മാൻഹട്ടൻ (ന്യൂയോർക്ക്) ∙ യുഎസിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ (66) ന്യൂയോർക്കിലെ ഫെഡറൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണ് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ശനിയാഴ്ച രാവിലെ സെല്ലിൽ അബോധാവസ്ഥയിൽ കണ്ട ജെഫ്രിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൂന്നു മാസം മുൻപ് കഴുത്തിൽ സ്വയം ഉണ്ടാക്കിയ മുറിവുകളോടെ ജെഫ്രിയെ അബോധാവസ്ഥയിൽ സെല്ലിൽ നിന്നും കണ്ടെത്തിയിരുന്നു. നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ചയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. മയാമിയിലെ ബാങ്കിങ് വ്യവസായ രംഗത്തെ പ്രമുഖനാണ് ജെഫ്രി.
2008ൽ ഫ്ലോറിഡയിലാണ് ലൈംഗിക പീഡന കേസിൽ ജെഫ്രി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ഏതാനും കാലം ജയിലിൽ കഴിയേണ്ടി വന്നതും. രാജ്യാന്തര ബിസിനസ്സുകളും രാഷ്ട്രീയത്തിലും നിരവധി സുഹൃത്തുക്കൾ ഉള്ള അമേരിക്കയിലെ പ്രമുഖന്റെ മരണത്തിൽ ഇതിനകം തന്നെ നിരവധി സംശയങ്ങൾ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ജയിലിൽ ഒരാൾ ആത്മഹത്യ ചെയ്യുക എന്നത് സാമാന്യയുക്തിക്ക്ക് നിരക്കുന്നതല്ല എന്നാണ് ഒരു സംഘം പറയുന്നത്. ഇതേകുറിച്ച് എഫ്ബിഐ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂയോർക്ക്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പെൺകുട്ടികൾ ജെഫ്രിക്കെതിരെ ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയിരുന്നു. 2001-നും 2006-നും ഇടയിൽ എൺപതോളം പെൺകുട്ടികളാണ് ഇയാളുടെ ലൈംഗികാതിക്രമത്തിനിരയായത്. 2005ൽ ഇയാൾ പീഡിപ്പിച്ച 14-കാരിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് പീഡനകഥകൾ ലോകമറിയുന്നത്. പീഡിപ്പിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും പുതിയ കുട്ടികളെ എത്തിക്കാനും ആവശ്യപ്പെടും. പ്രതിഫലമായി പണം നൽകുകയും ചെയ്യുമായിരുന്നു. 45 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജെഫ്രിയുടെ മരണം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments