ഡാലസ് ∙ ഡാലസ് സിറ്റി മുൻ കൗൺസിലർ കരോളിൻ ഡേവിസും (57) മകളും വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കരോളിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകൾ മെലിസ ഡേവിസും (27) മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
സൗത്ത് ഡാലസിലെ ഈസ്റ്റ് ലെഡ്ബെറ്റർ ബ്ലോക്കിലായിരുന്നു അപകടം. തെറ്റായ ദിശയിൽ നിയന്ത്രണം വിട്ടുവന്ന വാഹനം കരോളിൻ ഓടിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ ജോനാഥാൻ മൂർ മദ്യലഹരിയിലായിരുന്നു. ജോനാഥാനെ ഇതിനു മുമ്പ് 7 തവണ മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തു കേസെടുത്തിരുന്നു. ഇയാളുടെ ഡ്രൈവിങ്ങ് ലൈസെൻസും സസ്പെന്റു ചെയ്തിരുന്നു.
Jonathan-Moore
2007 മുതൽ 2015 വരെ ഡാലസ് സിറ്റി കൗൺസിലറായിരുന്ന ഡേവിസ് നിരവധി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നതിന് ഡേവിസ് എന്നും മുൻപന്തിയിലായിരുന്നുവെന്ന് ഡപ്യൂട്ടി മേയർ പ്രോ ടേം ആഡം അനുസ്മരിച്ചു.
സിറ്റി കൗൺസിൽ ഹൗസിങ്ങ് കമ്മിറ്റി അംഗമായിരിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് ഡവലപ്പറിൽ നിന്നും കൈകൂലി വാങ്ങി എന്ന കേസ്സിൽ കുറ്റം സമ്മതിച്ചിരുന്നു. സെപ്റ്റംബറിൽ ശിക്ഷ വിധിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ട് അപകടം ഉണ്ടായെങ്കിലും ജൂലൈ 16 ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി മരണ വിവരം പുറത്തുവിട്ടത്.
Comments