You are Here : Home / USA News

ഫാസ്റ്റ് ട്രാക്ക് കോടതി 56,000 കുടുംബങ്ങളുടെ കേസുകൾ തീരുമാനിച്ചു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Monday, August 05, 2019 02:07 hrs UTC

അനധികൃത കുടിയേറ്റ കുടുംബങ്ങളുടെ വിചാരണ നീണ്ടുപോവുകയും തീർപ്പ് കൽപിക്കുവാൻ വൈകുകയുമാണെന്ന പരാതിക്ക് മറുപടി ഉണ്ടായിരിക്കുന്നു. യുഎസിലെ 10 നഗരങ്ങളിൽ ആരംഭിച്ച അതിവേഗ കോടതികൾ 56,000 കുടുംബങ്ങളുടെ കേസുകളിൽ 2018 സെപ്റ്റംബർ മുതൽ 2019 ജൂൺ വരെയുള്ള  കാലയളവിൽ തീർപ്പ് കൽപിച്ചു. ഇവരിൽ ഭൂരിഭാഗത്തിനും ഒരു ആശ്വാസത്തിന് യോഗ്യതയില്ല. തിരിച്ചയയ്ക്കുവാനുള്ള ഓർഡറുകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ ഓഫ് ദ എക്സിക്യൂട്ടീവ് ഓഫീസ് ജെയിംസ് ഹെൻറി തേർഡ് പറഞ്ഞു. ഇമ്മിഗ്രേഷൻ കോടതികൾ ഫാസ്റ്റ് ട്രാക്കിലൂടെ കേസുകൾ ഒരു വർഷത്തിനുള്ളിൽ തീരുമാനിക്കുകയാണെന്ന് ഇദ്ദേഹം ഒരു മെമ്മോയിൽ എഴുതി.

കുടിയേറ്റക്കാരുടെ രാഷ്ട്രീയാഭയ അപേക്ഷ ആറ് മാസത്തിൽ കൂടുതൽ തീർപ്പാകാതെ കിടക്കുകയാണെങ്കിൽ അവർക്ക് താൽക്കാലികമായി യുഎസിൽ ജോലി ചെയ്യുവാൻ നിയമപരമായി അനുവാദം ലഭിക്കും ഫാസ്റ്റ് ട്രാക്കിലൂടെ ഈ അവസരം നിഷേധിച്ച് കഴിയുന്നതും വേഗം കുടിയേറ്റക്കാരെ പറഞ്ഞയയ്ക്കുകയാണ് ഉദ്ദേശം. 

വളരെ വേഗം കേസുകൾ തീർപ്പാക്കിയാൽ കുടിയേറ്റക്കാർ അമേരിക്കയിൽ ദീർഘകാലം വസിക്കുകയും അങ്ങനെ ഇവിടെ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുകയും ചെയ്യാം എന്ന് അധികൃതർ കരുതുന്നു. ഇവരുടെ ശിശുക്കൾ യുഎസിൽ ജനിച്ചാൽ അവർക്ക് (ശിശുക്കൾക്ക്) സ്വാഭാവികമായും പൗരത്വം ലഭിക്കും. ഇത് ഒഴിവാക്കാനുമാണ് നീക്കം. ഫാസ്റ്റ് ട്രാക്ക് കോടതികൾ ബാൾട്ടിമോർ മുതൽ ലൊസാഞ്ചൽസ് തുടങ്ങിയ 10 കേന്ദ്രങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ കുടിയേറ്റ കുടുംബങ്ങളുടെ കേസുകൾ ഏറ്റെടുത്ത്  തീർപ്പാക്കുകയാണ് അതിവേഗ കോടതികൾ. ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമായ റോസിറ്റ ലോപ്പസിന്റെ കഥ ഇങ്ങനെയാണ്. അവരും പങ്കാളിയും ചേർന്ന് ഗോട്ടിമാലൻ തീരത്ത് ഒരു ചെറിയ ഗ്രോസറിക്കട നടത്തി വരികയായിരുന്നു. ആയുധ ധാരികളായ ഒരു സംഘമാളുകൾ ഒരു ദിവസം കടയിൽ വന്നു പണം ആവശ്യപ്പെട്ടു. പണം നൽകാനാവാത്തതിനാൽ റോസിറ്റയുടെ പങ്കാളിയെ വെടിവച്ചു. തങ്ങൾക്കുള്ളതെല്ലാം വിറ്റു പെറുക്കി ഒരു വയസായ മകളെയും എടുത്ത് റോസിറ്റയും പങ്കാളിയും വടക്കോട്ട് (യുഎസിലേയ്ക്ക്) തിരിച്ചു. കഴിഞ്ഞ വർഷം യുഎസ്എ– മെക്സിക്കോ അതിർത്തിയിലെത്തി. ഗർഭിണിയായിരുന്ന റോസിറ്റ ഒരു ആൺകുട്ടിക്ക് അമേരിക്കൻ അതിർത്തിക്കുള്ളിൽ വച്ച് ജന്മം നൽകി. ഇപ്പോൾ ഒരു വർഷത്തിനുശേഷം ഒരു ഇമ്മിഗ്രേഷൻ ജഡ്ജ് ലോസ് ആഞ്ചലസിൽ അവരുടെ കേസ് കേട്ടു. അവരുടെ അഭയാപേക്ഷ നിരസിക്കുകയും അവരെ നാട് കടത്താൻ ഉത്തരവിടുകയും ചെയ്തു.

തനിക്ക് തിരിച്ചു പോകാൻ ഭയമാണെന്ന അവരുടെ അപേക്ഷ ജഡ്ജ് സ്വീകരിച്ചില്ല. സാധാരണ ഗതിയിൽ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന കേസ് വളരെ വേഗം തീരുമാനിക്കപ്പെട്ടു. ഇമ്മിഗ്രേഷൻ അഭിഭാഷകർ സാധാരണ പരാതിപ്പെടുക കേസുകൾ കോടതിയിലെത്താൻ നീണ്ട കാത്തിരിപ്പ് ആവശ്യമാണെന്നാണ്. ഇപ്പോൾ റോസിറ്റയുടേത് പോലെയുള്ള കേസുകളിൽ അവരുടെ പരാതി വിചാരണയും തീർപ്പ് കൽപിക്കലും അതിവേഗത്തിലായതിനാൽ തങ്ങൾക്ക് കേസുകൾ പഠിക്കുവാനോ ഐസിന്റെ കൈവശമുള്ള വിവരങ്ങൾ പരിശോധിക്കുവാനോ അവസരം ലഭിക്കുന്നില്ല എന്നാണ്.

റോസിറ്റയുടെ കാര്യത്തിൽ പ്രതികൂലമാവുന്ന ഒരു വസ്തുത അവർ അമേരിക്കൻ അതിർത്തിയിൽ എത്തുന്നതിന് മുൻപ് മറ്റൊരു രാജ്യത്തിൽ കൂടി സഞ്ചരിച്ചു എന്നതാണ്. ഗോട്ടിമാലയിൽ നിന്ന് മെക്സിക്കോയിലൂടെ സഞ്ചരിച്ചാണ് അമേരിക്കൻ അതിർത്തിയിൽ എത്തിയത്.  ഇങ്ങനെ ഉള്ളവർക്ക് യുഎസിൽ അഭയം നൽകേണ്ടതില്ല എന്നാണ് ട്രംപ് ഭരണ കൂടത്തിന്റെ തീരുമാനം.

റോസിറ്റയെ ഗോട്ടിമാലയിലേയ്ക്ക് തിരിച്ചയയ്ക്കും, അവരുടെ പങ്കാളിയെ നേരത്തെ തന്നെ തിരിച്ചയച്ചിരുന്നു. ഗോട്ടിമാലയിൽ അവർ മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് വളരെ അകലെ മാറി താമസിക്കുകയാണ് ഉദ്ദേശം എന്ന് റോസിറ്റ പറഞ്ഞു. അമേരിക്കയിൽ ജനിച്ച ഒരു വയസുള്ള മകനെയും അവർക്കൊപ്പം കൊണ്ടു പോകാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.