‍ത്താവ്. അഞ്ച് കൊച്ചുമക്കള്‍.
ഇന്ത്യന്‍ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍, കാത്തലിക് അസോസിയേഷന്‍ എന്നിവയിലൊക്കെ ഭാരവാഹി ആയിരുന്നു. ബിസിനസും സംഘടനാ പ്രവര്‍ത്തനവും ഒത്തുപോകില്ലെന്നാണ് അനുഭവം.
സുമ ട്രാവല്‍സിന്റെ പ്രസിഡന്റ് ഇപ്പോള്‍ സാം ആലക്കാട്ടില്‍ ആണ്. ഷമീമ അഹമ്മദ് വൈസ് പ്രസിഡന്റ്‌സെയില്‍സ്. ഇവര്‍ക്കു പുറമെ ജോസഫ് മുല്ലശേരി (രാജുവൈസ് പ്രസിഡന്റ്, മാര്‍ക്കറ്റിംഗ് ), ജോസ് ചെറിയാന്‍ (ഹൂസ്റ്റണ്‍വൈസ് പ്രസിഡന്റ്), സുമന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് (ഡയറക്ടര്‍) മറ്റു പാര്‍ട്ട്ണര്‍മാര്‍. ദീര്‍ഘകാലമായി സെയില്‍സ് മാനേജറായി പ്രവര്‍ത്തിക്കുന്ന സിന്ധു ബിനീഷിന്റെ സേവനവും കുര്യന്‍ വാച്ചാപറമ്പിലിന്റെ (ട്രാവല്‍ കണ്‍സള്‍ട്ടന്റ്) സേവനവുംഎടുത്തുപറയേണ്ടതാണ്.
Comments