മട്ടണ്‍ടൗണ്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പെന്‍സില്‍വേനിയയിലെ ഡാല്‍ട്ടണില്‍ വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സഭയുടെ ഒരു മിഷന്‍ സെന്ററായി പരിഗണിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കാമെന്നു സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
ഭദ്രാസന ആസ്ഥാനമായ മട്ടന്‍ടൗണിലെ അരമനയില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, വൈദികട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍ എന്നിവരോടൊപ്പം സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഉണ്ടായത്. 300 ഏക്കറുകളിലായി 110,000 സ്‌ക്വയര്‍ഫീറ്റിലുള്ള കെട്ടിട സമുച്ചയവും മറ്റ് എല്ലാ സൗകര്യങ്ങളുമുള്ള റിട്രീറ്റ് സെന്റര്‍ മലങ്കരസഭയ്ക്ക് എന്നും അഭിമാനിക്കാവുന്നതാണെന്നും ലോകമെമ്പാടുമുള്ള എല്ലാ വിഭാഗത്തിലുമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന ഒരു ലോകോത്തര സെമിനാരി ആയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് തിയോളജിക്കല്‍ സ്റ്റഡീസ് സ്ഥാപനമായി മാറുന്നതിന് വേണ്ട മാര്‍ഗ്ഗരേഖകള്‍ പഠിച്ചു സമര്‍പ്പിക്കുവാന്‍ പരി.ബാവ ആവശ്യപ്പെട്ടു.
40 വര്‍ഷത്തിലേറെയായി നോര്‍ത്ത് അമേരിക്കയില്‍ സ്ഥാപിതമായ സഭയുടെ പ്രസ്റ്റീജ് ഭദ്രാസനങ്ങളില്‍ ഒന്നായി മാറിയ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വളര്‍ച്ചയെയും സഭാ സ്‌നേഹത്തെയും യുവജനങ്ങളുടെ ആത്മീയമായ കാഴ്ചപ്പാടിനെയും പരിശുദ്ധ ബാവ ശ്ലാഘിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോസഫ് എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നേരത്തെ തന്നെ കൗണ്‍സിലിന്റെ പരിഗണനയിലുണ്ടായിരുന്ന ഇക്കാര്യം മാര്‍ നിക്കോളോവോസ് പരി. ബാവയെ അറിയിച്ചിരുന്നു. സഭ മാനേജിംഗ് കമ്മിറ്റി അംഗം ജോസഫ് എബ്രഹാമാണ് ചര്‍ച്ചയില്‍ ഈ വിഷയം കൊണ്ടുവരികയും പരി. ബാവയുടെയും ഫാ. ഡോ. എം. ഒ. ജോണിന്റെയും സത്വരശ്രദ്ധ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത്. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ഇതു സംബന്ധിച്ച കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ പരി.ബാവയെ ധരിപ്പിച്ചു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സമദൂര നിലപാടാണ് സഭയുടേതെന്നാണ് പരി. ബാവ പരാമര്‍ശിച്ചത്. നമുക്ക് ആരോടും അയിത്തമില്ല. നമ്മെ പരിഗണിക്കുന്നവരെ നമ്മളും പരിഗണിക്കും. ഇപ്പോള്‍ നാട്ടില്‍ രാഷ്ട്രീയമല്ല മറിച്ച് മണി പവര്‍ ആണ് ഉള്ളത്. ആറന്മുളയും ചെങ്ങന്നൂരും കൊടിയുടെ നിറം നോക്കിയല്ല സഭാമക്കള്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നിട്ടും സര്‍ക്കാര്‍ നമ്മെ തഴഞ്ഞു.
പരി. ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍, ഭദ്രാസന ചാന്‍സലര്‍ ഫാ.തോമസ് പോള്‍, ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. എബി ജോര്‍ജ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments