ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വോളിബോള്‍ കായിക പരിശീലനം നല്‍കുന്നു. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വളര്‍ന്നുവരുന്ന കായിക പ്രതിഭാശാലികള്‍ക്കായി ഈ സമ്മര്‍ദിനങ്ങളിലെ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ ഡസ്‌പ്ലെയിന്‍സിലെ ഡി പാര്‍ക്ക് വോളിബോള്‍ ഗ്രൗണ്ടില്‍ വച്ച് വോളിബോളിന്റെ അടിസ്ഥാനപരമായ പരിശീലനം നടത്തുവാന്‍ വേണ്ടി കൈരളി ലയണ്‍സ് എക്‌സിക്യൂട്ടീവ് തീരുമാനിക്കുകയുണ്ടായി.
ഇല്ലിനോയിസിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ നിന്നും വോളിബോള്‍ ക്ലബുകളില്‍ നിന്നുമായി വര്‍ഷങ്ങളുടെ പരിശീലനം നേടിയ റിന്റു ഫിലിപ്പ്, ഷോണ്‍ കദളിമറ്റം, നിഥിന്‍ തോമസ്, ലെറിന്‍ ചേത്താലില്‍കരോട്ട്, ടോം ജോസഫ് എന്നിവരാണ് പരിശീലനം നല്‍കുന്നത്. ജൂണ്‍ 24-നു വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ട്രെയിനിംഗ് ക്ലാസുകള്‍ ജൂണ്‍ മാസത്തില്‍ തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലും ജൂലൈ മാസത്തില്‍ തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ പരിശീലനങ്ങള്‍ കുട്ടികളിലെ സ്വതസിദ്ധമായ കായികശേഷിയെ വളര്‍ത്തിയെടുക്കുന്നതിന് പ്രയോജനപ്പെടുമെന്ന് ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റം യോഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ മുപ്പത്തഞ്ചില്‍പ്പരം വര്‍ഷത്തെ കായിക പാരമ്പര്യമുള്ള ചിക്കാഗോ കൈരളി ലയണ്‍സ് നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ കായിക ലോകത്തെ മുന്‍നിര ചാമ്പ്യന്മാരാണ്.
ക്ലബിന്റെ പ്രസിഡന്റായി ചുക്കാന്‍പിടിക്കുന്നത് സിബി കദളിമറ്റവും, സെക്രട്ടറിയായി സന്തോഷ് കുര്യന്‍, ട്രഷറര്‍ പ്രിന്‍സ് തോമസ്, വൈസ് പ്രസിഡന്റ് അലക്‌സ് കാലായില്‍, ജോയിന്റ് സെക്രട്ടറി മാത്യു തട്ടാമറ്റം എന്നിവരാണ്.
Comments