ഒഹായൊ∙ ടെക്സസിൽ ഇരുപതുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന്റെ ഞെട്ടലിൽ നിന്നും മോചിതരാകുന്നതിന് മുൻപ് ഒഹായെ സംസ്ഥാനത്തെ ഡേടൺ നഗരത്തിലുണ്ടായ മറ്റൊരു വെടിവയ്പ്പിൽ പ്രതി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ വെടിവയ്പ്പു നടത്തിയ യുവാവിന്റെ സഹോദരിയും ഉൾപ്പെടുന്നു.
ബെൽബ്രൂക്കിൽ നിന്നുള്ള കോണർ ബെറ്റ്സാണ് (24) മാരക പ്രഹരശേഷിയുള്ള തോക്ക് ഉപയോഗിച്ചു വെടിവച്ചത്.
ടെക്സസിലെ ആക്രമണം ശനിയാഴ്ച രാവിലെ പത്തിനോടടുത്തായിരുന്നുവെങ്കിൽ ഞായറാഴ്ച പുലർച്ച ഒരു മണിക്കാണ് ഡേടണിൽ വെടിവയ്പ്പുണ്ടായതെന്ന് ഡേടൺ മേയർ അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെവെടിവച്ചു വീഴ്ത്തിയിരുന്നില്ലെങ്കിൽ നിരവധി പേർ കൊല്ലപ്പെടുമായിരുന്നെന്ന് മേയർ പറഞ്ഞു.
മരിച്ചവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായ കുറഞ്ഞത് പ്രതിയുടെ സഹോദരി മെഗനായിരുന്നു (22). അടുത്ത വർഷം റൈറ്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്യേണ്ട വിദ്യാർഥിയായിരുന്നു മെഗൻ.
ഈ വർഷം ഇതുവരെ 250 കൂട്ടക്കൊല യുഎസിൽ ഉണ്ടായതായി അധികൃതർ പറഞ്ഞു.
Comments