You are Here : Home / USA News

പിതാക്കന്മാരുടെ ചില കാര്യങ്ങള്‍ (ഏബ്രഹാം തോമസ്)

Text Size  

Story Dated: Monday, June 17, 2019 11:30 hrs UTC

ഏബ്രഹാം തോമസ്
 
മാധ്യമ ശ്രദ്ധ മുഴുവന്‍ മാതാക്കളിലേയ്ക്ക് മാറിയിരിക്കുകയാണ്. വളരെ അപൂര്‍വമായി മാത്രമേ പിതാക്കന്മാരെക്കുറിച്ച് ചില വിവരങ്ങള്‍ വെളിപ്പെടുത്തപ്പെടാറുള്ളൂ. മറ്റൊരു ഫാദേഴ്‌സ് ഡേ കൂടി കടന്ന് പോയിക്കഴിഞ്ഞപ്പോള്‍ അമേരിക്കയിലെ പിതാക്കന്മാരെകുറിച്ച് ചില വിവരങ്ങള്‍ പുറത്തു വന്നു.
 
2014 ലെ വിവരങ്ങളാണ് യു.എസ്. സെന്‍സസ് ബ്യൂറോ പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കയില്‍ 12 കോടി 10 ലക്ഷം പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇവരില്‍ 60% ല്‍ അധികവും പിതാക്കന്മാരാണ്. അച്ഛന്മാരില്‍ 75% വിവാഹിതരാണ്. 13% പേര്‍ വിവാഹമോചിതരും 8% ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്തവരുമാണ്.
 
40 നും 50 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ 25% ല്‍ താഴെ കുട്ടികള്‍ ഇല്ലാത്തവരാണ്. 17% തങ്ങള്‍ക്ക് 40 വയസ് പ്രായം ഉള്ളപ്പോഴും അവിവാഹിതരായിരുന്നു. ഈ കണക്കുകള്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ്. അവര്‍ മധ്യവയസ്‌കരാകുന്ന ഇവരെ ഈ നിലയില്‍ തുടരുന്നതായാണ് സര്‍വേ കണ്ടെത്തിയത്. 40 നും 50 നു ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ 16% താഴെയാണ് കുട്ടികള്‍ ഇല്ലാത്തവരായി ഉള്ളത്. ഇവരില്‍ 14% വിവാഹിതരായിരുന്നില്ല.
 
തൊഴില്‍ മേഖലയിലും ചെറിയ കുട്ടികളുള്ള അച്ഛന്മാരും അമ്മമാരും തമ്മില്‍ അന്തരം ദൃശ്യമായി. തങ്ങളുടെ ഏറ്റവും ഇളയ കുട്ടിക്ക് 6 വയസില്‍ താഴെപ്രായമുള്ള അച്ഛന്മാര്‍ 90% വും ജോലി ചെയ്യുന്നു. അമ്മമാര്‍ 60% മാത്രമാണ് ജോലി ചെയ്യുന്നത്. കുട്ടികളില്ലാത്ത പുരുഷന്മാരും സ്ത്രീകളും തമ്മില്‍ അന്തരം ദൃശ്യമായില്ല.
 
കുട്ടികള്‍ ഉള്ള പുരുഷന്മാര്‍ കുട്ടികള്‍ ഇല്ലാത്തവരെകാള്‍ വിദ്യാസമ്പന്നരാണ്. ഉന്നത വിദ്യാഭ്യാസം നേടിയതിന് ശേഷം പിതാക്കന്മാരാകുന്നവരുടെ പ്രായവും പരിഗണനാര്‍ഹമാണ്.
 
പിതാവാകുന്നത് വര്‍ഗവും വംശീയ പശ്ചാത്തലവും അനുസരിച്ചാണെന്നും സര്‍വേ ഫലം പറഞ്ഞു. 20 കളില്‍ എത്തിയ ഹിസ്പാനിക്കുകള്‍ 30% വും പിതാക്കന്മാരായിരുന്നു. കറുത്ത വര്‍ഗക്കാരില്‍ ഇത് 25% വും വെളുത്ത വര്‍ഗക്കാരില്‍ 20% വും ഏഷ്യാക്കാരില്‍ 12% ല്‍ മുകളിലും ആയിരുന്നു. എന്നാല്‍ ഈ പുരുഷന്മാര്‍ 40 കളില്‍ എത്തുമ്പോഴേയ്ക്കും ഈ വ്യത്യസ്തകള്‍ ഇല്ലാതാവുന്നതായി കണ്ടെത്തി. 40 കളിലെത്തിയ ഹിസ്പാനിക് പുരുഷന്മാര്‍ 83% വും 75% വെളുത്ത വര്‍ഗക്കാരും പിതാക്കന്മാരായി കഴിഞ്ഞിരുന്നു.
40 വയസ് കഴിഞ്ഞ് പിതാക്കന്മാരാകുന്ന പുരുഷന്മാര്‍ താരതമ്യേന കുറവാണ്. 2014 ലാണ് ആദ്യമായി സെന്‍സസ് ബ്യൂറോ സ്ത്രീ പുരുഷന്മാരുടെ പ്രത്യുല്‍പാദന വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തത്. പ്രധാനമായും പുരുഷന്മാരുടെ പ്രത്യുല്‍പാദന വിവരങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. പുരുഷന്മാരെകുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്ന് സെന്‍സസ് ബ്യൂറോ പറയുന്നു.
 
കഴിഞ്ഞ കുറെ ദശകങ്ങളായി പൊതുജനങ്ങളുടെ ഇടയിലും അക്കാദമികമായും പിതാക്കന്മാരെയും പിതൃത്വത്തെയും കുറിച്ചും കു്ട്ടികളുടെ ജീവിതത്തില്‍ അച്ഛന്മാരുടെ പങ്കിനെകുറിച്ചും താല്‍പര്യം വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട് ആമുഖമായി രേഖപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.