You are Here : Home / USA News

ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ആത്മസമര്‍പ്പണത്തിന്റെ ആത്മീയവേദിയായി

Text Size  

Story Dated: Friday, July 19, 2019 01:17 hrs UTC

ജോര്‍ജ് തുമ്പയില്‍
കലഹാരി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം ആത്മീയാനുഭവങ്ങളാല്‍ ധന്യമായി. ചിന്താ വിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയ്ക്കു തുടക്കം കുറിച്ചു കൊണ്ട് ധ്യാനഗുരു ഫാ. എബ്രഹാം തോമസ് വിശ്വാസികളെ പുതിയൊരു ആത്മീയ തലത്തിലേക്ക് നയിക്കുകയുണ്ടായി. യേശുക്രിസ്തുവെന്ന അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തിയ സഭയുടെ മക്കളാണെന്ന ബോധ്യത്തെ ഊട്ടിയുറപ്പിക്കുവാന്‍ പാകത്തിലുള്ള യോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട് സമ്പന്നമായതും അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന സ്വപ്‌ന പദ്ധതിയായ റിട്രീറ്റ് സെന്ററിനെപ്പറ്റി ഊറ്റം കൊണ്ടും കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ദീപ്തമായി.
രാത്രി നമസ്‌ക്കാരത്തോടെയും തുടര്‍ന്ന് പ്രഭാതനമസ്‌ക്കാരത്തോടെയും ദിവസം ആരംഭിച്ചു. ഫാ.ഡോ.ജോര്‍ജ് കോശി ധ്യാനപ്രസംഗം നടത്തി. യുവജനങ്ങള്‍ക്കായി ഫാ. കുര്യാക്കോസ് എബ്രഹാം ധ്യാനം നയിച്ചു.
പ്രഭാതഭക്ഷണത്തെത്തുടര്‍ന്ന് ഗായകസംഘം ഭക്തി ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ചിന്താവിഷയത്തിലൂന്നിയ പ്രഭാഷണങ്ങള്‍. ഫാ.എബ്രഹാം തോമസും വെരി. റവ. ഡോ. ജോണ്‍ പാര്‍ക്ക റും നയിച്ചു. ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം ധ്യാനഗുരുവിനെ പരിചയപ്പെടുത്തി. പഴയകാല സെമിനാരി സ്മരണകള്‍ ഓര്‍ക്കുകയും 24 വര്‍ഷത്തെ ആത്മബന്ധം ഇപ്പോഴും ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നുവെന്നും ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം അറിയിച്ചു. ഒരിക്കല്‍ പോലും തന്റെ പേര് മുന്‍നിരയിലേക്ക് വരാതെ പിന്നില്‍ നിന്ന് എല്ലാവരെയും സഹായിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഫാ. എബ്രഹാം തോമസ് എന്ന് പറഞ്ഞു. 
യേശുക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല. കൊരിന്ത്യര്‍ 3:11 എന്ന വിഷയത്തെ ആസ്പദമാക്കി ക്രിസ്തുവിന്റെ ജീവിതം അടിസ്ഥാനപ്പെടുത്തി വളരുക.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വര്‍ണ്ണ നാവുകാരനായ മാര്‍ ഇവാനിയോസിന്റെ എട്ടാമത്തെ പ്രഭാഷണത്തെ അടിസ്ഥാനപ്പെടുത്തി രക്ഷയുടെ സഹ യാത്രയിലേക്ക് വളരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആത്മീയ രഹസ്യങ്ങളിലേക്കുള്ള അറിവിന്റെ വഴികള്‍ സൗഖ്യത്തിന്റെ മൂല്യം, പരസ്പര സ്‌നേഹത്തിന്റെ വളര്‍ച്ച മുതലായ വിഷയങ്ങളെ അപഗ്രഥിച്ചു വിശദീകരിച്ച പഠനമാണ് ഫാ. എബ്രഹാം തോമസ് നടത്തിയത്. രക്ഷയുടെ സഹയാത്രയില്‍ പാപത്തിന്റെ വഴികള്‍ ഉപേക്ഷിക്കുന്നതിന് ക്രിസ്തുവിലുള്ള പ്രകാരം ദര്‍ശിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവിതാനുഭവങ്ങളില്‍ ക്രിസ്തു നമ്മുടെ ജീവിതത്തിന് അടിസ്ഥാനമാകണം. വേദപുസ്തകത്തോടും ആരാധനയോടും പിതാക്കന്മാരുടെ പഠിപ്പിക്കലുകള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. ക്രിസ്തു വഴിയും നമ്മള്‍ ആ വഴിയേ നടക്കേണ്ടവരുമാണ്.
ക്രിസ്തു പ്രകാശം ആണെങ്കില്‍ നമ്മള്‍ പ്രകാശിതരാകണം. ദൈവമാണ് യഥാര്‍ത്ഥ അടിസ്ഥാനം. നമ്മുടെ പദവികളൊന്നും അതിന് മുകളില്‍ അല്ല. നമ്മള്‍ ക്രിസ്തുവിനെ അറിയുക എന്നുള്ളതല്ല ആഴത്തില്‍ അറിഞ്ഞ് അതിന്‍പ്രകാരം ജീവിക്കുന്നതിലാണ് നമ്മുടെ ജീവിത വിജയം.
മറ്റ് സെഷനുകള്‍ക്ക് ഫാ. ഷോണ്‍ തോമസ്, മേരി ആന്‍ കോശി, ജിത്തു വറുഗീസ്, ചിന്നു മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍ കി. ഉച്ചഭക്ഷണത്തിനു ശേഷം ക്ലര്‍ജി അസോസിയേഷന്‍, ബസ്‌ക്യാമ്മ അസോസിയേഷന്‍, സണ്‍ഡേസ്‌കൂള്‍, മാര്‍ത്തമറിയം വനിതാ സമാജം, എംജിഒ സിഎസ്എം എന്നീ പ്രസ്ഥാനങ്ങളുടെ യോഗങ്ങള്‍ നടന്നു.
തുടര്‍ന്ന് ഫാ.ഡോ. വറുഗീസ് എം. ഡാനിയല്‍ നയിച്ച ക്രിസ്ത്യന്‍ യോഗ, ജോസഫ് എബ്രഹാം നയിച്ച റിട്ടയര്‍മെന്റ് സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിച്ച യോഗം നടന്നു.
സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മത്സരങ്ങള്‍ക്ക് ജോണ്‍ താമരവേലില്‍, സജി എം. പോത്തന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒട്ടേറെപേര്‍ കുട്ടികളെയും കൊണ്ട് വാട്ടര്‍ തീം പാര്‍ക്കിലും സമയം ചിലവഴിച്ചു. ഡിന്നറിനു ശേഷം സന്ധ്യാനമസ്‌ക്കാരവും ധ്യാനയോഗങ്ങളും ഫാ.അബു പീറ്റര്‍, ഫാ. ഡാനിയല്‍ മത്തായി എന്നിവര്‍ നയിച്ചു. യുവജനങ്ങള്‍ക്കായി ക്യാമ്പ് ഫയര്‍ ക്രമീകരിച്ചിരുന്നു. ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിന്റെ വികസനപ്രക്രിയയെക്കുറിച്ചുള്ള യോഗത്തില്‍ ഇതിനായി പുതിയതായി തെരഞ്ഞെടുത്തവരെ പരിചയപ്പെടുത്തുകയും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരണം നല്‍കുകയും ചെയ്തു.
ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സൂപ്പര്‍ സെഷനുകളും കൂട്ടായ ചര്‍ച്ചകളും സമാപന സമ്മേളനവും കുമ്പസാര ശുശ്രൂഷയുമൊക്കെ ഉള്‍ക്കൊള്ളുന്ന വെള്ളിയാഴ്ചയിലെ പരിപാടികളില്‍ പങ്കെടുക്കണമെന്ന ശുഷ്‌കാന്തിയോടെയാണ് എല്ലാവരും മുറികളിലേക്ക് തിരിച്ചു പോയത്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.