വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ കുടിയേറ്റക്കാരുടെ ഡിറ്റൻഷൻ സെന്ററിൽ ആയുധധാരിയുടെ അക്രമം. ശനിയാഴ്ച പുലർച്ചെയാണ് അക്രമി കെട്ടിടത്തിനും പുറത്തു പാർക്ക് ചെയ്തിരുന്ന കാറുകൾക്കും നേരെ സ്ഫോടക വസ്തുക്കൾ വലിച്ചെറിഞ്ഞത്. പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി. ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു.
അക്രമി സ്ഫോടക വസ്തുക്കൾ എറിഞ്ഞതിനെ തുടർന്ന് ഒരു വാഹനം കത്തിനശിച്ചതായി ടക്കോമയിലെ നോർത്ത് വെസ്റ്റ് ഡിറ്റൻഷൻ സെന്റർ അധികൃതർ അറിയിച്ചു. ഡിറ്റൻഷൻ സെന്ററിനു പുറത്തു സ്ഥാപിച്ചിരുന്ന കൂറ്റൻ പ്രൊപേൻ ടാങ്ക് തകർക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്നു ടക്കോമ പോലീസ് ഡിപ്പാർട്ട്മെന്റ് പത്രക്കുറിപ്പിൽ പറയുന്നു. അക്രമിയുടെ കൈയിൽ തോക്കിനു പുറമേ ബാഗും ഫ്ളയറുകളും ഉണ്ടായിരുന്നു. വെടിവയ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.
യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ഇടങ്ങളാണു ഡിറ്റൻഷൻ സെന്ററുകൾ. ഇവിടുത്തെ സൗകര്യങ്ങൾ തടവറകളേക്കാൾ കുറവാണെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Comments