You are Here : Home / USA News

ആദ്യ ഡിബേറ്റ് ഇന്ന്: സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന ചോദ്യങ്ങള്‍ (ഏബ്രഹാം തോമസ്)

Text Size  

Story Dated: Friday, June 28, 2019 02:37 hrs UTC

ഏബ്രഹാം തോമസ്
 
 
2016 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ഡിബേറ്റുകളില്‍ പങ്കെടുത്തപ്പോള്‍ അവരുടെ പ്രാധാന്യം നിശ്ചയിക്കുന്നതില്‍ പാകപ്പിഴകള്‍ സംഭവിച്ചു എന്ന് ആരോപണം ഉണ്ടായി. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ഇന്നും (ബുധന്‍) നാളെയും നടക്കുന്ന ഡെമോക്രാറ്റിക്  സംവാദങ്ങളില്‍ പ്രാധാന്യം നിശ്ചയിച്ചത് നറുക്കെടുപ്പിലൂടെയാണ്. 
 
എന്നാല്‍ ആദ്യ രാത്രിയിലെ ഡിബേറ്റില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഒരാളിന് മാത്രമേ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചുള്ളൂ. സെനറ്റര്‍ എലിസബെത്ത് വാറനാണ് ആ ഭാഗ്യശാലി. അഭിപ്രായ സര്‍വേകളില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് നാല് പേര്‍ വ്യാഴാഴ്ച രാത്രിയില്‍ ഏററുമുട്ടും. എന്നിരുന്നാലും ഈ ഡിബേറ്റുകള്‍ സ്ഥാനാര്‍ത്ഥികളുടെ നിലപാടുകള്‍ മനസിലാക്കുവാന്‍ സഹായിക്കും. പത്ത് വീതം രണ്ട് രാത്രികളിലായി 20 സ്ഥാനാര്‍ത്ഥികളാണ് തങ്ങളുടെ കാഴ്ചപ്പാടുകള്‍ വോട്ടര്‍മാരുടെ മുമ്പാകെ വയ്ക്കുക.
 
ഇന്നു രാത്രി  ബീറ്റോ ഒറൗര്‍ക്കെയ്ക്ക് ലഭിക്കുന്ന വലിയ അവസരമായിരിക്കും. ആഴ്ചകളായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിയുന്ന സ്ഥാനാര്‍ത്ഥി അഭിപ്രായ സര്‍വേകളില്‍ പെട്ടെന്ന് താഴേയ്ക്ക് പോകാന്‍ ഇത് തന്നെ കാരണമായി. ഈ തന്ത്രം ഫലിച്ചുവോ എന്ന് ഡിബേറ്റ് തെളിയിക്കും. 
 
ഷെഡ്യൂളിംഗ് സെനറ്റര്‍ വാറന് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സുമായി ഏറ്റുമുട്ടാന്‍ അവസരം നഷ്ടപ്പെടുത്തി. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ട് ന്യൂ ഇംഗ്ലണ്ടുകാരും ഇടതുപക്ഷ ചായ് വുള്ളവരുമായ ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൗതുകകരമായേനെ. സെന.കോറി ബുക്കറോ സെന. ഏയ്മിക്ലോ ബുച്ചറോ മുന്‍ ഹഡ് സെക്രട്ടറി ജൂലിയന്‍ കാസ്‌ട്രോയോ ഫലപ്രദമായി വാറനെ നേരിടുമോ എന്തെല്ലാം ചോദ്യങ്ങള്‍ ചോദിക്കും എന്നറിയുക കൗതുകകരമാണ്.
 
വ്യാഴാഴ്ച രാത്രിയിലെ ഡിബേറ്റിന് പ്രേക്ഷകര്‍ കൂടും. താരനിബിഡമായ ഏറ്റുമുട്ടലില്‍ ഏറെ സമ്മര്‍ദം മുന്‍ വൈസ് പ്രസിഡന്റ് ജോ.ബൈഡനായിരിക്കും. ഗര്‍ഭഛിദ്രത്തില്‍ മാറിമാറി സ്വീകരിച്ച നിലപാടുകള്‍, ഏറ്റവും ഒടുവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രസിഡന്റ് ബരാക്ക് ഒബാമ എന്തുകൊണ്ട് തന്റെ വൈസ് പ്രസിഡന്റായിരുന്ന ബൈഡനെ പരസ്യമായി പിന്തുണച്ച് ഒരു പ്രസ്താവന നടത്തിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ ബൈഡന്‍ നേരിടേണ്ടി വരും.
 
സാന്‍ഡേഴ്‌സിനും സൗത്ത് ബെന്‍ഡ് മേയര്‍ ബട്ടീഗെയ്ഗിനും ബൈഡനും ഉചിതമായ മറുപടി നല്‍കേണ്ടി വരും. ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നിലേക്കാണ് നോക്കുന്നതെന്ന് ഇരുവരും ആരോപിച്ചിരുന്നു. തന്റെ പ്രായമായ 76 വയസ് കാഴ്ചയില്‍ തനിക്ക് തോന്നിപ്പിക്കുമോ, പ്രത്യേകിച്ച് തന്റെ സ്ഥാനാര്‍ത്ഥികളുടെ പ്രായം ശരാശരി തന്നെക്കാള്‍ 20 വയസ് കുറവാകുമ്പോള്‍ എന്ന മറ്റൊരു പ്രശ്‌നത്തിനും മുന്‍ വി.പി. മറുപടി പറയേണ്ടി വന്നേക്കും.
 
മുന്‍ കൊളറാഡോ ഗവര്‍ണര്‍ ജോണ്‍ ഹിക്കന്‍ലൂപ്പര്‍ സാന്‍ഡേഴ്‌സിന്റെ സോഷ്യലിസം ചോദ്യം ചെയ്യും. ഇവര്‍ തമ്മില്‍ തര്‍ക്കം മൂത്താല്‍ ബൈഡന് ആശ്വാസമാകും.
ബട്ടീഗെയ്ഗ് അറിയുവാന്‍ താല്‍പര്യപ്പെടുന്നത് മേയര്‍ പീറ്റ് ആയാണ്. ഇദ്ദേഹത്തിന്റെ പ്രശ്‌നം ചെറുപ്പമാണ് എന്നതാണ്. 37 വയസ് മാത്രം പ്രായമുള്ള ഒരു പ്രസിഡന്റിന് യു.എസ്. തയ്യാറാണോ എന്ന ചോദ്യം എല്ലാറ്റിനും ഉപരിയായി ഉയര്‍ന്നേക്കാം. അതോ എഴുപതുകാരായ ബൈഡനും സാന്‍ഡേഴ്‌സിനും ട്രമ്പിനും സ്വാഗതാര്‍ഹമായ പകരക്കാരന്‍ ആയിരിക്കുമോ?
 
വളരെ ആവേശകരമായ തുടക്കമാണ് സെന കമല ഹാരിസ് പ്രചരണത്തില്‍ നടത്തിയത്. അതിന് ശേഷം മുന്നോട്ടു അധികം ദൂരം പോകാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും മെഡികെയര്‍, ജയില്‍ പുള്ളികള്‍ക്ക് വോട്ടവകാശം തുടങ്ങിയ അഭിപ്രായങ്ങള്‍ പുലിവാല് പിടിച്ചു. ഇപ്പോള്‍ വലിയ ഒച്ചപ്പാടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാന്‍ കഴിയുന്നില്ല എന്നൊരു ആരോപണം എതിരാളികള്‍ ഉന്നയിക്കുന്നു. അയോവയില്‍ കൂടുതല്‍ സമയവും പണവും ചെലവഴിക്കുവാനും കൂടുതല്‍ പ്രചാരകരെ പ്രയോജനപ്പെടുത്തുവാനും തീരുമാനിച്ചത് വൈകിപ്പോയി എന്നൊരു പരാതിയുണ്ട്. തുടര്‍ന്ന് പ്രൈമറികള്‍ നടക്കുന്ന നെവാഡയിലും സൗത്ത് കാരലിനയിലും ന്യൂനപക്ഷങ്ങള്‍ ധാരാളമുണ്ട്. ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ഹാരിസിന് കഴിയണം. രണ്ട് മണിക്കൂര്‍ വീതമാണ് ഓരോ ഡിബേറ്റും. അനുബന്ധപ്രക്രിയകള്‍ കഴിയുമ്പോള്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ഒന്‍പതോ പത്തോ മിനിട്ട് ലഭിച്ചു എന്നു വരാം. ജ്വലിച്ച് നില്‍ക്കുന്ന ടിവി ക്യാമറകള്‍ക്ക് മുന്നില്‍ എത്രത്തോളം ഓരോ സ്ഥാനാര്‍ത്ഥിക്കും തിളങ്ങാന്‍ കഴിഞ്ഞു എന്ന് ഉടനെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടാവും. അഭിപ്രായ സര്‍വേഫലങ്ങള്‍ പിന്നാലെ എത്തും. രണ്ടാമത്തെ ഡിബേറ്റുകള്‍ അടുത്ത മാസം നടത്തുന്നതിന് കുറെയധികം വിലയിരുത്തലുകള്‍ പ്രതീക്ഷിക്കാം.
 
ഡെമോക്രാറ്റിക് പാര്‍്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിക്കുന്നവര്‍ 25 ആണെന്ന് സ്മാരകങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനം പറയുന്നു. അവര്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെയും പേരില്‍ പതക്കം പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരു പതക്കത്തിന് പത്തൊമ്പത് ഡോളര്‍ തൊണ്ണൂറ്റി അഞ്ച് സെന്റാണഅ വില. തപാല്‍ ചെലവ് പുറമെ. ഒരു സെറ്റായി ഒന്നിച്ചെടുത്താല്‍ വില. തപാല്‍ ചെലവ് പുറമെ. ഒരു സെറ്റായി ഒന്നിച്ചെടുത്താല്‍ വിലയില്‍ കിഴിവും വാഗ്ദാനം ചെയ്യുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.