ഓക്‌ലഹോമ∙ വിദ്യാർഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 വയസ്സുകാരി അറസ്റ്റിൽ. ഒൻപതാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു പിസാ ഷോപ്പിൽ ജോലി ചെയ്തുവന്നിരുന്ന അലക്സിസ് വിൽസണാണ് അറസ്റ്റിലായത്. ഒക്കലഹോമയിലെ മെക്‌ലെസ്റ്റർ ഹൈസ്കൂളിലെ 400 വിദ്യാർഥികളെ വധിക്കുമെന്നാണ് ഇവർ ഭീഷണപ്പെടുത്തിയത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. അലക്സിസ് പഠിച്ചിരുന്നത് ഇതേ വിദ്യാലയത്തിലായിരുന്നു. കത്തി കൈവശം വച്ചതിനും മറ്റു പല ആക്രമണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലും അലക്സിസിനെ വിദ്യാലയത്തിൽ നിന്നു പുറത്താക്കിയിരുന്നു.
അലക്സിസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇവരുടെ വീട് പരിശോധിച്ച പൊലീസ് എ കെ 47 റൈഫിൾ, റിവോൾവർ, നിരവധി വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ അലക്സിസ് കുറ്റം നിഷേധിച്ചു. സ്കൂളിൽ വെടിവയ്പ്പു നടത്തുന്നതിന് പദ്ധതി ഇല്ലായിരുന്നുവെന്നും സഹപ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചതാണെന്നും തോക്ക് കൈവശംവയ്ക്കുന്നവർ അക്രമികളാണെന്ന ധാരണ തിരുത്തിക്കുറിക്കുന്നതിനാണ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു.
അലക്സിസിന്റെ അമ്മയും മകളെ ന്യായീകരിച്ചു. അറസ്റ്റു ചെയ്ത ഇവരെ പിറ്റ്സ്‌ബർഗ് കൗണ്ടി ജയിലിലടച്ചു. 2,50,000 ഡോളർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
Comments