You are Here : Home / USA News

ഡാളസ്സിലെ അന്താക്ഷരിയും കാവ്യമേളയും അവിസ്മരണീയമായി

Text Size  

Story Dated: Saturday, July 06, 2019 02:48 hrs UTC

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്താക്ഷരിയും കാവ്യമേളയും സംഗീതാസ്വാദകരുടെ മനസ്സില്‍ അവിസ്മരണീയ അനുഭൂതി ഉളവാക്കി.
പ്രതികൂല കാലാവസ്ഥ പോലും അവഗണിച്ചു ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ നിന്നും നിരവധി സംഗീതാസ്വാദകരാണ് ഉച്ചകഴിഞ്ഞു മൂന്നരയോടെ അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലെത്തിയത്.
 
കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റും, ഡാളസ്സിലെ അറിയപ്പെടുന്ന എഴുത്തുകാരനും, കവിയുമായ ജോസ് ഓച്ചാലിന്റെ അദ്ധ്യക്ഷതയിലാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ, കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍' എന്ന ഗാനത്തിന്റെ ഈരടികള്‍ ആലപിച്ച് ആരംഭിച്ച കാവ്യമേളയും, അന്താക്ഷരിയും പിന്നീട് സദസ്സ് ഏറ്റെടുക്കുകയായിരുന്നു. ഭൂതകാല സ്മരണകളിലേക്ക് ഊളയിട്ടിറങ്ങി തപ്പിയെടുത്ത പാടിപതിഞ്ഞ  ശ്രുതിമധുരവും അര്‍ത്ഥസംഭുഷ്ടവുമായ ഗാനങ്ങളുടെ തിര തള്ളലായിരുന്നു പിന്നീടുള്ള മൂന്നു മണിക്കൂര്‍.
 
നിമിഷങ്ങള്‍ ഒന്നു പോലും നഷ്ടപ്പെടുത്താതെ ഒന്നിനുപുറകെ ഒന്നായി കവിതകളെ സംയോജിപ്പിച്ചുകൊണ്ട് നടത്തിയ അന്താക്ഷരി പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. വയലാറിന്റെ കവിതകളില്‍ തുടങ്ങി കുഞ്ഞുണ്ണി മാഷിന്റെ കവിതാ ശകലങ്ങളില്‍ അവസാനിപ്പിച്ച കാവ്യമേള കേരളത്തിലെ പ്രശസ്തരായ കവികളുടെ കവിതാ സംഗമ വേദിയായി മാറി. സി.വി.ജോര്‍ജ്, സകു, അനുപമ, ബേബി കൊടുവത്ത്, റോസമ്മ ജോര്‍ജ്, അമേരിക്കന്‍ മലയാളി സാഹിത്യ തറവാട്ടിലെ കാരണവരായ എം.എസ്.ടി. നമ്പൂതിരി തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ സദസ്യര്‍ ശരിക്കും ആസ്വദിച്ചു. ഇത്രയും ഭംഗിയായും, അടുക്കും ചിട്ടയോടുകൂടി പരിപാടി സംഘടിപ്പിച്ചതിന്റെ ക്രെഡിറ്റ് മുഴുവനും നവഗായകനും, നടനുമായ അനശ്വര്‍ മാമ്പിള്ളിക്കും, ജോസ് ഓച്ചാലിനും മാത്രമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.