ലോറൻസ് (കൻസാസ്) ∙ യുഎസിലെ കൻസാസ് ലോറൻസ് സിറ്റിയിൽ രണ്ടു വയസ്സുള്ള കുട്ടി കാറിനകത്ത് ചൂടേറ്റു മരിച്ചു. ഓഗസ്റ്റ് 11 ഞായറാഴ്ച വൈകിട്ട് ആണു സംഭവം. അമേരിക്കയിൽ ഈ വർഷം ഏപ്രിൽ മാസം മുതൽ ഇത്തരത്തിൽ മരിക്കുന്ന കുട്ടികളുടെ എണ്ണം മുപ്പത്തിരണ്ടായി.
ഞായറാഴ്ച വൈകിട്ട് 5.30ന് അയോവ സ്ട്രീറ്റിലുള്ള വീടിനു സമീപം പാർക്ക് ചെയ്തു കിടന്നിരുന്ന കാറിൽ ഒരു കുട്ടി കുടുങ്ങി കിടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. കാറു തുറന്നു പരിശോധിച്ചപ്പോൾ കുട്ടി മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
നാഷണൽ വെതർ സർവീസിന്റെ റിപ്പോർട്ടനുസരിച്ച് പ്രദേശത്തെ താപനില 90 ഡിഗ്രിയായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുട്ടി എത്രനേരം കാറിനകത്ത് ഉണ്ടായിരുന്നുവെന്നും എങ്ങനെയാണു കാറിനകത്ത് പ്രവേശിച്ചതെന്നും അന്വേഷിക്കുന്നതായി ലോറൻസ് പൊലീസ് അറിയിച്ചു. കഠിന ചൂടായിരിക്കാം മരണകാരണമെന്ന് പൊലീസ് ചീഫ് ഗ്രിഗറി ബേൺസ് പറഞ്ഞു. ഓട്ടോപ്സിക്കു ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൻസാസിൽ മാത്രം നടക്കുന്ന രണ്ടാമത്തെ മരണമാണിത്. മാതാപിതാക്കളോ രക്ഷിതാക്കളോ കുട്ടികളെ അശ്രദ്ധയമായി പുറത്തു വിടുന്നതായിരിക്കാം അവർ കാറിൽ കയറി കൂടാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഇത്തരം മരണം ഒഴിവാക്കുന്നതിനു ബന്ധപ്പെട്ടവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.
Comments