ശ്രീകുമാര്‍ പി
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനുകളിലെ നിത്യ സാന്നിധ്യമായ ചിന്മയാമിഷനിലെ സ്വാമി ശാന്താനന്ദയും സ്വാമി സിദ്ധാനന്ദയും ന്യൂജഴ്‌സിയില്‍ നടക്കുന്ന പത്താമത് കണ്‍വന്‍ഷനിലും പങ്കെടുക്കുമെന്ന്പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
തെയ്‌വാനില്‍ ബിസിനസ്സ് ചെയ്തിരുന്ന രാഘവന്‍ 60 കളില്‍ ചിന്മയാനന്ദ സ്വാമിയുടെ വിദേശയാത്രകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 1992 ല്‍ വേദാന്ത പ്രചരണം പൂര്‍ണ്ണ പ്രവര്‍ത്തനമായി തീരുമാനിക്കുകയും സ്വാമി ചിന്മയാനന്ദനില്‍നിന്ന്‌സന്യാസം സ്വീകരിച്ച് സ്വാമി ശാന്താനന്ദയായി. ഹോങ്കോങ്ങിലും തെയ്‌വാനിലും ചിന്മയാമിഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്വാമി ശാന്താനന്ദ പിന്നീട് അമേരിക്കയിലെത്തി. ഫിലാഡല്‍ഫിയയിലും ന്യുജഴ്‌സിയിലും ചിന്മയമിഷന്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുത്തി. വടക്കേ അമേരിക്കയില്‍ വ്യാപകമായി യാത്ര ചെയ്ത് ഗീതാ ജ്ഞാനയജ്ഞവും ഉപനിഷത് ഭഗവത് ഗീതാ പ്രഭാഷണങ്ങളും നടത്തി. ചിന്മയാമിഷന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായിരുന്ന 2001 ല്‍ വിവിധ സ്ഥലങ്ങളിലായി 50 ഗീതാ ജ്ഞാനയജ്ഞങ്ങള്‍നടത്തി ശ്രദ്ധനേടി. അമേരിക്കയിലും കാനഡയിലുമായുള്ള 50 ഓളം ചിന്മയമിഷന്‍ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന സ്വാമി ശാന്താനന്ദ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
1972ല്‍ സ്വാമി ചിന്മയാനന്ദന്റെ കീഴില്‍ വേദപഠനത്തിനായി ചേര്‍ന്ന സ്വാമി സിദ്ധാനന്ദ പഠനം പൂര്‍ത്തിയാക്കിയ ശേഷം വര്‍ഷങ്ങളോളം ചെന്നെ ചിന്മയാമിഷനിലും കുറച്ചുനാള്‍ കൊച്ചിയിലെ ചിന്മയ ഇന്റര്‍ നാഷനല്‍ ഫൗണ്ടേഷനിലും ചുമതല വഹിച്ചു. മിഷന്റെ മാസികകളായ തപോവന്‍ പ്രസാദ് , ബാലവിഹാര്‍ എന്നിവയുടെ വളര്‍ച്ചക്ക് കാര്യമായ പങ്ക് വഹിച്ചു. ചെന്നെയില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിരവധി യുവാക്കളെ ചിന്മയാമിഷനുമായി അടുപ്പിക്കുകയുംചെയ്തു. 1994 ചിന്മയാമിഷന്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലക്കാരനായി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം നല്‍കി. കലാകാരനും പാട്ടുകാരനുമായ സ്വാമി സിദ്ധാനന്ദ നിരവധി ഭജനകള്‍ചിട്ടപ്പെടുത്തുകയും പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
Comments