പന്തളം ബിജു തോമസ്, P. R. O
117
Shares
Share Tweet Pin
ഡാളസ്: ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ഇതിനോടകം ഏവരും അറിഞ്ഞുകാണുമല്ലോ? ഈ കണ്‍വെന്‍ഷന്റെ വിജയത്തിനായി അകമഴിഞ്ഞ് സഹകരിച്ച് സഹായിച്ച എല്ലാ സുഹൃത്തുക്കളെയും ഈ അവസരത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഈ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടു നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചെറിയ സംക്ഷിപ്തരൂപം നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. അമേരിക്കന്‍ മലയാളികളുടെ സ്പന്ദനങ്ങള്‍ എല്ലാക്കാലവും അറിയുന്ന ഫോമാ എന്ന പ്രസ്ഥാനം ഇതുവരെ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളെല്ലാം കൃത്യമായ ഉത്തരവാദിത്തിലും, മേല്‍നോട്ടത്തിലും, സാമ്പത്തിക നിരീക്ഷണത്തിലുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ കേരള കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തിയ ഭവനനിര്‍മ്മാണ പദ്ധതിയില്‍ 36 വീടുകളാണ് ഫോമാ നിര്‍മ്മിക്കുന്നത്. ഇതില്‍ 20 വീടുകള്‍ പൂര്‍ത്തിയാക്കുകയും, 16 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. പ്രളയാനന്തര നവകേരള നിര്‍മ്മിതിയില്‍ അമേരിക്കന്‍ മലയാളികളുടെ പങ്ക് ഫോമാ സാക്ഷാല്‍ക്കരിച്ചതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അദ്ദേഹത്തിന്റെ കൃതജ്ഞതയില്‍ രേഖപ്പെടുത്തി.
36 വീടുകളില്‍ കടപ്രയില്‍ 32 വീടുകളും, നിലമ്പൂരില്‍ 03 വീടുകളും, കൊച്ചിയിലെ വൈപ്പിനില്‍ ഒരു വീടുമാണുള്ളത്. 36 വീടുകളുടെയും നിര്‍മ്മാണ ഉത്തരവാദിത്ത്വം തണല്‍ എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 36 വീടുകള്‍ക്കും തണലിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഏഴ് ലക്ഷം ഇന്ത്യന്‍ രൂപ എന്ന തോതിലാണ് ഒരു വീടിനു ചെലവ് ആയിട്ടുള്ളത് എല്ലാ വീടുകളും 400 മുതല്‍ 500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ളതാണ്. പരിസ്ഥിതി സാഹചര്യങ്ങളോടിണങ്ങുന്നതും, മെച്ചപ്പെട്ട സജ്ജീകരണങ്ങളോടും സൗകര്യങ്ങളോടും കൂടി രണ്ട് കിടപ്പുമുറി, ഒരു ഊണു മുറി, ഒരു ബാത്‌റൂം, അടുക്കള ഒരു ചെറിയ ഇറയം എന്നിവ കൂടാതെ ഒരു കുടുംബത്തിന് ഉപയോഗിക്കാന്‍ വേണ്ടുന്ന കിടക്ക, കട്ടില്‍, മേശ, കസേരകള്‍, അടുക്കളസാധന സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ഭവനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ ഇനിയൊരു പ്രളയം ഉണ്ടായാല്‍ അതിജീവിക്കുന്ന തരത്തില്‍ അടിത്തറ ഉയര്‍ത്തിയാണ് ഈവീടുകള്‍ നിര്‍മ്മിക്കുന്നത്. കടപ്രയിലുള്ള 32 വീടുകളില്‍ 11 വീടുകള്‍ സര്‍ക്കാരിന്റെയും, തണലിന്റെയും, ഫോമായുടെയും സാമ്പത്തിക സഹായത്തോടുകൂടിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
തിരുവല്ലയിലെ കടപ്രയിലെ പതിനൊന്നു വീടുകളുടെ പണി പൂര്‍ത്തീകരിക്കുമ്പോള്‍, വീടൊന്നിന് സര്‍ക്കാരില്‍ നിന്നും ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നാല് ലക്ഷം രൂപ വീതവും, ഫോമയുടെ 2 ലക്ഷം രൂപയും, തണല്‍ ഒരു ലക്ഷം രൂപയാണ് മുതല്‍ മുടക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, അമേരിക്കയിലെ മലയാളികള്‍, മലയാളീ സംഘടനകള്‍, നമ്മുടെ സഹോദരങ്ങള്‍, കമ്പനികള്‍ മുതലായവരില്‍ നിന്നും സംഭാവനയായി കിട്ടിയിട്ടുള്ള തുകയാണ് ഈ പതിനൊന്നു വീടുകള്‍ക്ക് ഫോമാ നല്‍കിയ സാമ്പത്തിക സഹായം. കടപ്രയില്‍ ബാക്കിയുള്ള 21 വീടുകള്‍ക്കും, നിലമ്പൂരില്‍ ഉള്ള മൂന്ന് വീടുകള്‍ക്കും, വീടൊന്നിന് അഞ്ചരലക്ഷം രൂപ വീതം ഫോമായും, ഒന്നര ലക്ഷം രൂപ വീതം തണലും സാമ്പത്തിക സഹായം നല്‍കിയിട്ടുള്ളതാണ്
Comments