ഹ്യൂസ്റ്റൻ: അമേരിക്കൻ മലയാളികളുടെ സംഘചേതന ആയ ഫോമാ 2018- 2020 കാലഘട്ടത്തിന് തിരശ്ശീല വീഴുന്നതിനു ഒരുവർഷം ബാക്കിനിൽക്കെ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികളുടെ മാത്രമല്ല ലോകത്താകമാനമുള്ള മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ്. ഭവന നിർമ്മാണം, ചാരിറ്റി പ്രവർത്തനങ്ങൾ, സ്കോളർഷിപ്പ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ കർമ്മനിരതമായ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. മലയാളി മക്കളുടെ മനസ്സിൽ നിറമുള്ള ഓർമ്മകൾ മാത്രം ബാക്കി നിർത്തി കേരളത്തിൽ സംഘടിപ്പിച്ച കേരള കൺവെൻഷനും ഭാവങ്ങളുടെ താക്കോൽദാനവും കേരളം സർക്കാരിന്റെ കൂടി പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. തുടർന്ന് ഇനിയും ബാക്കിയുള്ള ഒരു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ പണിപ്പുരയിലാണ് ഏകദേശം 53 ഓളം പേരടങ്ങുന്ന ഫോമാ കമ്മിറ്റിയും കൂടാതെ മറ്റുള്ള സബ് കമ്മിറ്റികളും, ഫോമയുടെ നേതാക്കന്മാരും മറ്റു അഭ്യുദയകാംക്ഷികളും. ഇനി യുവജനോത്സവങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു കലാശക്കൊട്ട് ആയി പരിഗണിക്കുന്ന ഫോമയുടെ അന്തർദേശീയ കൺവെൻഷൻ റോയൽ കരീബിയൻ ആഡംബര കപ്പലിൽ ആണ് നടത്തുന്നത്. 2020 ജൂലൈ 6നു ഹ്യൂസ്റ്റണിലെ ഗാൽവസ്റ്റണിൽ നിന്നും പുറപ്പെടുന്ന ഈ കപ്പലിൽ അഞ്ചു പകലും നാലു രാത്രിയും വിവിധ പരിപാടികളോടെ
കുടുംബസമേതം ചെലവിടാൻ പറ്റുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കേരളീയ തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പരിപാടികളും കോർത്തിണക്കി ഒരു കുടുംബസമേതമുള്ള വെക്കേഷൻ പാക്കേജ് ആണ് ഇത്തവണത്തെ ഫോമാ കൺവെൻഷൻ എന്നു കൺവൻഷൻ ചെയർമാൻ ആയ ബിജു തോമസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി ചേർന്ന് ഫോമായുടെ നാഷണൽ കമ്മിറ്റി യോഗം കപ്പലിൽ ഒരു കൺവെൻഷൻ എന്ന ആശയത്തെ സ്വാഗതം ചെയ്യുകയും സാധാരണയായി നാലുദിവസം നടത്താറുള്ള കൺവെൻഷൻ അഞ്ചുദിവസമായി കൂട്ടുമ്പോൾ ഇതിൻറെ അണിയറയിൽ പ്രവർത്തിക്കുന്നവർ എല്ലാം ആവേശഭരിതരാണ്. കപ്പലിൽ ഒരു കൺവെൻഷൻ എന്ന ആശയത്തിനു എല്ലാ വിധ പിന്തുണയും നൽകിയ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളോടും ഫോമയുടെ സുഹൃത്തുക്കളോടും ഉള്ള നന്ദി പ്രസിഡണ്ട് ഫിലിപ് ചാമത്തിൽ അറിയിച്ചു. കൺവെൻഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഓൺലൈനിലൂടെയും അല്ലാതെയുമുള്ള സാങ്കേതികമായ ആയ കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കുന്നതായി ജനറൽ സെക്രട്ടറി ജോസ് അബ്രഹാം അറിയിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് എത്രയും വേഗം കൺവെൻഷനിൽ രജിസ്റ്റർ ചെയ്തു തുടങ്ങണമെന്ന് ട്രഷറർ ഷിനു ജോസഫ് എല്ലാവരോടും അഭ്യർത്ഥിച്ചു. 2018 - 2020 കമ്മിറ്റി ഒരുക്കുന്ന ഈ ക്രൂസ് കൺവെൻഷന്റെ വിജയത്തിനായി അമേരിക്കൻ മലയാളികൾ മാത്രമല്ല ഫോമായെ സ്നേഹിക്കുന്ന ലോകത്തുള്ള എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങൾ അഭ്യര്ഥിക്കുന്നതായി വൈസ് പ്രസിഡണ്ട് വിൻസെന്റ് ബോസ് മാത്യു ജോയിൻ സെക്രട്ടറി സാജു ജോസഫ് ജോയിൻ ട്രഷറർ ജയൻ കണ്ണച്ചൻപറമ്പിൽ എന്നിവർ അറിയിച്ചു.
Comments