ഒർലാണ്ടോ: ഒർലാണ്ടോയിലെ പ്രഥമ മലയാളീ സംഘടനയായ "ഓർമ്മ" ഈ വർഷത്തെ ഓണം വർണ്ണാഭമായ ചടങ്ങുകളോടു കൂടി വിജയകരമായി ആഘോഷിച്ചു. ഓർമ്മയുടെ പ്രസിഡന്റ് ജിജോ ചിറയിൽ ന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ബോർഡ് ഓഫ് കൌൺസിലും മറ്റു സംഘടനാ സ്നേഹിതരും ഒന്ന് ചേർന്ന് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ മാറ്റ് വർദ്ധിപ്പിച്ചു.
തൂശനിലയിൽ 21 കൂട്ടം വിഭവങ്ങളോടുകൂടി ഗംഭീര ഓണസദ്യ 400 ൽ പരം പേർക്ക് വിളമ്പി നൽകിയതിലൂടെ ഓർമ്മ യുടെ സംഘടനാ പാടവം ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. ഓണസദ്യക്ക് ശേഷം ഫ്ലോറിഡയിലെ വിവിധ സംഘടനാ നേതാക്കൾ ഒന്ന് ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് കലാപരിപാടികൾക്കു തുടക്കം കുറിച്ചത്.
പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. തിരുവാതിരകളി, സംഗീത വിരുന്ന്, ഡ്രാമ എന്നിവയോടൊപ്പം മറ്റ് നൂതന കലാപരിപാടികളൂം ഈ വർഷത്തെ ഓണാഘോഷങ്ങളുടെ മറ്റൊരു പ്രത്യേകതയായിരുന്നു. വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ഒരു ജനപ്രിയ ഓണാഘോഷമായി ഈ വർഷത്തെ ഓണം മാറി എന്ന് പ്രെസിഡൻഡ് ജിജോ ചിറയിൽ അറിയിച്ചു.
വാർത്ത: നിബു വെള്ളവന്താനം
Comments