You are Here : Home / USA News

മലങ്കര അതിഭദ്രാസനം 33-ാമത് കുടുംബമേളയ്ക്ക് ജൂലൈ 25 ന് തുടക്കം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, July 23, 2019 12:21 hrs UTC

ന്യൂയോര്‍ക്ക്: വിശ്വാസ തീഷ്ണതയില്‍ അടിയുറച്ച ആത്മവിശുദ്ധിയുടേയും സഭാവിശ്വാസത്തിന്റേയും മഹത്വം വിളിച്ചോതി തികച്ചും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍  ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മേല്‍നോട്ടത്തിലും വൈദികരുടേയും, സഭാ കൗണ്‍സില്‍  അംഗങ്ങളുടേയും മറ്റ് ഭക്തജന സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുടുംബ സംഗമം അതിഭദ്രാസന ചരിത്രത്തിന്‍റെ ഏടുകളില്‍, അവസ്മരണീയ മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മഹാസംഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  2019 ജൂലൈ 25 വ്യാഴം മുതല്‍ 28 ഞായര്‍ വരെ ഡാളസ് ഷെറാട്ടണ്‍ ഡി‌എഫ്‌ഡബ്ല്യു ഹോട്ടലാണ് ഈ വര്‍ഷത്തെ കുടുംബമേളക്കായി ഒരുക്കിയിരിക്കുന്നത്.  കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള യാമപ്രാര്‍ത്ഥനകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാ ക്ലാസുകള്‍, സെമിനാറുകള്‍, ഗാനശുശ്രൂഷകള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തി, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കി നടത്തപ്പെടുന്ന ഈ കുടുംബസംഗമത്തിന്, കാനഡയില്‍ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറു കണക്കിന് വിശ്വാസികള്‍ എത്തിച്ചേരും. 
 
വ്യഴാഴ്ച ഉച്ചയ്ക്ക് 2:30ന് ആരംഭിക്കുന്ന പള്ളി പ്രതിപുരുഷ യോഗത്തില്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദോ മോര്‍ തീത്തോ തിരുമേനി അദ്ധ്യക്ഷത വഹിക്കും. ഭദ്രാസനത്തിന്‍റെ വളര്‍ച്ചക്കാവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനുള്ള ചര്‍ച്ചക്ക് യോഗം വേദിയാകും. കഴിഞ്ഞ ഡെലിഗേറ്റ് മീറ്റിംഗിന്‍റെ മിനിറ്റ്സ് സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി അവതരിപ്പിക്കും. ഓഡിറ്റര്‍മാരായ കമാണ്ടര്‍ ജോണ്‍സണ്‍ മാത്യുവും ബിജു കുര്യനും ഓഡിറ്റു ചെയ്ത വാര്‍ഷിക കണക്ക്  പള്ളി പ്രതിപുരുഷ യോഗത്തില്‍ ട്രഷറര്‍ ബോബി കുരിയാക്കോസ് അവതരിപ്പിക്കും.  തുടര്‍ന്ന്  2019-21 വര്‍ഷത്തേക്കുള്ള ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടത്തും. 
 
ജൂലൈ 25-ാം തിയ്യതി വൈകീട്ട് 6:00 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തൊസ് തിരുമേനി കൊടി ഉയര്‍ത്തുന്നതോടുകൂടി 33-ാമത് കുടുംബമേളക്കുള്ള തുടക്കം കുറിക്കും
 
ഉദ്ഘാടന മീറ്റിംഗിലേക്കു നൂറു കണക്കിന് വിശ്വാസികള്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളോടുകൂടി വന്ദ്യ  മെത്രാപ്പോലീത്താമാരെയും ബഹുമാനപ്പെട്ട വൈദികരെയും വേദിയിലേക്ക് കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ആനയിക്കപ്പെടും. തുടര്‍ന്ന് അമേരിക്ക, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ യൂത്ത് പ്രതിനിധികള്‍ ആലപിക്കും. പരിശുദ്ധ പാത്രിയര്‍കീസ് ബാവായോടും ശ്രേഷ്ഠ കത്തോലിക്ക ബാവായോടും ഭദ്രാസന മെത്രാപ്പോലീത്തയോടും സഭയിലെ മുഴുവന്‍ പിതാക്കന്മാരോടുമുള്ള കൂറും വിധേയത്വവും ഊട്ടിയുപ്പിച്ചുകൊണ്ടുള്ള വിശ്വാസ പ്രഖ്യാപനത്തിനുശേഷം ആര്‍ച്ച് ബിഷപ്പ് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താമാരും, വിശിഷ്ടാതിഥികളും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് തിരികൊളുത്തി യോഗത്തിനു ആരംഭം കുറിക്കും. സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി  വിശിഷ്ടാതിഥികളെ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യും. 
 
ഡയറക്ടര്‍ ഫാ ബെല്‍സണ്‍ കുര്യക്കോസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന  സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ  വിബിഎസ്  അടുത്ത തലമുറയെ വിശ്വാസ തീഷ്ണരാക്കാനുള്ള ഒരുക്കമായിരിക്കും. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കമനീയത നിലനിര്‍ത്തി, മികവുറ്റ രചനകള്‍, സഭാ ചരിത്ര വിവരങ്ങള്‍, വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധയിനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ 'മലങ്കര ദീപം 2019 ' ന്‍റെ പ്രകാശന കര്‍മ്മം നടത്തപ്പെടും.
 
കേരളീയ തനിമയില്‍ പ്രൗഢഗംഭീരമായി സുറിയാനി സഭയുടെ ആത്മീയ ചൈതന്യത്തോടെ കൊടി, മുത്തുക്കുട, തുടങ്ങിയവയുടെ അകമ്പടിയോടും, ചെണ്ട വാദ്യ മേളങ്ങളുടെ താളക്കൊഴുപ്പോടും, അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടേയും വന്ദ്യ വൈദികരുടേയും, കൗണ്‍സില്‍ അംഗങ്ങളുടേയും നേതൃത്വത്തില്‍, കുട്ടികളും യുവജനങ്ങളും, സ്ത്രീ പുരുഷന്മാരും ഒരുമിച്ച് അണിനിരന്ന്, അടുക്കും ചിട്ടയുമായി നടത്തുന്ന  വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റവ. ഫാ. എബി മാത്യു (കാനഡ), ഏലിയാസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. എബി മാത്യു (647) 854 2239, ഏലിയാസ് ജോര്‍ജ് (708) 653 6861).
 
ഫാമിലി  കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന സഭാംഗങ്ങള്‍ക്കുള്ള സുരക്ഷയ്ക്കായുള്ള സെക്യൂരിറ്റി വിഭാഗം പ്രവര്‍ത്തന സജ്ജമായതായി കോഓര്‍ഡിനേറ്റര്‍ ഷെവ. സി. ജി വര്‍സ് അറിയിച്ചു. പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി നിരവധി ക്രമീകരണങ്ങളാണ് ഈ വര്‍ഷത്തെ കുടുംബമേളയില്‍ നടപ്പാക്കുന്നത്. ആരംഭ ദിവസം ജൂലൈ 25 രാവിലെ 10:00 മണിക്കു തന്നെ എല്ലാ സെക്യൂരിറ്റി അംഗങ്ങളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും, എല്ലാ ദിവസവും രാവിലെ നടത്തുന്ന പ്രത്യേക മീറ്റിംഗില്‍ പങ്കെടുക്കണമെന്നും ഷെവ. സി.ജി വര്‍ഗീസ്  അറിയിച്ചു. കണ്‍വെന്‍ഷന്‍ സെന്‍ററിലുടനീളം സെക്യൂരിറ്റി മെഡിക്കല്‍ അംഗങ്ങളുടെ പേരും ഫോണ്‍ നമ്പറുകളും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെവ. സി. ജി വര്‍ഗീസ് (562) 673 3638).
 
മെഡിക്കല്‍ വിഭാഗം കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിപുലമായ ഫസ്റ്റ് എയിഡിനായുള്ള കിറ്റ് തയ്യാറാക്കിയതായി കോഓര്‍ഡിനേറ്റര്‍ ജെയിംസ് ജോര്‍ജ് അറിയിച്ചു. കണ്‍വെന്‍ഷനിലുടനീളം ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ വിഭാഗത്തെ തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെയിംസ് ജോര്‍ജ് (973) 9858432 ).
 
സഭാംഗങ്ങളുടെ ആത്മീയ ഉന്നമത്തിനോടൊപ്പം കുടുംബങ്ങള്‍ തമ്മിലുള്ള സഹകരണവും വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന ഈ കുടുംബമേളയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍മാരായ ജീമോന്‍ ജോര്‍ജ്, സജി കരിമ്പന്നൂര്‍ എന്നിവര്‍ അറിയിച്ചു. വിവിധ ദേവാലയത്തില്‍ നിന്ന് എത്തിച്ചേരുന്ന അംഗങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ രജിസ്‌ട്രേഷന്‍  പൂര്‍ത്തിയതായി  ജീമോന്‍ ജോര്‍ജ്  അറിയിച്ചു.
 
കുടുംബ സംഗമത്തിന്‍റെ അവസാന ദിവസമായ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍  പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന സമിതിയംഗങ്ങള്‍ വി. മദ്ബഹായുടെയും ഭദ്രാസന മെത്രാപ്പോലീത്തായുടെയും വിശ്വാസികളുടെയും മുമ്പാകെ 'പൂര്‍വ്വ പിതാക്കന്മാരാല്‍ ഭാരമേല്പിക്കപ്പെട്ട അപ്പോസ്തോലികവും പൗരാണികവുമായ ആത്മീയ സംഹിതകളില്‍ അടിയുറച്ചുള്ള വിശ്വാസത്തില്‍,  ആകമാന സുറിയാനി സഭാധിപനായ അന്ത്യോഖ്യായുടെ പരി. പാത്രിയര്‍ക്കീസ് ബാവായേയും അദ്ദേഹത്തിന്‍റെ പ്രതിനിധിയായ ആര്‍ച്ചു ബിഷപ്പിനെയും അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിന്‍റെ ഭരണഘടനയേയും സര്‍വാത്മനാ അനുസരിച്ചുകൊണ്ട് തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചുകൊള്ളാം' എന്ന് സത്യപ്രതിജ്ഞയെടുത്തുകൊണ്ടു സ്ഥാനമേറ്റെടുക്കും.
 
 കോണ്‍ഫറന്‍സിനെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. കോണ്‍ഫറന്‍സിന്‍റെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭിക്കും.  https://my.yapp.us/AYFC  എന്ന ലിങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
 
(റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.