ന്യൂയോര്‍ക്ക് : മാര്‍ത്തോമാ സഭയില്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനത്തേക്ക് നാലു വൈദീകരെ തിരഞ്ഞെടുക്കണമെന്ന് 2016 ഫെബ്രുവരി 12, 13 തിയ്യതികളില്‍ തിരുവല്ല ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ കൂടിയ മണ്ഡലയോഗം തീരുമാനിച്ചതിനെ തുടര്‍ന്ന് എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ചേര്‍ന്ന ചര്‍ച്ചകള്‍ക്കു ശേഷം സഭാ കൗണ്‍സിലിന് റിപ്പോര്‍ട്ട് ചെയ്തവരുടെ പട്ടികയില്‍ ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക വികാരി റവ.സാജു.സി. പാപ്പച്ചന്‍ കശ്ശീയും ഉള്‍പ്പെടുന്നു. അച്ചനെ കൂടാതെ റവ.ഡോ.പി.ജി.ജോര്‍ജ്, റവ.ഡോ.ജോസഫ് ഡാനിയേല്‍, റവ.ഡോ. മോത്തിവര്‍ക്കി എന്നിവരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 2019 ജൂണ്‍ മാസം 27ന് ചേര്‍ന്ന സഭാ കൗണ്‍സില്‍ തീരുമാനപ്രകാരം എപ്പിസ്‌ക്കോപ്പല്‍ തിരഞ്ഞെടുപ്പു സെപ്റ്റംബര്‍ 12ന് നടക്കുമെന്ന് സഭാ സെക്രട്ടറി ജൂലായ് 3ന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
തിരുവല്ല ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി മണ്ഡല യോഗത്തില്‍ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ ഇതര ഭദ്രാസനങ്ങളില്‍ നിന്നുള്ള മണ്ഡലാംഗങ്ങളും പങ്കെടുക്കും. ഭരണഘടന അനുശാസിക്കുന്ന നിശ്ചിത ശതമാനം വോട്ടുകള്‍ 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ സ്‌പെറ്റംബര്‍ 13 രാവിലെ 9 മണിക്ക് വീണ്ടും വോട്ടെടുപ്പ് നടക്കുമെന്നും സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു. എപ്പിസ്‌ക്കോപ്പല്‍ തിരഞ്ഞെടുപ്പു സഭയുടെ അതിഗൗരവമായ ചുമതലയും, ഭയഭക്തിപൂര്‍വ്വം ചെയ്യേണ്ട കൃത്യവുമാകയാല്‍ എല്ലാ മണ്ഡലാംഗങ്ങളും തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഭാഗഭാക്കാകണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments