സൗത്ത് കാരലൈന ∙ അമ്മയുടെ സുഹൃത്ത് പത്തു വയസ്സുകാരി പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു ഗർഭിണിയാക്കി. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഹാംപ്ടണിൽ നിന്നുള്ള ടോണി ഒർലാന്റോയെ (37) ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
രണ്ടു ദിവസം നീണ്ടു നിന്ന വിചാരണയ്ക്കു ശേഷം ഹാംപ്ടൺ കൗണ്ടി പതിനൊംഗ ജൂറി ഓഗസ്റ്റ് 7 ബുധനാഴ്ചയാണു പ്രതി കുറ്റക്കാരനാണെന്നു വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന ജൂറിയുടെ തീരുമാനം ജഡ്ജി ശരിവച്ചു. പതിനാലാം സർക്യൂട്ട് സൊളിസിറ്റേഴ്സ് ഓഫിസിന്റെ പത്രക്കുറിപ്പിലാണ് ശിക്ഷയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
2016 മാർച്ചിലായിരുന്നു സംഭവം. കുട്ടി തന്നെയാണു ഫോറൻസിക് എക്സാമിനറോട് അമ്മയുടെ കൂട്ടുകാരനാണു തന്നെ പീഡിപ്പിച്ചതെന്നു മൊഴി നൽകിയത്. മകളുടെ ഗർഭചിദ്രത്തിനായി മറ്റൊരു സംസ്ഥാനത്തേക്ക് പോകണമെന്നു ഭാര്യ തന്നോട് പറഞ്ഞതായി കുട്ടിയുടെ പിതാവും മൊഴി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റമാണു പ്രതിക്കെതിരെ ചാർജ് ചെയ്തിരുന്നത്. ഡിഎൻഎ പരിശോധനയ്ക്കു ശേഷമാണ് ടോണിയുടെ പിതൃത്വം കോടതി അംഗീകരിച്ചത്.
Comments