ന്യുയോര്‍ക്ക്: രാജ്യസഭാ മുന്‍ ഡപ്യൂട്ടി ചെയര്‍ പ്രൊഫ. പി.ജെ. കുര്യന്റെ സാന്നിധ്യത്തില്‍ നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ഉദ്ഘാടനവും കേരളത്തിലെ വിജയത്തിലുള്ള ആഘോഷവും പാര്‍ട്ടിയുടെദേശീയ തല പരാജയത്തെപറ്റിയുള്ള വിലയിരുത്തലുമായി.
ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട് നേത്രുത്വം കൊടുത്ത സമ്മേളനത്തില്‍ ഐ.ഒ.സി നാഷനല്‍ വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ്, വിവിധ സ്‌റ്റേറ്റ് ചാപ്റ്റര്‍ നേതാക്കള്‍ എന്നിവരും പങ്കെടുത്തതോടെ അതൊരു ദേശീയ സംഗമമായി.
പഴയ നേതാക്കളും പഴയ രീതിയിലുള്ള പ്രവര്‍ത്തനവും നടത്തിയാല്‍ പഴയ ഫലം തന്നെയാണു ഉണ്ടാകുക എന്നവിമര്‍ശനം പ്രൊഫ. കുര്യന്‍ ശരിവച്ചു. അതു പോലെ എം.പി.മാര്‍ പാര്‍ലമെന്റില്‍ എന്തു ചെയ്തു എന്നു ചോദിക്കുവാനുള്ള ആര്‍ജവം അണികള്‍ക്കുണ്ടാവണമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാമിന്റെ പരാമര്‍ശവും അദ്ദേഹം അംഗീകരിച്ചു. തികച്ചും പ്രസക്തമാണ് ഇക്കാര്യങ്ങള്‍.
ഇന്ത്യ നില കൊണ്ട മതേതരത്വം തുടങ്ങിയ ആശയങ്ങള്‍ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുവെന്നു പ്രൊഫ. കുര്യന്‍ ചൂണ്ടിക്കാട്ടി. മതാധിഷ്ടിതമായ രാജ്യമാണു അവരുടെ തുടക്കം മുതലേയുള്ള ലക്ഷ്യം. അതില്‍ ഒളിച്ചു കളി ഒന്നുമില്ല.രാജ്യ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നതോടേ അവര്‍ അത് സാധിതമാക്കും. ജനാധിപത്യം അവര്‍ നിലനിര്‍ത്തും എന്ന് നമുക്കു പ്രതീക്ഷിക്കാനാവില്ല.
മതേതരത്വവും ഇന്ത്യയുടെ ആത്മാവും കാക്കുക എന്നതാണു നമ്മുടെ കടമ.ഇന്ത്യ മതാധിഷ്ടിത രാജ്യമായാല്‍ നിങ്ങള്‍ക്കെന്താണു കുഴപ്പം എന്ന് അവര്‍ ചോദിക്കറുണ്ട്. പാക്കിസ്ഥാന്‍ മതാധിഷ്ടിത രാജ്യമല്ലേ, അവിടെ ക്രിസ്ത്യാനിയും ഹിന്ദുവും ജീവിക്കുന്നില്ലേ എന്നവര്‍ ചോദിക്കുന്നു.
ഉണ്ട്. പക്ഷെ ഇന്ത്യ എന്ന ആശയം അതല്ല. നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ സ്വപ്നം കണ്ടതും അതല്ല.
മതനിരപേക്ഷത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യവസ്ഥിതി ഇതൊക്കെ സംരക്ഷിക്കുകയാണു നമ്മുടെ ലക്ഷ്യം. കോണ്‍ഗ്രസ് വിജയിച്ചോ ഇല്ലയോ എന്നത് വലിയപ്രശ്‌നമല്ല, മറിച്ച് ഈ ആദര്‍ശങ്ങളിലൂനിയ ഇന്ത്യ നിലനില്‍ക്കുന്നോ എന്നതാണ് പ്രശ്‌നം.
ഫാസിസമെന്നും മറ്റും പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍ക്ക് അത്ര താല്പര്യമൊന്നും കാണണമെന്നില്ല. മഹാഭൂരിപക്ഷം ജനവും അങ്ങനെ തന്നെയാണ്. അതിനാല്‍ കോണ്‍ഗ്രസുകാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടണം.
രാഹുല്‍ ഇന്ത്യയൊട്ടാകെ പോയി മോഡിക്കെതിരെ ശക്തമായ നിലപാട് എടുത്തു. ഡല്‍ ഹിയില്‍ പണിയൊന്നുമില്ലാതിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും ഈ മാത്രുക പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇലക്ഷന്‍ ഫലം മറിച്ചാകുമായിരുന്നു.
കോണ്‍ഗ്രസ് പഴയ രീതിയില്‍ തന്നെ പോയാല്‍ വിജയിക്കില്ല. കാലാനുസ്രുതമായ മാറ്റം ഉള്‍ക്കൊള്ളണം.
ഓവര്‍സീസ്ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി വളരെ സമര്‍ഥമായാണു സോഷ്യല്‍ മീഡിയയെ ബി.ജെ.പിക്ക് അനുകൂലമായി ഉപയോഗിച്ചത്. ഓവര്‍സീസ് കോണ്‍ഗ്രസ് അംഗങ്ങല്‍ക്കും അതു ചെയ്യാവുന്നതേയുള്ളു.അദ്ധേഹം പറഞ്ഞു.
ഇന്ത്യയെ തിരിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം സജീവമാകേണ്ടതുണ്ടെന്നു ലീലാ മാരേട്ട് പറഞ്ഞു. പരാജയങ്ങള്‍ കോണ്‍ഗ്രസിനു പുത്തരിയല്ല. നാം വീണ്ടും വിയജയത്തിലെത്തുക തന്നെ ചെയ്യും.
പാര്‍ട്ടി തന്നിലര്‍പ്പിച്ച വിശ്വാസത്തിനു അവര്‍ നന്ദി പറഞ്ഞു. കോണ്‍ഗ്രസ് സംസ്കാരം ഉള്‍ക്കൊണ്ടാണു താന്‍ വളര്‍ന്നു വന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിച്ചാണു താനും പാര്‍ട്ടിയില്‍ സജീവമായത്. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌കേരള ചാപ്റ്റര്‍ ശക്തിപെടുത്താന്‍ താന്‍ പ്രതിഞ്ജബദ്ധയാണ് അവര്‍ പറഞ്ഞു.
ഡപ്യുട്ടി ചെയര്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് അഭിമാനകരമായ പ്രവര്‍ത്തനമാണു കുര്യന്‍ സാര്‍ നടത്തിയതെന്നു ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഉള്‍ക്കാമ്പുള്ള രാഷ്ട്രീയക്കാരനാണ് അദ്ധേഹം. ജനവുമായി നല്ല ബന്ധമുള്ള വ്യക്തി. ആര് ഒരു കത്തെഴുതിയാലും അതിനു മറുപടി കിട്ടും.
എന്നിട്ടും അദ്ധേഹത്തെ വലിച്ചു താഴെയിടാനാണു കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചത്. മലയാളിയുടെ ഞണ്ട് മനസ്ഥിതിയില്‍ അദ്ധേഹം വീണു. കേരളത്തില്‍ നിന്നു ഡല്‍ ഹിയിലുള്ള ഏറ്റവും ഉന്നത നേതാവായിട്ടും അദ്ധേഹത്തെ നാണമില്ലാതെ അവര്‍ വലിച്ചു താഴെയിട്ടു.
ഇന്ത്യ ഇപ്പോള്‍ പ്രതിസന്ധിയുടെ നാല്ക്കവലയിലാണ്. ഫാസിസ്റ്റ് ശക്തികള്‍ പിടി മുറുക്കുന്നു. ജനാധിപത്യം നിലനില്ക്കണമെങ്കില്‍ പ്രവാസികളും മുന്നിട്ടിറങ്ങണം. ഇന്ത്യയുടെ യഥാര്‍ഥ സ്ഥിതി പറഞ്ഞു ഇവിടത്തെ രാഷ്ട്രീയക്കാരെ നാം പ്രബുദ്ധരാക്കണംഅദ്ധേഹം പറഞ്ഞു.
ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് സജി കരിമ്പന്നൂര്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി യു.എ. നസീര്‍ സ്വാഗതമാശംസിച്ചു .
ലീല നേത്രുത്വമേറ്റതോടെ കൂടുതല്‍ വനിതകള്‍ സമ്മേളനത്തിത്തിയതില്‍ സന്തോഷമുണ്ടെന്നു മൊഹിന്ദര്‍ സിംഗ് പറഞ്ഞു. ലീലയെപ്പോലുള്ള നേതാക്കളെയാണു നമുക്കു വേണ്ടത്. രണ്ട് മാസം കൊണ്ട് 100 പുതിയ അംഗങ്ങളെ അവര്‍ പാര്‍ട്ടിയില്‍ ചേര്‍ത്തൂ.
ഇലക്ഷനില്‍ എന്തു സംഭവിച്ചു എനു നമുക്ക് അറിയില്ല. ബി.ജെ.പി തരംഗം എവിടെയും ഇല്ലായിരുന്നു.എന്നിട്ടും അവര്‍ വന്വിജയം നേടി.
ബി.ജെ.പിയുടെ വരവ് തടഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗിനെ പോലുള്ള നേതാക്കള്‍ എല്ലാ സ്‌റ്റേറ്റിലും ഉണ്ടാകണം. ഗ്രൂപ്പ് വഴക്ക് തുടര്‍ന്ന ഡല്‍ ഹി, ഹരിയാന എന്നിവിടങ്ങളില്‍ നല്ല സാന്നിധ്യമുണ്ടായിട്ടും കോണ്‍ഗ്രസിനു പൂജ്യമാണു കിട്ടിയത്. നേതാക്കള്‍ പാര്‍ട്ടിയില്‍ ജോലി ചെയ്യുന്നില്ല. അതിനാല്‍ നാം രംഗത്തിറങ്ങണം.
പുതിയ ആളുകള്‍ പഴയ താപ്പാനകളെ തോല്പ്പിക്കുന്നത് നാം ഇവിടെ കാണുന്നു. കോണ്‍ഗ്രസംഗം ജോ ക്രൗലിയെ തോല്പിച്ചത് ഒക്കാസിയ കോര്‍ട്ടസ് എന്ന യുവതിയാണു. ക്വീന്‍സില്‍ മെലിന്ദ കാറ്റ്‌സിനെക്കാള്‍ വോട്ട് നേടിയതും മറ്റൊരു യുവതി.
പഴയ ആളുകള്‍, പഴയ രീതി അങ്ങനെയൊക്കെ ആകുമ്പോള്‍ ഫലവും പഴയതു തന്നെ ആകുന്നതില്‍ അത്ഭുതപ്പെടണ്ട.
ടി.എസ്. ചാക്കോ, പോള്‍ കറുകപ്പള്ളില്‍, ജനറല്‍ സെക്രട്ടറി ഹര്‍ബചന്‍ സിംഗ് എന്നിവരും പ്രസംഗിച്ചു. യുവാവായ രാഹുല്‍ ഭാവിയുടെ വാഗ്ദാനമാണെനു തെലങ്കാന ചാപ്റ്റര്‍ നേതാവ് രാജേശ്വര്‍ ചൂണ്ടിക്കാട്ടി. മോഡി ആകട്ടെ വയസനാണ്.
Comments