മിസ്സിസാഗ ∙ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച് ഓഫ് കാനഡ ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാളും ദേവാലയ സ്ഥാപനത്തിന്റെ ഓർമയും ആഘോഷിക്കും. ഇത്തവണത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്ന നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് എത്തി.
ഓഗസ്റ്റ് 11 ഞായറാഴ്ച രാവിലെ ഒൻപതിന് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം. പത്തിന് മൂന്നിന്മേൽ കുർബാന, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് വചനശുശ്രൂഷ നടത്തും. തുടർന്ന് 12.15ന് പ്രദക്ഷിണം, ഒരുമണിക്ക് നേർച്ചസദ്യ എന്നിവയ്ക്കുശേഷം കൊടിയിറക്ക്.
ജയിംസ് വർഗീസും കുടുംബവുമാണ് ഇത്തവണ പെരുന്നാൾ ഏറ്റുകഴിക്കുന്നത്. നേർച്ചക്കാഴ്ചകളോടെ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാദർ എബി മാത്യു, സെക്രട്ടറി ബൈജു പട്ടശേരിൽ, ട്രസ്റ്റി എൽദോസ് കെ. ജോസ് എന്നിവർ അറിയിച്ചു.
Comments