ഏബ്രഹാം തോമസ്
നിയമ വിരുദ്ധമായി യു.എസില്‍ എത്തിയവരെ കണ്ടെത്തി പിടികൂടി അടിയന്തിരമായി നാട് കടത്തും എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം പല നഗരങ്ങളിലും, പ്രത്യേകിച്ച് സംഗ്ച്വറി സിറ്റീസ് എന്നറിയപ്പെടുന്ന കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയ നഗരങ്ങളില്‍ ചില സമൂഹങ്ങളില്‍ ആശങ്ക സൃ്ഷ്ടിച്ചു. പ്രഖ്യാപനത്തെ തുടര്‍ന്ന് നടന്ന റെയ്ഡുകളില്‍ പിടിക്കപ്പെട്ടവര്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ നാട് കടത്തല്‍ (ഡീപോര്‍ട്ടേഷന്‍) പ്രതീക്ഷിച്ചു കഴിയുന്നു. ചില സംഘങ്ങള്‍ അവരുടെ 'സ്വന്തം' നാടുകളില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രഖ്യാപനം അനുസരിച്ച് നടപടികള്‍ നീങ്ങുന്നതിനിടയില്‍ പ്രസിഡന്റ് നടപടികള്‍ രണ്ടാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയാണെന്നറിയിച്ചു. ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി പ്രസിഡന്റിനെ കണ്ട് അഭ്യര്‍ത്ഥന നടത്തിയതിന്റെ പശ്ചാത്തലത്തില്‍ താന്‍ ഇല്ലീഗല്‍ ഇമ്മിഗ്രേഷന്‍ റിമൂവല്‍ പ്രോസസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി വച്ച് ഈ സമയത്തിനുള്ളില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുകളും ഒന്ന് ചേര്‍ന്ന് അഭയം നല്‍കുന്നതിനും ദക്ഷിണ(മെക്‌സിക്കന്‍) അതിര്‍ത്തിയിലെ പഴുതുകള്‍ അടയ്ക്കുന്നതിനും പരിഹാരം കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണുകയാണ്. ഇല്ലെങ്കില്‍ നാട് കടത്തല്‍ ആരംഭിയ്ക്കും, ട്രമ്പ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസ്)അധികാരികള്‍ നടത്തുന്ന റെയ്ഡുകളില്‍ അധികാരികളുടെ സുരക്ഷ ഒരു പ്രധാന പ്രശ്‌നമായി ഉയര്‍ത്തിയിരുന്നു. റെയ്ഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നതിനാല്‍ കുടിയേറ്റക്കാരെ സഹായിക്കുന്ന സംഘങ്ങള്‍ റെയ്ഡുകള്‍ ചെറുക്കാന്‍ സജ്ജമായിരിക്കും എന്നായിരുന്നു പ്രധാന ആശങ്ക. ഐസിന്റെ ഔദ്യോഗിക വക്താവ് കാരള്‍ ഡാല്‍കോ ഈ ആശങ്ക പങ്ക് വയ്ക്കുകയും കൂടുതല്‍ വിവരങ്ങള്‍ ചോരരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ട്രമ്പും പെലോസിയുമായുള്ള കൂടിക്കാഴ്ച 12 മിനിറ്റ് മാത്രമായിരുന്നു. റെയ്ഡുകള്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ഉപരിയായി എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമല്ല. ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് നിയമ വിരുദ്ധ കുടിയേറ്റത്തിന്റെ ഒഴുക്ക് തടയും എന്നത്. കോണ്‍ഗ്രസിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് ട്രമ്പിന്റെ തുടര്‍ച്ചയായുള്ള പരാതി.
ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുമ്പില്‍ 4.6 ബില്യണ്‍ ഡോളറിന്റെ ധനാഭ്യര്‍ത്ഥനയുണ്ട്. വര്‍ധിച്ചു വരുന്ന കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വിവിധ ഏജന്‍സികളുടേതാണ് ഈ ധനാഭ്യര്‍ത്ഥന. സെനറ്റ് കമ്മിറ്റി ഇത് ഒന്നിനെതിരെ 30 വോട്ടുകള്‍ക്ക് അംഗീകരിച്ചിരുന്നു. ജനപ്രതിനിധി സഭ ഇതിന് വ്യത്യസ്തമായ ഒരു പ്രമേയമാണ് പരിഗണിക്കുന്നത്. ഏജന്‍സികളുടെ ഫണ്ടിംഗ് തീരുകയാണ്. അടുത്തയാഴ്ച സെനറ്റും പ്രതിനിധി സഭയും ഒഴുവുദിനങ്ങള്‍ക്ക് പിരിയുന്നതിന് മുമ്പ് ബില്ല് പാസാക്കിയെടുക്കുവാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.
ഐസിന്റെ നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു നീങ്ങാന്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. നടപടി ഏവരെയും അമ്പരിപ്പിക്കുന്നതാവുന്നതാണ് ഉചിതം. ഐസ് അധികാരികളുടെ കയ്യില്‍ അറസ്റ്റ് വാറണ്ടുകളോ കൃത്യമായ വിലാസങ്ങളോ ഇല്ല. ലഭ്യമായ രേഖകളില്‍ നിന്ന് കണ്ടെത്തുന്ന വിലാസങ്ങളില്‍ വാറണ്ടുകള്‍ നിക്ഷേപിച്ച് തിരികെ പോരുകയാണ് ഒരു മാര്‍ഗം. കുടിയേറ്റക്കാര്‍ തങ്ങളുടെ വീടുകളുടെ വാതിലുകള്‍ തുറക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. പലപ്പോഴും വാതിലുകള്‍ തുറക്കാറുമില്ല. സാധാരണഗതിയില്‍ 30% മുതല്‍ 40% വരെ അധികാരികള്‍ തങ്ങളുടെ ദൗത്യങ്ങളില്‍ വിജയിക്കാറുണ്ട്.
തടവിലാക്കപ്പെട്ടിട്ടുള്ള മുതിര്‍ന്നവര്‍ ജൂണ്‍ 8 വരെ 53,141 ആണ്. ഐസിന് ബജറ്റുള്ളത് 45,000 പേരെ വരെ പരിപാലിക്കുവാനാണ്. കുടുംബങ്ങളായി പാര്‍പ്പിച്ചിരിക്കുന്നത് 1,662 ആണ്. ഇത് പരമാവധിയാണ്.
റെയ്ഡ് നടക്കും പിടിക്കപ്പെടും എന്ന അഭ്യൂഹങ്ങള്‍ നഗരങ്ങളില്‍ പടര്‍ന്നപ്പോള്‍ 2,000 കുടുംബാംഗങ്ങള്‍ ലക്ഷ്യം വച്ചാണ് ഓരോ നഗരത്തിലും ഐസ് ഏജന്റുമാര്‍ നീങ്ങുന്നതെന്ന് അധികാരികള്‍ പറഞ്ഞു. ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചലസ്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂവാര്‍ക്ക്(ന്യൂജേഴ്‌സി) നഗരങ്ങളിലെ ഡെമോക്രാറ്റിക് മേയര്‍മാര്‍ റെയ്ഡുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Comments