സ്ഥാനാർഥികളുടെ പ്രചരണ ഫണ്ടിലേയ്ക്ക് സംഭാവന നൽകാൻ തയാറാവുന്ന വൻ ദാതാക്കൾ രാഷ്ട്രീയം നോക്കാറില്ല. സൗൾ അമുസിസ് ടീ പാർട്ടി നേതാവാണ്. സെനറ്റർ ടെഡ് ക്രൂസിന്റെ ഉപദേശകനായിരുന്നു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വോട്ടു ചെയ്യുമെന്ന് പറയുന്ന അമുസിസ് ലവ് ഗുരു എന്നറിയപ്പെടുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി മരിയാൻ വില്യംസണിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന നൽകി. അമുസിസിനെ പോലെ മറ്റ് പല ജിഒപി ദാതാക്കളും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികൾക്ക് സംഭാവന നൽകുന്നു. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഒരൽപം വിനോദത്തിന് വേണ്ടിയാണ് തങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് റിപ്പബ്ലിക്കൻ വിശ്വാസികളായ ഇവർ പറയുന്നു.
വില്യംസൺ വ്യത്യസ്തയാണ്. 13 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഒരെണ്ണം ഇന്ത്യൻ വംശജനായ ദീപക് ചോപ്രയ്ക്കൊപ്പമാണ് രചിച്ചത്. ദ സ്പിരിറ്റ് ഓഫ് സക്സസ്. കോൺഷിയസ് നെസ് ആന്റ് ദ എക്കോണമി. മൂന്ന് പുസ്തകങ്ങൾ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഉണ്ടായിരുന്നു. ആത്മീയ, ലവ് ഗുരു ആയി അറിയപ്പെടുന്ന വില്യംസൺ വീണ്ടും വാർത്തയിൽ നിറഞ്ഞത് തന്റെ സ്വന്തം പടം ഒരു മാസികയുടെ ഫീച്ചറിൽ കൂട്ടി ചേർത്താണ്. വോഗിന്റെ ലേഖനത്തിൽ സ്ത്രീ ഡെമോക്രാറ്റിക് സ്ഥാനാർഥികളായ സെനറ്റർമാർ ഏയ്മി ക്ലോബുച്ചാർ, കമലാ ഹാരിസ്, കിഴ്സറ്റൺ ഗില്ലി ബ്രാൻഡ്, എലിസബെത്ത് വാറൻ, ജനപ്രതിനിധി തുൾസി ഗബാർഡ് എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ വില്യംസൺ ഒഴിവാക്കപ്പെട്ടിരുന്നു. വില്യംസൺ തന്റെ ഫോട്ടോ ഒരു ഫ്രെയിമിലാക്കി ഇവർക്കൊപ്പം ഉൾപ്പെടുത്തി സാമൂഹ്യ മാധ്യമത്തിൽ പരസ്യപ്പെടുത്തി.
2020 ഡെമോക്രാറ്റിക് സ്ഥാനാർഥികളെല്ലാം വിശ്വാസികളായി തങ്ങളുടെ വിശേഷിപ്പിക്കുന്നു. കോറി ബുക്കർ, എലിസബെത്ത് വാറൻ, ജൂലിയൻ കാസ്ട്രോ എന്നിവർ വിശ്വാസത്തെക്കുറിച്ച് സുദീർഘ പ്രഭാഷണങ്ങൾ തന്നെ നടത്തുന്നു.
ഇവർക്കിടയിൽ ആത്മീയത പ്രചരിപ്പിച്ച് ധനികയായി മാറുന്ന ഒരു സ്ഥാനാർഥിയും ഉണ്ട്– വില്യംസൺ. ഗ്രന്ഥ കർത്രിയും വ്യവസായ സംരംഭകയും പ്രഭാഷകയും ടെലിവിഷൻ താരവുമെല്ലാമാണ് ഇവർ. ജൂലൈ 8 ന് 67 വയസായ ഇവർ സജീവ സാമൂഹ്യ പ്രവർത്തകയായും അറിയപ്പെടുന്നു. പ്രോജക്ട് ഏഞ്ചൽ ഫുഡ് എന്ന പ്രസ്ഥാനം സ്ഥാപിച്ച് നിർധനരായവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നു. പീസ് അലയൻസ് എന്ന മറ്റൊരു പ്രസ്ഥാനത്തിന്റെ സഹ സ്ഥാപകയുമാണ് ഇവർ.
1979 ൽ ടെക്സസിലെ ഹൂസ്റ്റണിലേയ്ക്ക് മടങ്ങിയെത്തിയ ഇവർ അവിടെ ഒരു മെറ്റാഫിസിക്കൽ ബുക്ക് സ്റ്റോറും കോഫിഷോപ്പും ആരംഭിച്ചു. ഹോളിവുഡ് താരം കിം കാർഡേഷ്യൻ മുതൽ ഓപ്പറ വിൻഫ്രി വരെ ഉൾപ്പെടുന്ന ഒരു സമൂഹത്തിലെ അംഗമാണ് ഇവർ.
1992 ൽ ഇവർ പ്രസിദ്ധീകരിച്ച എ റിട്ടേൺ ടു ലവ് എന്ന പുസ്തകത്തിൽ ആത്മീയ രൂപാന്തരത്തെകുറിച്ചും ഏറ്റവും വലിയ മാന്ത്രികത ജീവിതത്തിൽ സ്നേഹത്തിന്റെ സാന്നിധ്യമാണെന്നും പറഞ്ഞു. 2011 മുതൽ ഓപ്പറയുടെ ടെലിവിഷൻ ഷോ സൂപ്പർ സോൾ സൺഡേയിൽ പ്രഭാഷണം നടത്തുന്നു. അവരുടെ സ്നേഹത്തിൽ കേന്ദ്രീകൃതമായ ആത്മീയത മതത്തോട് ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം അവർ ജൂയിഷ് ടെലിഗ്രാഫിക് ഏജൻസിയോട് പറഞ്ഞു കുട്ടിയായിരിക്കുമ്പോൾ അവർ ഒരു ഹീബ്രൂ സ്കൂളിൽ പഠനം നടത്തിയെന്ന്. ഇപ്പോഴും ജൂയിഷ് വിശേഷ ദിവസങ്ങളിൽ അവർ സിനഗോഗുകളിൽ പോകാറുണ്ട്. വ്യത്യസ്തമായ വിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കിൽ ഒരു റാബ്ബി ആകുമായിരുന്നു എന്നും പറഞ്ഞു. 2014 ൽ കാലിഫോർണിയ സംസ്ഥാന കോൺഗ്രസിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1997 മുതൽ പൊതുവേദികളിൽ രാഷ്ട്രീയത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത്.
വളരെ തിങ്ങി നിറഞ്ഞ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളുടെ മത്സര രംഗമാണ് ഉള്ളത്. വില്യംസണിന്റെ സാധ്യതകൾ രാഷ്ട്രീയ പണ്ഡിതർ വളരെ കുറച്ച് മാത്രമേ പ്രവചിക്കുന്നുള്ളൂ. എന്നാൽ അവരുടെ ശബ്ദം വ്യത്യസ്തമാണ്. സ്പഷ്ടമാണ്. പ്രത്യേകിച്ച് മതം, രാഷ്ട്രീയം, മത്സരം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ.
Comments