തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: ടൂറിസ്റ്റുകളേയും, കോളജ് വിദ്യാര്‍ത്ഥികളേയും ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യങ്ങളിലൂടെ ആകര്‍ഷിച്ച് വന്‍തോതില്‍ വരുമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒക്കലഹോമയിലെ ഡേവിസ് പാര്‍ക്ക് ഇന്നൊരു മരണക്കെണിയായി മാറിയിരിക്കുകയാണ്. ഈ പാര്‍ക്കിലെ ടര്‍ണര്‍ വെള്ളച്ചാട്ടവും, പ്രകൃതിദത്തമായ നീന്തല്‍ തടാകങ്ങളും കാഴ്ചക്കാരുടെ മനംകവരുന്നതാണ്. പക്ഷെ, പ്രസ്തുത പാര്‍ക്കില്‍, പ്രത്യേകിച്ച് നീന്തല്‍ തടാകങ്ങളില്‍ പതിയിരിക്കുന്ന അപകടത്തെപ്പറ്റി പലരും അജ്ഞരാണ്. ഏതാണ്ട് പത്തു മാസക്കാലയളവിനുള്ളില്‍ പത്തോളം പേര്‍ ഈ തടാകത്തില്‍ കുളിക്കാനിറങ്ങി അപമൃത്യുവിനിരയായി.
ഇക്കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ തന്നെ ഇന്ത്യക്കാരായ നാലു ചെറുപ്പക്കാര്‍ ഈ നീന്തല്‍ തടാകങ്ങളില്‍ മുങ്ങിമരിച്ചു. ഒരുമാസം മുമ്പ് ഡേവിസ് പാര്‍ക്കില്‍ കാഴ്ചകള്‍ കാണാന്‍പോയ ഡാളസില്‍ നിന്നുള്ള 27 വയസുള്ള ചെറുപ്പക്കാരിയും അവരോടൊപ്പമുണ്ടായിരുന്ന 39 വയസ്സുകാരനും മുങ്ങിമരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ സ്റ്റുഡന്റ്‌സ് വിസയില്‍ പഠിച്ചുകൊണ്ടിരുന്ന ആന്ധ്രാപ്രദേശുകാരായ രണ്ടു ചെറുപ്പക്കാര്‍ മുങ്ങി മരിച്ചു.
ഈ നീന്തല്‍ തടാകത്തില്‍ മുന്‍കാലങ്ങളില്‍ അനേകം പേര്‍ മുങ്ങിമരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പൊന്തിവന്നുകൊണ്ടിരിക്കുന്നു.
നിരവധി പേരുടെ മരണത്തിനു കാരണമായിട്ടുള്ള പ്രസ്തുത പാര്‍ക്കില്‍ വേണ്ടത്ര രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. അടുത്തകാലം വരെ അവിടെ ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നുവെന്നും, കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ലൈഫ് ഗാര്‍ഡുകളെ വേണ്ടെന്ന് സിറ്റി അധികാരികള്‍ തീരുമാനിച്ചുവെന്നും അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.
അന്യനാടുകളില്‍ നിന്നും പ്രസ്തുത പാര്‍ക്കില്‍ കാഴ്ചകള്‍ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് വേണ്ടത്ര സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിക്കൊടുക്കേണ്ടത് പാര്‍ക്ക് അതോറിറ്റിയുടെ ചുമതലയില്‍പ്പെട്ട കാര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ക്ക് അതോറിറ്റി വീഴ്ചവരുത്തിയതുമൂലമാണ് ഇത്രയും മരണങ്ങള്‍ തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കാന്‍ കാരണം എന്ന കാര്യത്തില്‍ സംശയമില്ല.
ഈ സാഹചര്യത്തില്‍ അപകടമരണത്തിനിരയായവരുടെ പ്രത്യേക അഭ്യര്‍ത്ഥനമാനിച്ചാണ് ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടന ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ കാരണം. അതനുസരിച്ച് സെപ്റ്റംബര്‍ ഒമ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് ടെക്‌സസ് സമയം 7 മണിക്ക് (ന്യൂയോര്‍ക്ക് ടൈം 8 മണി) നാഷണല്‍ ലെവലില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കളെ പങ്കെടുപ്പിച്ച് ഒരു ടെലികോണ്‍ഫറന്‍സ് മീറ്റിംഗ് വിളിച്ചുകൂട്ടാനും, പ്രസ്തുത യോഗത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനും തീരുമാനിച്ചു.
ടെലികോണ്‍ഫറന്‍സിന്റെ പ്രധാന ഉദ്ദേശം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗവണ്‍മെന്റിന്റേയും, അതുപോലെ പബ്ലിക്കിന്റേയും ശ്രദ്ധയില്‍പ്പെടുത്തുകയും, മേലില്‍ ഇത്തരത്തിലുള്ള അപകട മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അധികാരികള്‍ക്ക് നിവേദനം നല്‍കുക എന്നുള്ളതുമാണ്. അതോടൊപ്പംതന്നെ അപകടമരണത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടത്ര പിന്‍തുണ നല്‍കാത്തപക്ഷം അവര്‍ക്ക് നീതി ലഭിക്കുക വളരെ വിഷമമാണ്. ആവശ്യമെങ്കില്‍ ഒരു ആക്ഷന്‍ കമ്മിറ്റി തന്നെ രൂപീകരിച്ച് കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഉദ്ദേശിക്കുന്നു. കൂടാതെ മാധ്യമങ്ങളിലൂടെയും, മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും അധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതായിരിക്കും.
നാഷണല്‍ ലെവലില്‍ അറിയപ്പെടുന്ന നേതാക്കളായ അനിയന്‍ ജോര്‍ജ്, ജിബി തോമസ്, ഷിനു ജോസഫ്, റോയി കൊടുവത്ത്, ജെ.എഫ്.എ നേതാക്കളായ പ്രേമ ആന്റണി തെക്കേക്ക്, യു.എ നസീര്‍, മാറ്റ് വര്‍ഗീസ്, എ.സി. ജോര്‍ജ്, മാധ്യമ പ്രവര്‍ത്തകരായ മധു രാജന്‍, ജോയിച്ചന്‍ പുതുക്കുളം, രാജു പള്ളത്ത് തുടങ്ങിയവരെല്ലാം ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നതായിരിക്കും. ടെക്‌സസില്‍ നിന്നും എ.സി. ജോര്‍ജ് ആണ് മോഡറേറ്റര്‍. കൂടാതെ ടെക്‌സസില്‍ നിന്നുള്ള അറ്റോര്‍ണി ഫിനി തോമസും, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും മീറ്റിംഗില്‍ പങ്കെടുക്കുന്നതാണ്.
സെപ്റ്റംബര്‍ ഒമ്പതാം തീയതി വൈകിട്ട് ടെക്‌സസ് സമയം 7 മണി / ന്യൂയോര്‍ക്ക് സമയം 8 മണി.
ടെലികോണ്‍ഫറന്‍സ് സമയം: 1- 605 472 5785
അക്‌സസ് കോഡ്: 959248#
മീറ്റിംഗില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി ജോര്‍ജ് (281 741 9465), തോമസ് കൂവള്ളൂര്‍ (914 409 5772).
വാര്‍ത്ത അയച്ചത്: തോമസ് കൂവള്ളൂര്‍
Comments