ഡാലസ്: ഷെറിന്‍ കേസില്‍ പ്രതി വെസ്ലി മാത്യൂസിനു ജീവപര്യന്തം തടവ്. ഇന്ന് (ബുധന്‍) ഉച്ചയോടെ വിചാരണ പൂര്‍ത്തിയായ ശേഷം മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തി ജൂറി ജീവപര്യന്തം ശിക്ഷ എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസ് ശിക്ഷ പ്രഖ്യപിച്ചു.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതും ജീവ പര്യന്തമാണു. എങ്കിലും പരോളും മറ്റും ലഭിക്കും. ശിക്ഷ കഠിനവും ക്രൂരവുമായിപ്പോയി എന്നു പ്രതിഭാഗം വക്കീല്‍ റഫയേല്‍ ഡി ലാ ഗാര്‍സിയ പ്രതികരിച്ചു
നാലു സ്ത്രീകളും എട്ടു പുരുഷന്മാരുമായിരുന്നു ജൂറിയില്‍.
ഇന്നു വിചാരണയില്‍ ചെയ്ത അബദ്ധങ്ങള്‍ വളര്‍ത്തു പിതാവ് വെസ്ലി മാത്യുസ് സമ്മതിച്ചു. പുലര്‍ച്ചെ മൂന്നിനു ഗരാജില്‍ വച്ച് പാല്‍ കൊടുത്തപ്പോള്‍ ശ്വാസം മുട്ടിയ കുട്ടിക്ക് പല വട്ടം താന്‍ സി.പി.ആര്‍ (പ്രഥമ ശുശ്രൂഷ) നല്കിയെന്നു വെസ്ലി പറഞ്ഞു. എങ്കിലും നഴ്സായ ഭാര്യയെയോ പോലീസിനെയോ വീളിക്കാതിരുന്നത് തെറ്റായിപ്പോയി എന്നു മനസിലാക്കുന്നു.
വെസ്ലിയുടെ തീവ്രമായ മത വിശ്വാസവും ചോദ്യം ചെയ്യലില്‍ വ്യക്തമായി. പ്രാര്‍ഥന കൊണ്ട് എല്ലാം സാധിക്കുമെന്നു വിശ്വസിക്കുന്നെങ്കില്‍ അസുഖം വന്നാല്‍ ചികില്‍സിക്കുന്നത് എന്തിനെന്നു പ്രോസിക്യൂട്ടര്‍ ചോദിച്ചു.
ആദ്യം മുതല്‍ വെസ്ലി കള്ളമാണു പറയുന്നതെന്നും സി.പി.ആര്‍. നല്കിയെന്നത് മറ്റൊരു കള്ളമാണെന്നും വാദത്തില്‍ പ്രോസിക്യൂഷന്‍ അറ്റോര്‍ണി ഷെറെ തോമസ് പറഞ്ഞു. മൂന്നു വയസുള്ള കുട്ടി പാല്‍ കുടിക്കുമ്പോള്‍ ശ്വാസം മുട്ടി മരിക്കുക അസാധ്യമെന്നാണു വിദ്ഗ്ദര്‍ പറയുന്നത്. അതിനര്‍ഥം കുട്ടിയെ വെസ്ലി കൊന്നതാണ്. അതു കഴിഞ്ഞപ്പോള്‍ എന്തു ചെയ്യനമെന്നറിയാതെ ആധിയിലായി. അതാണു സംഭവിച്ചത്.
ദത്തെടുത്തു കൊണ്ടു വന്നതു മുതല്‍ കുട്ടി പീഡിപ്പിക്കപ്പെടുക ആയിരുന്നു. കുട്ടിയുടെ പല എല്ലുകള്‍ ഒടിഞ്ഞത് സുഖപ്പെടുന്നത് പല ഘട്ടത്തിലായിരുന്നു. അതിനര്‍ഥം പലപ്പോഴായി പീഡനം നടന്നു എന്നാണ്-അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കുട്ടിയെ കൊന്നു എന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും അതിനാലാണു തരതമ്യേന ചെറിയ കുറ്റത്തീനു പ്ലീ ഡീല്‍ അംഗീകരിച്ചതെന്നും പ്രതിഭാഗം അറ്റോര്‍ണി ഡി ലാ ഗാര്‍സിയ പറഞ്ഞു. കുട്ടിയെ വെസ്ലി പതിവായി ഉപദ്രവിച്ചിരുന്നു എന്നതിനും ഒരു തെളിവ് പോലും കാണിക്കാന്‍ പ്രോസിക്യൂഷനായില്ല. സമയത്തിനു 9/11 വിളിച്ചില്ല എന്നതാണു മാത്യൂസ് ചെയ്ത കുറ്റം.
വാദം കേള്‍ക്കാന്‍ ഭാര്യ സിനി മാത്യൂസും കോടതിയില്‍ എത്തിയിരുന്നു.
ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട കേസ് 2017 ഒക്ക്‌ടോബര്‍ 7-നായിരുന്നു. ഭാരക്കുറവുള്ളതിനാല്‍ കുട്ടിക്ക് അസമയത്തും പാല്‍ കൊടുക്കുമായിരുന്നു എന്നും അന്ന് രാത്രി മൂന്നു മണിക്ക് പാല കുടിക്കാതിരുന്നപ്പോള്‍ കുട്ടിയെ പുറത്തിറക്കി നിര്‍ത്തിയെന്നുമായിരുന്നു വെസ്ലിയുടെ ആദ്യ നിലപാട്. 15 മിനിട്ട് കഴിഞ്ഞു ചെന്നപ്പോള്‍ കുട്ടിയെ കണ്ടില്ല.
എങ്കിലും പോലീസിനെ വിളിച്ചത് അഞ്ചു മണിക്കൂറിനു ശേഷമാണു. പിന്നെ കുട്ടിക്ക് വേണ്ടി അന്വേഷണമായി. നൂറു കണക്കിനാളുകള്‍ തെരച്ചിലില്‍ പങ്കെടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയുടെ മ്രുതദേഹം ഒരു മൈലകലെ ഒരു കലുങ്കിനടിയിലുണ്ടെന്നു വെസ്ലി തന്നെ പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് വെസ്ലിക്കു പുറമെ ഭാര്യ സിനിയേയും അറസ്റ്റ് ചെയ്ത് ജയിലിലാക്കി. തലേന്നു ഷെറിനെ തനിയെ വീട്ടില്‍ നിര്‍ത്തി വെസ്ലിയും സിനിയും സ്വന്തം കുട്ടിയും കൂടി ഭക്ഷണം കഴിക്കാന്‍ പോയത് കുട്ടിയെ അപകടാവസ്ഥയിലാക്കി എന്ന ചാര്‍ജിലായിരുന്നു അത്. മാസങ്ങള്‍ ജയിലില്‍ കഴിഞ്ഞ സിനിക്കെതിരായ കുറ്റം പിന്നീട് പ്രോസിക്യൂഷന്‍ പിന്വലിച്ചു. ഇതിനിടെ അവരുടെ സ്വന്തം കുട്ടിയുടെ അവകാശം അവര്‍ക്ക് ഫാമിലി കോര്‍ട്ട് നിഷേധിച്ചു. പുത്രിയെ ബന്ധു കുടുംബത്തിലേക്കു മാറ്റി.
ബീഹാറില്‍ അനാഥാലയത്തില്‍ നിന്നാണു കുട്ടിയെ ദത്തെടുത്തത്. വൈകല്യങ്ങളുള്ള കാര്യം ദത്തെടുക്കും മുന്‍പ് അറിയിച്ചിരുന്നോ എന്നു സംശയം. തൂക്കക്കുറവും വളര്‍ച്ച കുറവുമൊക്കെ എന്നും തലവേദന ആയി.
സരസ്വതി എന്നായിരുന്നു കുട്ടിയുടെ പേര്. പിന്നീടത് ഷെറിന്‍ എന്നാക്കി.
വെസ്ലിക്കു സഹായം ഏര്‍പ്പാടാക്കി എന്നു പറഞ്ഞു വെസ്ലിയുടെ ചില സുഹ്രുത്തുക്കള്‍ക്കെതിരെ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപടിക്കൊരുങ്ങിയതും വിവാദമായി. ഡല്‍ ഹി ഹൈക്കോടതി കോണ്‍സുലേറ്റ് നടപടി റദ്ദാക്കി.
എന്തായാലും ഒറ്റപ്പെട്ടു നില്ക്കാതെ മലയാളി സമൂഹവുമായി കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെയും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ വിദഗ്ദാഭിപ്രായം തേടേണ്ടതിന്റെയും പ്രാധാന്യമാണു ഈ കേസ് എടുത്തു കാട്ടുന്നത്.
---------------------
വിചാരണ രണ്ടാമത്തെ ദിനം
ഷെറിന്‍ മാത്യൂസ് (3) മരിച്ചുവെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവള്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പോലീസിനെ വിളിക്കാന്‍ വൈകിയതെന്നും വിചാരണയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് (30) മൊഴി നല്‍കി.
കടുത്ത ഭീതിയിലായിരുന്നു താന്‍. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ഇനിയൊരു അവസരം ലഭിച്ചാല്‍ അന്നത്തെ പോലെ ആയിരിക്കില്ല താന്‍ പ്രവര്‍ത്തിക്കുക. മരണംസംഭവിച്ചത് അംഗീകരിക്കാനായില്ല. തികച്ചും ചലനശേഷി നഷ്ടപ്പെട്ട പോലെ ആയിരുന്നു താന്‍. സംഭവിച്ചത് ഇപ്പോഘ തിരിഞ്ഞു നോക്കുമ്പോള്‍ ഭീതി കൊണ്ട് പല മണ്ടത്തരങ്ങളും താന്‍ കാട്ടിക്കൂട്ടി എന്നു ബോധ്യമായി.
മരിച്ചു എന്ന വിശ്വാസം വരാത്തതുകൊണ്ടാണ് കുട്ടിയുടെ ശരീരം ഒരു നീല പ്ലാസ്റ്റിക് ബാഗിലാക്കി ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കൊണ്ടുപോയി വെച്ചത്. പൂര്‍ണ്ണമായും കുട്ടി തന്നെ വിട്ടുപോയി എന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മതിയായതും തീവ്രമായതുമായ പ്രാര്‍ത്ഥന കൊണ്ട് കുട്ടിയെ തിരിച്ചുകിട്ടുമെന്നും താന്‍ വിശ്വസിച്ചു. ലാസറിനെപ്പോലെ അവള്‍ ജീവനോടെ തിരിച്ചുവരുമെന്നു കരുതി.
2017 ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ കാണാതായത്. 15 ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം കലുങ്കിനടിയിലുണ്ടെന്ന് വെസ്ലി തന്നെയാണ് പോലീസിനെ അറിയിച്ചത്. മൃതദേഹം അപ്പോഴേയ്ക്കും ജീര്‍ണ്ണാവസ്ഥയിലായിരുന്നു. അതിനാല്‍ മരണ കാരണം പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഇന്നലെ മൊഴി നല്‍കിയ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറും കോടതിയെ അറിയിച്ചു.
നാലു സ്ത്രീകളും എട്ട് പുരുഷന്മാരും അടങ്ങിയ ജൂറി മുമ്പാകെയാണ് വിചാരണ. തിങ്കളാഴ്ച വിചാരണയ്ക്കു മുമ്പ് കര്‍തവ്യ വിലോപം കൊണ്ട്കുട്ടിയെ പരിക്കേല്‍പിച്ചു എന്ന കുറ്റം വെസ്ലി സമ്മതിച്ചിരുന്നു. അതോടെ കൊലക്കേസ് പ്രോസിക്യൂഷന്‍ ഒഴിവാക്കി. എങ്കിലും ഇനി ജീവപര്യന്തം ശിക്ഷ ലഭിക്കാം. ശിക്ഷ തീരുമാനിക്കുകയാണു ജൂറിയുടെ ദൗത്യം
കുട്ടി മരിച്ച രാത്രി ഉണ്ടായ സംഭവങ്ങളില്‍ അത്യന്തം ദുഖമുണ്ടെന്ന് വെസ്ലി പറഞ്ഞു. മകളെ രക്ഷിക്കാന്‍ പലതും ചെയ്യാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. 'തന്റെ ഹൃദയം മിടിക്കുന്നു. മകളുടെ ഹൃദയം നിശ്ചലമായി. ഇത് ഖേദകരമായി.
കലുങ്കിനു താഴെ കിടക്കുന്ന കുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രോസിക്യൂഷന്‍ ജൂറിയെ കാണിച്ചു. പലരും അതു കണ്ട് അസ്വസ്ഥരായി.
അഭിമാനിക്കാവുന്ന ഒന്ന് ചെയ്യണമെന്നാണ് താന്‍ ആഗ്രഹിച്ചത്. കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കാറിന്റെ ഡിക്കിക്കുള്ളില്‍ കൊണ്ടുപോയതിനെപ്പറ്റി വെസ്സി നേരത്തെ പോലീസില്‍ പറഞ്ഞിരുന്നു.
പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടിയെ പാല്‍ കുടിപ്പിക്കാന്‍ ശ്രമിക്കുന്നതു സംബന്ധിച്ച് വെസ്ലി പോലീസിനു നല്‍കിയ മൊഴി ജൂറിമാര്‍ കേട്ടു. ഷെറിനെ വീട്ടില്‍ തനിയെ വിട്ടിട്ട് ഭാര്യയോടും മൂത്ത പുത്രിയോടുമൊപ്പംഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വന്ന ശേഷം കുട്ടിയെ ഗരാജില്‍ ആക്കി പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചു. പാല്‍ കുടിച്ചില്ലെങ്കില്‍ പുറത്ത് കൊയോട്ടികളോടൊപ്പം(ചെന്നായ) നിര്‍ത്തുമെന്ന് പറഞ്ഞ് പേടിപ്പെടുത്താന്‍ ശ്രമിച്ചു.
വലിയൊരു കവിള്‍ പാല്‍ കുടിച്ച ഷെറിന്‍ ശ്വാസം മുട്ടിയെന്നുവെസ്ലി പോലീസിനെ അറിയിച്ചിരുന്നു. വൈകാതെ കുട്ടി നിശബ്ദയായി. ശരീരം നിശ്ചലമായി. എന്നാല്‍ ശ്വാസം മുട്ടി കുട്ടികള്‍ മരിക്കുക സാധാരണമല്ലെന്നു ഡോക്ടര്‍ മൊഴി നല്കി
ഈ സംഭവം നടക്കുമ്പോള്‍ ഭാര്യ സിനിയെ വിളിച്ചുണര്‍ത്തിയില്ല. സിനി നഴ്സാണെങ്കിലും ഷെറിനെ സഹായിക്കാനുള്ള സമയം കടന്നുപോയതു പോലെയാണ് താന്‍ കരുതിയത്. അതു പോലെ കടുത്ത ഭീതിയും. വളരെ പെട്ടെന്നു തന്നെ കുട്ടി തങ്ങളെ പിരിഞ്ഞുപോയി. തുടര്‍ന്നാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കിയത്.
ഭാര്യ കുട്ടിയുടെ മൃതദേഹം കാണരുതെന്ന് താന്‍ ആഗ്രഹിച്ചു. കുട്ടിയുടെ മൃതദേഹം ദൂരെയെങ്ങും പോകരുതെന്ന് ആഗ്രഹിച്ചിരുന്നു. വീട്ടില്‍ നിന്നു നോക്കിയാല്‍ കലുങ്ക് കാണാം. കലുങ്കിനടിയില്‍ നിന്നു ഒരു വിഷപാമ്പ് വന്ന് കൊത്തി താനുംമരിച്ച് ഷെറിനൊപ്പം പോയിറ്റ്രുന്നെങ്കില്‍ എന്നു അപ്പോള്‍ ആശിച്ചിരുന്നു
സംഭവദിവസം രാവിലെ വീട്ടിലെത്തിയ പോലീസിനോട് കുട്ടി ജീവനെടെയുണ്ടെന്നും മിസിംഗ് ആണെന്നുമാണ് വെസ്ലി പറഞ്ഞത്. കുട്ടിക്ക് വളര്‍ച്ചാപരമായ ജനിതക വൈകല്യമുണ്ടായിരുന്നു. ദത്തെടുക്കാന്‍ സഹായിച്ച ഏജന്‍സിയും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നു.ഇതില്‍ തികച്ചും അസ്വസ്ഥരായിരുന്നു തങ്ങള്‍.
ഭക്ഷണത്തോട് താത്പര്യം ഇല്ലായിരുന്ന ഷെറിന് മതിയായ തൂക്കം ഇല്ലായിരുന്നു. കുട്ടിക്ക് വെയ്റ്റ് കൂട്ടിയില്ലെങ്കില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് നടപടി എടുക്കുമെന്ന് പേടിച്ചു. അതിനാലാണ് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചത്.
കുറച്ചുകൂടി കോമണ്‍സെന്‍സ് ഉപയോഗിച്ചിരുന്നെങ്കില്‍ ഷെറിന്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. ഞാന്‍ എന്റെ ഷെറിന് ആവശ്യ സമയത്ത് ഉതകിയില്ല. എന്റെ കുടുംബത്തോടും ഞാന്‍ നീതി കാട്ടിയില്ല- വെസ്ലി പറഞ്ഞു. വിചാരണ ബുധനാഴ്ചയും തുടരും.
വെസ്ലിക്ക് എന്തു ശിക്ഷ നല്‍കണമെന്നാണ് ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസിന്റെ കോടതി മുമ്പാകെ ജൂറി തീരുമാനിക്കുന്നത്.
-----------------------
വിചാരണ ഒന്നാമത്തെ ദിനം
ഷെറിന്‍ മാത്യുസ് (3) കൊലക്കേസില്‍ വിചാരണ തുടങ്ങും മുന്‍പ് പ്രതി വളര്‍ത്ത് പിതാവ് വെസ്ലി മാത്യുസ് (39) കര്‍ത്തവ്യ വിലോപം കൊണ്ട് കുട്ടിയെ പരുക്കേല്പിച്ചു എന്ന താരതമ്യേന ചെറിയ കുറ്റം സമ്മതിച്ചു. (ഇന്‍ജുറി ടു എ ചൈല്‍ഡ് ബൈ ഒമിഷന്‍)
പ്രോസിക്യൂഷനുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണിത്. ഇതോടെ കൊലക്കേസ് ഒഴിവായി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ പരോളില്ലത്ത ജീവപര്യന്തം ശിക്ഷ ഓട്ടോമാറ്റിക്കായി ലഭിക്കുമായിരുന്നു. ഇനി ശിക്ഷ തീരുമാനിക്കേണ്ടത് ജൂറിയാണ്. വെറും ജീവപര്യന്തം ഇനിയും കിട്ടിക്കൂടായ്കയില്ല.
എന്നാല്‍ പരോളില്ലാത്ത ജീവപര്യന്തം തന്നെ നല്കണമെന്നാണു ഇന്ന് (തിങ്കള്‍) ആരംഭിച്ചവിചാരണയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എങ്കിലുംജൂറി ഉദാരതകാണിക്കുമെന്നു കരുതുന്നു.
കുട്ടിയെ കാണാതായ വിവരം അറിയിച്ചതനുസരിച്ച് 2017 ഒക്ടോബര്‍ 7-നു രാവിലെ വീട്ടില്‍ എത്തിയ പോലീസ് ഓഫീസര്‍ ജറമി സാവേജിനെയാണുആദ്യം വിസ്തരിച്ചത്. ഓഫീസറുടെ ബോഡി ക്യാമറയിലെ ദ്രുശ്യങ്ങളും ജൂറിയെ കാണിച്ചു.
രാത്രി മൂന്നു മണിയോടെ കുട്ടിയെ കാണാതായെങ്കിലും 5 മണിക്കൂര്‍ കഴിഞ്ഞാണു പോലീസിനെ വിളിച്ചത്. കുട്ടിയുടെ കാര്യത്തില്‍ വലിയ കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നു ഓഫീസര്‍ ചോദിക്കുന്നുണ്ട്. അതു പോലെ കുട്ടിയെ കാണാതായിട്ടും വെസ്ലി തുണി അലക്കുകയായിരുന്നുവെന്നും ഓഫീസര്‍ കണ്ടെത്തി. ഏതു പിതാവാണു ഇങ്ങനെ ചെയ്യുകയെന്നു ഒഫീസര്‍ ചോദിച്ചു.
പാല്‍ കുടിക്കാത്തതിനു കുട്ടിയെ പുറത്ത് ഇറക്കി നിര്‍ത്തിയെന്നും 15 മിനിട്ടു കഴിഞ്ഞു ചെന്നപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു ആദ്യം വെസ്ലി പറഞ്ഞത്. രണ്ടാഴ്ചക്കു ശേഷം കുട്ടിയുടെ മ്രുതദേഹം ഒരു കലുങ്കിനു താഴെ വെസ്ലി തന്നെ കാണിച്ചു കൊടുത്തു..
പാല്‍ കുടിപ്പിച്ചപ്പോള്‍ വിക്കി ശ്വാസം മുട്ടി മരിച്ചു എന്നാണു വെസ്ലി പറഞ്ഞത്.
കമ്പ്യൂട്ടര്‍ ഫോറന്‍സിക്ക് വിദഗ്ദനെയും വിസ്തരിച്ചു. സംഭവ ദിവസം രാത്രി 3:15-നു വെസ്ലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും വെസ്ലിയും ഭാര്യ സിനിയുമായുള്ള ടെക്സ്റ്റുകളും മറ്റും നീക്കം ചെയ്തിരുന്നതയും പ്രോസികൂഷന്‍ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ എല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടായിരുന്നതായും എന്നാല്‍ അതു ആഴ്ചകള്‍ക്കു ശേഷമാണു ഡോക്ടറെ കാണിച്ചതെന്നുംപ്രോസിക്യൂഷന്‍ കണ്ടെത്തി.
മാത്യൂസിന്റെ നടപടികള്‍ക്ക് ഒരു ശിക്ഷയേ ഉള്ളുവെന്നു പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജേസന്‍ ഫൈന്‍ പാറഞ്ഞു-അത് ആജീവനാന്തം ജയില്‍ ശിക്ഷയാണ്.
എന്നാല്‍ ദയ കാട്ടണമെന്നു പ്രതിഭാഗം വക്കീല്‍ റഫയേല്‍ ഡി ലാ ഗാര്‍സാ അഭ്യര്‍ഥിച്ചു. മാത്യൂസ് മുന്‍പ് ഒരു കുറ്റക്രുത്യവും ചെയ്തിട്ടില്ല. അബദ്ധ തീരുമാനങ്ങള്‍ എടുത്തതില്‍ മാത്യൂസ് അതീവ് ദുഖിതനും പശ്ചാത്താപ ഭരിതനുമാണെന്‍ണ്. 'തെറ്റായ തീരുമാനങ്ങളില്‍ മാത്യൂസ് ഹ്രുദയംതകര്‍ന്നാണു കഴിയുന്നത്. അന്നു പറഞ്ഞ നുണകളിലെല്ലാം വേദനയുണ്ട്.
read also
https://www.wfaa.com/article/news/crime/richardson-father-sentenced-to-life-in-death-of-sherin-mathews/287-586e5346-a638-48f0-84a1-7a10a5662a93
Comments