ജോയിച്ചന്‍ പുതുക്കുളം
സൗത്ത് ഫ്‌ളോറിഡ: ഗൃഹാതുരത്വം മനം നിറച്ചുകൊണ്ട് നാടന്‍ സദ്യയും,നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി സൗത്ത് ഫ്‌ലോറിഡയിലെ പ്രമുഖ സംഘടനയായ കേരള സമാജം ഓഫ് ഫ്‌ലോറിഡ ഓണാഘോഷം സംഘടിപ്പിച്ചു. കൂപ്പര്‍ സിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് ഒരുക്കിയ തൂശനിലയില്‍ സദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു .
തുടര്‍ന്ന് ജോസ്മാന്‍ കരേടന്‍ നേതൃത്വം നല്‍കിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പൂക്കുടയും, തലപൊലികളുമായി മാവേലി തമ്പുരാനെ ആഘോഷ വേദിയിലേക്ക് ആനയിച്ചു.തുടര്‍ന്ന് കേരളസമാജം പ്രസിഡണ്ട് ബാബു കല്ലിടുക്കില്‍ അധ്യക്ഷനായ ചടങ്ങില്‍ പെംബ്രോക്ക് പൈന്‍സ് മേയര്‍ ഫ്രാങ്ക് ഓട്ടിസ് ഓണാഘോഷം ഉത്ഘാടനം ചെയ്തു. പ്രിയ കൃഷ്ണകുമാര്‍ ഓണസന്ദേശം നല്‍കി.ഓണാഘോഷത്തിന് മാറ്റ് കൂട്ടി സൗത്ത് ഫ്‌ലോറിഡയിലെ വിവിധ ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിച്ച നൃത്തങ്ങളും, തിരുവാതിര, ഹാസ്യ സ്കിറ്റുകളും ഉണ്ടായിരുന്നു. ചടങ്ങിന് സെക്രട്ടറി ജോര്‍ജ് മാലിയില്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷാജന്‍ കുറുപ്പുമഠം നന്ദിയും പറഞ്ഞു. വിനോദ് കുമാര്‍ നായരും, സിജോ അനൂപും എം.സി മാരായിരുന്നു.
സംഘാടന മികവിന്റെ പരിപൂര്‍ണ്ണത വിളിച്ചോതിയ ചടങ്ങിന്റെ കണ്‍വീനര്‍ റോഷ്‌നി ബിനോയ് ആയിരുന്നു. ഓണാഘോഷം വന്‍വിജയമാക്കാന്‍ മത്തായി മാത്യു, ജോജി ജോണ്‍, റോബിന്‍ ആന്‍റണി, സാം പാറതുണ്ടില്‍, സതീഷ് കുറുപ്പ്, ഓണസദ്യ , ഷിബു ജോസഫ്,സണ്ണി ആന്‍റണി, സുനീഷ് പൗലോസ്,മത്തായി വെമ്പാല – സ്‌റ്റേജ് ഡെക്കറേഷന്‍, പുഷ്പാമ്മ തോമസ്, മോള്‍ മാത്യുതാലപ്പൊലി , പീറ്റോ സെബാസ്റ്റ്യന്‍, അരുണ്‍ ജോര്‍ജ്, ബിജു ജോണ്‍ വേദി സജ്ജീകരണം എന്നിവര്‍ നേതൃത്വം നല്‍കി.
ചാരിറ്റി മുഖമുദ്രയാക്കിയ കേരള സമാജം, ഓണാഘോഷത്തിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ ദൈവദാന്‍ സെന്‍ററിലെ അശരണരായ 200ഓളം അമ്മമാര്‍ക്ക് ഒരു ലക്ഷം രൂപ ഓണസമ്മാനമായി നല്‍കി.
Comments