You are Here : Home / USA News

ഫാ. തോമസ് തൈച്ചേരില്‍ എഡ്മന്റന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ വികാരി

Text Size  

Story Dated: Thursday, June 13, 2019 02:09 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
എഡ്മന്റന്‍ (കാനഡ): എഡ്മന്റനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി ഇടുക്കി രൂപതാംഗം ഫാ. തോമസ് തൈച്ചേരില്‍ 2019 ജൂണ്‍ രണ്ടിനു ഉത്തരവാദിത്വം ഏറ്റെടുത്തു. റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍ അഞ്ചു വര്‍ഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം 2018 ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങിപ്പോയതിനെ തുടര്‍ന്നു ഫാ. ജോജോ ചങ്ങനംതുണ്ടിയില്‍ ആക്ടിംഗ് വികാരിയായി പ്രവര്‍ത്തിച്ചിരുന്നിടത്താണ് ഇടവക പട്ടക്കാരനായ റവ.ഫാ. തോമസ് തൈച്ചേരില്‍ പുതിയ വികാരിയായി ചാര്‍ജ് ഏറ്റെടുത്തിരിക്കുന്നത്. 
 
ഇടുക്കി ജില്ലയിലെ തങ്കമണി സെന്റ് തോമസ് ഫൊറോന ഇടവകയിലെ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ ഏഴാമത്തെ പുത്രനായാണ് ജനനം. സഹോദരങ്ങളായ ജോണ്‍, ചെറിയാന്‍ എന്നിവര്‍ മുംബൈയില്‍ സ്ഥിരതാമസമാണ്. മറ്റു സഹോദരങ്ങളായ മേരിക്കുട്ടി, കുഞ്ഞമ്മ, ജോസ്, അഗസ്റ്റിന്‍, സെബാസ്റ്റ്യന്‍ എന്നിവര്‍.
 
1991 ജനുവരി ഒന്നാം തീയതി കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്നും പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ആനകുളം, പൂയംകുട്ടി, പന്നിയാര്‍കുടി, ശാന്തിഗ്രാം, എല്ലക്കല്ല്, ഈട്ടിത്തോപ്പ് എന്നീ ഇടവകകളിലായി 28 വര്‍ഷം വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷമാണ് എഡ്മന്റനിലെ സെന്റ് അല്‍ഫോന്‍സാ ഫൊറോന ദേവാലയത്തിന്റെ വികാരിയായി എത്തിയത്. 
 
2019 മെയ് 26-നു ഇടവക ജനങ്ങള്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കിയാണ് പുതിയ വികാരിയെ സ്വീകരിച്ചത്. പെന്തക്കുസ്താ ഞായര്‍ ആയ ജൂണ്‍ ഒമ്പതിനായിരുന്നു വികാരിയച്ചന്റെ പുതിയ ഇടവകയിലെ ആദ്യത്തെ ഞായറാഴ്ച ദിവ്യബലി. ഉദ്ദേശം മുപ്പത്തെട്ടോളം കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ച്, അറിവിന്റേയും വിജ്ഞാനത്തിന്റേയും ലോകത്തേക്ക് ആനയിക്കാനും അന്നു വികാരിയച്ചനു സാധിച്ചു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.