ഡാളസ്: കലാ സാംസ്‌കാരിക രംഗത്തു വളരെ അനുഗ്രഹീതമായ പങ്കു വഹിച്ച്, മലയാളി മനസുകളില്‍ ഒരു മാലാഖയെ പോലെശോഭിച്ച ജെസ്ലിന്‍ ജോര്‍ജ് (27) ഇനി ഓര്‍മകളില്‍ മാത്രം. ജൂലൈ 3 ബുധനാഴ്ച സുഹുത്തുക്കളോടൊപ്പം ഓക്ലഹോമയിലേക്കു വിനോദ യാത്ര നടത്തവേ, ലോകത്തില്‍ ആര്‍ക്കും ഒഴിച്ച് മാറ്റാനാവാത്ത മരണം എന്ന യാഥാര്‍ഥ്യം ജെസ്ലിനെയും അപഹരിച്ചു.
അപ്രതീക്ഷിത മരണവാര്‍ത്ത കേട്ട് തരിച്ചു നില്‍ക്കുകയാണ് നാട്ടുകാരും വീട്ടുകാരും. കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാണ് നാലുപേരുള്ള സംഘം ഡാലസില്‍ നിന്നും ടര്‍ണര്‍ ഫോള്‍സിലെത്തിയത്. കൂട്ടുകാരുമൊത്ത് നീന്താന്‍ ഇറങ്ങുകയും നല്ല അടിയൊഴുക്കുള്ള ഭാഗത്തു നാലുപേരുംമുങ്ങി താണു. സമീപത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെയും കരയ്ക്ക് കയറ്റിയത്. പ്രധാന പൂള്‍ അടച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ ജെസ്ലിന്റെ മൃതദേഹം കണ്ടെടുത്തത്.
പത്തനംതിട്ടയില്‍ നിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജെസ്ലിന്റെ കുടുംബം ഡാളസ് ഗാര്‍ലണ്ടിലാണ്. നേഴ്സ് ആയി ജോലി ചെയ്തു വരികെ 8 മാസങ്ങള്‍ക്കു മുമ്പാണ് ജോസ്ലിന്‍ വിവാഹിതയായത്.
തിരക്കേറിയ ജോലിത്തിരക്കിനിടയിലും സംഗീത കലാ പരിപാടികളില്‍ മികച്ചപങ്കു വഹിച്ചിരുന്നു. നല്ലൊരു നര്‍ത്തകി, ഗായിക എന്ന നിലകളില്‍ ഡാളസിലെ പ്രവാസി സംഘടനകളായ കേരള അസോസിയേഷന്‍, ഡാളസ് സൗഹൃദ വേദി, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച സ്റ്റേജ് പരിപാടികളില്‍ പങ്കെടുത്തിരുന്നു.
മൈലപ്ര ചീങ്കല്‍ത്തടം ചേറാടി ഇളംപുരയിടത്തില്‍ ജോസ്ലീലാമ്മ ദമ്പതികളുടെ മകളാണ് ജസ്ലിന്‍. ചീങ്കല്‍തടം സെന്റ് ജോസഫസ് പള്ളി ഇടവകാംഗമാണ്.
ഭര്‍ത്താവ് ജോര്‍ജ് ഫിലിപ്പ് (ന്യൂസിലാന്റ്) അമേരിക്കയിലേക്ക് വരുവാനുള്ള ക്രമീകരണങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് പെട്ടെന്നുണ്ടായ ജെസ്ലിന്റെ വേര്‍പാട്.
മൃതദേഹം ഒക്ലോഹോമയില്‍നിന്നും ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയിട്ടില്ല. വെള്ളിയാഴ്ച മാത്രമേ പൊതു ദര്‍ശനം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളുടെ തീയതികള്‍തീരുമാനിക്കയുള്ളൂവെന്നു ബന്ധുക്കള്‍ അറിയിച്ചു.
Comments