ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈവര്‍ഷത്തെ മാര്‍ത്തോമാ ശ്ശീഹായുടെ പെരുന്നാള്‍ ജൂലൈ 6,7 തീയതികളില്‍ ഭംഗിയായി കൊണ്ടാടി. പെരുന്നാളിന്റെ തുടക്കംകുറിച്ചുകൊണ്ട് ജൂണ്‍ 30-നു ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തി.
ജൂലൈ ആറാം തീയതി വൈകിട്ട് ഇടവകയില്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ സമുചിതമായ സ്വീകരണം നല്‍കി. സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുശേഷം അഭി. തിരുമേനി ആത്മീയ പ്രഭാഷണം നടത്തി. ഈ കാലഘട്ടത്തില്‍ നാം ഓരോരുത്തരും നമ്മെ തന്നെ തിരിച്ചറിയണമെന്നും മാര്‍ത്തോമാ ശ്ശീഹായെപ്പോലെ ഉറച്ച വിശ്വാസമുള്ളവരായിത്തീരണമെന്നും ആഹ്വാനം ചെയ്തു.
ജൂലൈ ഏഴാം തീയതി ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരവും തുടര്‍ന്നു തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. വി. കുര്‍ബാനയ്ക്കു മധ്യേയുള്ള പ്രസംഗത്തില്‍ നാം മാര്‍ത്തോമാശ്ശീഹായുടെ പിന്‍ഗാമികളാണെന്നും അതില്‍ അഭിമാനംകൊള്ളണമെന്നും പ്രഖ്യാപിച്ചു. തുടര്‍ന്നു ബ്ലോക്ക് ചുറ്റി വര്‍ണ്ണശബളമായ റാസയും ചെണ്ടമേളവും നടന്നു. വിശ്വാസികള്‍ ഭക്തിപൂര്‍വ്വം റാസയില്‍ സംബന്ധിച്ചു.
ഈവര്‍ഷത്തെ പെരുന്നാളിനു ഇടവക വികാരി ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറി ജോണ്‍ ഐസക്ക്, ട്രഷറര്‍ കുര്യാക്കോസ് വര്‍ഗീസ്, പെരുന്നാള്‍ കണ്‍വീനര്‍ ചാക്കോ പി. ജോര്‍ജ്, പള്ളി കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇടവക നല്‍കിയ സ്‌നേഹവിരുന്നോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.
മാത്യു ജോര്‍ജ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.
Comments