ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്‍റെ 2019 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 33-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി കുടുംബ മേളയുടെ വിവിധ ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ കുടുംബമേള ' വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകള്‍ സുന്ദരമായ കിടപ്പുമുറികളും ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡിഎഫ്‌ഡബ്ല്യു ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്.
ജൂലൈ 25-ന് വൈകിട്ട് 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി കൊടി ഉയര്‍ത്തുന്നതോടുകൂടി മുപ്പത്തിമൂന്നാമതു കുടുംബമേളക്കുള്ള തുടക്കം കുറിക്കും. 'സമൃദ്ധമായ ജീവന്‍റെ ആഘോഷം ഓര്‍ത്തഡോക്സ് കാഴ്ചപ്പാടില്‍' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷകന്‍ ആയിരിക്കും.
അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോക്ടര്‍ ഫിലിപ്പ് മാമലാകിസ് കുടുംബം, വിവാഹം, സ്നേഹം, സാങ്കേതിക വിദ്യയുടെ പൊതു കാലഘട്ടത്തില്‍ എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നീ വിഷയങ്ങളെ അധികരിച്ച് 2 ശില്പശാലകള്‍ നയിക്കും.
റവ. ഫാദര്‍ സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആയി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുള്ള മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക യോഗങ്ങള്‍, വിശ്വാസ പ്രഖ്യാപനം, സംഗീതവിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടികള്‍, വിബിഎസ്സിന്‍റെ ഭാഗമായി ലോഗോലാന്‍ഡിലേക്കുള്ള പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങള്‍, സ്റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. യാമ പ്രാര്‍ത്ഥനകളും വേദപുസ്തക ഗാനങ്ങളുമായി ആത്മീയ നിറവോടെ ജൂലൈ 28 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമ്മേളനം അവസാനിക്കുന്നതാണ്.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഡാളസ് ഡിഎഫ് ഡബ്ല്യു എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന മുഴുവന്‍ ആളുകളെയും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തിക്കുന്നതിനായി വിപുലമായ വാഹന സൗകര്യം ക്രമീകരിച്ചതായി കണ്‍വീനര്‍മാരായ ജോയ് ഇട്ടന്‍, ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 25-ാം തീയതി രാവിലെ 7.30 മുതല്‍ എല്ലാ ഒരു മണിക്കൂര്‍ ഇടവിട്ട് വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അണ്‍വെന്‍ഷന്‍റെ സമാപന ദിവസം ഉച്ചയ്ക്ക് 12:15 മുതല്‍ തിരിച്ചും എയര്‍പോര്‍ട്ടിലേക്കു ആവശ്യാനുസരണം വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി (കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് ഇട്ടന്‍ 914 564 1702, ജയിംസ് ജോര്‍ജ് 973 985 8432).
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെയും അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താമാരുടെയും മഹനീയ കാര്‍മികത്വത്തില്‍ കുടുംബമേളയുടെ സമാപനദിവസം 28-ാം തീയതി ശനിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും 8 മണിക്ക് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കുന്നതാണ് . രാവിലെ 7 മണിമുതല്‍ വിശുദ്ധ കുമ്പസാരത്തിനുള്ള ക്രമീകരണങ്ങളും ചെയ്തതായി കണ്‍വീനര്‍മാരായ റവ.ഫാ. എബി മാത്യു (കാനഡ), റവ .ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത് എന്നിവര്‍ അറിയിച്ചു (കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. എബി മാത്യു 647 854 2239, ഫാ. മത്തായി വര്‍ക്കി 678 628 5901).
അമേരിക്കയിലെയും കാനഡയിലെയുമുള്ള എല്ലാ ദേവാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ട ഭദ്രാസന പ്രതിനിധി മീറ്റിംഗിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ റവ. ഫാ ഡോ. രഞ്ജന്‍ മാത്യു, ബിനോയ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഭദ്രാസനത്തെ പറ്റിയുള്ള എല്ലാ പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന പ്രതിനിധി മീറ്റിംഗ് കുടുംബമേളയുടെ ആരംഭദിവസം 25-ാം തീയതി 2:00 മണി മുതല്‍ 5:00 മണി വരെയാണ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. രഞ്ജന്‍ മാത്യു 469 585 5393, ബിനോയ് വര്‍ഗീസ് 647 284 4150 ).
റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം).
Comments