മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: ഇന്ത്യക്കു പുറത്തുള്ള പ്രഥമ സീറോ മലബാര്‍ ഇടവകയായ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ തോമ്മാശ്ലീഹായുടെ ദുക്‌റാനാതിരുന്നാളിന് കൊടിയേറി. ജൂണ്‍ 21 മുതല്‍ ജൂലൈ ഒന്നുവരെയാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷങ്ങള്‍.
ഫൊറോനാ വികാരി ഫാ. ജോര്‍ജ് എളമ്പാശ്ശേരി തിരുനാള്‍ പതാകയുയര്‍ത്തി. കൊടിയേറ്റ് ദിനത്തില്‍ പ്രസുദേന്തിമാരായ സണ്ണിവെയില്‍ ലിറ്റില്‍ ഫഌര്‍ വാര്‍ഡ് അംഗങ്ങളെല്ലാം പരമ്പരാഗത സുറിയാനി കൃസ്ത്യാനി വേഷത്തിലെത്തിയത് കൗതുകമായി.
എല്ലാം ദിവസവും വൈകുന്നേരം തോമാശ്ലീഹായോടുള്ള നൊവേന, ലദീഞ്ഞ് വിശുദ്ധ കുര്‍ബ്ബാന എന്നിവയുണ്ട്. പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ 30 വൈകുന്നേരം നാലിന് ആഘോഷമായ റാസകുര്‍ബാനയില്‍ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്മികനാകും. ജൂണ്‍ 28 വൈകുന്നേരം ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന സെന്റ് തോമസ് നൈറ്റ്, 29നു വൈകുന്നേരം കലാസാംസ്‌കാരിക പരിപാടി 'സണ്ണി ഫെസ്റ്റ്', 30നു വൈകുന്നേരം പ്രദക്ഷിണം, പല്ലാവൂര്‍ ബ്രദേഴ്‌സ് നയിക്കുന്ന ചെണ്ടമേളം, സ്‌നേഹവിരുന്ന് എന്നിവയാണ് പ്രധാന പരിപാടികള്‍. 28നും 29നും നാടന്‍ തട്ടുകടയുമുണ്ട്.
ഫാ. രാജീവ് വലിയവീട്ടില്‍, ഫാ. പ്രകാശ് മറ്റത്തില്‍, ഫാ. മത്തായി മണ്ണൂര്‍വടക്കേതില്‍, ഫാ. വില്‍സണ്‍ വട്ടപ്പറമ്പില്‍, ഫാ. അബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. ജോസ് ചിറപുറത്ത്, ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ , ഫാ. അനീഷ് ഈറ്റക്കാകുന്നേല്‍, ഫാ. സോജന്‍ ജോര്‍ജ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ശുശ്രൂഷകള്‍ക്കു നയിക്കും. പ്രസുദേന്തിമാരായ സണ്ണിവെയില്‍ വാര്‍ഡ് അംഗങ്ങള്‍ക്കൊപ്പം കൈക്കാരന്‍മാരായ മാത്യു മണ്ണനാല്‍, ബോബി ജോണ്‍സണ്‍, ജെറിന്‍ തേനായന്‍ എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Comments