ശ്രീകുമാര്‍ പി
731
Shares
Share Tweet Pin
ഡാളസ് : ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ ചടങ്ങുകള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. ഡാളസ് നഗരത്തിനോട് ചേര്‍ന്നുള്ള ഗ്രാന്‍ഡ് പ്രയറി എന്ന സ്ഥലത്ത് വാങ്ങിയ മൂന്നര ഏക്കര്‍ ആശ്രമ ഭൂമിയിലാണ് ആശ്രമ സമുച്ഛയം.
ശിവഗിരി മഠത്തിന് ഭാരതത്തിനു പുറത്തുള്ള ആദ്യത്തെ ആശ്രമം അമേരിക്കയില്‍ സ്ഥാപിക്കുമ്പോള്‍ അതൊരു ചരിത്രമായി മാറുകയാണെന്ന് ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി പറഞ്ഞു.ഒപ്പം ഒരു നിയോഗവും. അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഇല്ലാത്ത അനന്തവിശാലമായ ലോക മാനവികതയുടെ വാതായനങ്ങള്‍ തുറന്നിട്ട ആ മഹത്തായ ദര്‍ശനത്തെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. മഹത്തായ ആ ദൗത്യം ശിവഗിരി മഠം ഏറ്റെടുക്കുകയാണ്. അമേരിക്കയിലെ ഭൗതിക സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുഗുണമായി നിന്നുകൊണ്ട് എല്ലാവിധ സങ്കുചിത ചിന്തകള്‍ക്കുമപ്പുറം ലോക നന്മയ്ക്കായി ഗുരുദേവ ദര്‍ശനത്തിന്റെ മാസ്മരികത പ്രസരിപ്പിക്കുക എന്നതാണ് പ്രധാന ദൗത്യം. ആശ്രമത്തോടനുബന്ധിച്ചു വിശാലമായ ലൈബ്രറി, പബ്ലിക്കേഷന്‍ ഡിവിഷന്‍ , തുടര്‍ പഠനങ്ങള്‍ക്കുള്ള സ്ഥിരം സംവിധാനം , ഗവേഷണം , യോഗ, മെഡിറ്റേഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തന സജ്ജമാകും ഒപ്പം ഗുരു വിഭാവനം ചെയ്തത് പോലെ മണ്ണിനെയും, മനുഷ്യനെയും പ്രകൃതിയെയും ഒരേ പോലെ സ്‌നേഹിച്ചു പരിപാലിക്കുവാന്‍ ഉതകും വിധമുള്ള സാമൂഹിക സേവന പദ്ധതികളിലൂടെ അമേരിക്കന്‍ പൊതുമനസ്സിനെ ആകര്‍ഷിക്കുവാനും ഏവരെയും ഒപ്പം ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഗുരുവിലേക്ക് എത്തിക്കുക എന്ന അതി വിശിഷ്ടമായ ഒരു ചുമതലയാണ് മഠം ഏറ്റെടുത്തിരിക്കുന്നത്. ഗുരുപ്രസാദ് സ്വാമി പറഞ്ഞു
ഓഗസ്റ്റ് 17 ന് നടക്കുന്ന ശിലാന്യാസ ചടങ്ങുകളോടനുബന്ധമായി രാവിലെ ആശ്രമ ഭൂമിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത വേദിയില്‍ ശാന്തി ഹവനം, മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും ശേഷം നടക്കുന്ന ശിലാന്യാസ ചടങ്ങുകള്‍ക്ക് ഗുരുപ്രസാദ് സ്വാമി , സ്‌കൂള്‍ ഓഫ് വേദാന്ത മുഖ്യാചാര്യന്‍ മുക്താനന്ദ യതി സ്വാമി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആശ്രമ നിര്‍മ്മാണത്തിന് ശുഭാരംഭം കുറിച്ചുകൊണ്ടുള്ള ആചാരപരമായ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാന്യാസ കര്‍മ്മങ്ങളും പ്രൗഢഗംഭീരമാക്കുവാന്‍ ഡാളസ് കേന്ദ്രമായി 101 പേര്‍ അടങ്ങുന്ന സ്വാഗത സംഘവും വിവിധ സബ് കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.
Comments