(പന്തളം ബിജു തോമസ്, പി. ആർ. ഓ)
ഡാളസ്: കേരളത്തിലെ പദ്ധതികളിൽ നിക്ഷേപിക്കുന്ന പ്രവാസി സംരംഭകർക്കും, അവരുടെ നിക്ഷേപങ്ങൾക്കും സർക്കാർ തലത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ആവശ്യമുന്നയിച്ചു. പ്രവാസികളോടുള്ള സർക്കാരിന്റെ സമീപനവും, ഉത്തരവാദിത്വവും വളരെഏറെ ഗൗരവത്തോടെ കാണണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "പ്രവാസി സംരംഭകർക്കും, നിക്ഷേപകർക്കും വേണ്ടിയുള്ള ഏകജാല പദ്ധതി", ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിയുടെ ദീർഘനാളത്തെ ആവശ്യമാണ്. ഇതിനു വേണ്ടി സർക്കാർ തലത്തിൽ സമ്മർദ്ദം ചെലത്തുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അവലോകന യോഗത്തിൽ പ്രസ്താവിച്ചു.
കേരളത്തിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തുവാൻ, ലോകത്തെമ്പാടുമുള്ള പ്രവാസികൾ ഒരുക്കമാണ്. കേരളത്തിന്റെ വികസന പ്രക്രീയകൾ പ്രവാസി നിക്ഷേപത്തിലധിഷ്ഠിതമാണ്. ആ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും, ഉറപ്പും നല്‍കേണ്ടത് അതതു സർക്കാരുകളുടെ കടമയാണ്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയിലൂടെപ്രശ്നങ്ങളിലേക്ക്, പ്രവാസികൾ ഒരു ആയുഷ്കാലം കൊണ്ട് പടുത്തുയുർത്തിയതെല്ലാം കുരുക്കഴിയ്ക്കാനാവാത്ത വലിയ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത് ഒറ്റപ്പെട്ട സംഭവമായി നമുക്ക് കാണാൻ കഴിയില്ലന്നു ഫോമാ സെക്രെട്ടറി ജോസ് ഏബ്രഹാം പത്രക്കുറുപ്പിൽ വ്യക്തമാക്കി.
സെക്രെട്ടറിയേറ്റ് തലത്തിൽ നിന്നും തുടങ്ങുന്ന പദ്ധതിയുടെ നൂലാമാലകൾ, പ്രാദേശിക തലത്തിലെത്തുമ്പോഴേക്കും കൊടുമുടി കയറിക്കഴിഞ്ഞിരിക്കും. അതോടെ പദ്ധതിയിൽ നിന്നും പാവം പ്രവാസി പിന്മാറുവാൻ നിർബന്ധിതനാവും. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന് പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. കടയ്ക്കൽ കത്തിവെയ്ക്കുന്ന രീതിയിലുള്ള സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ ധാർഷ്ട്യവും, കാര്യകാര്യങ്ങളുടെ ഗൗരവം പഠിക്കാതെയുമുള്ള കോടതികളുടെ ഇടപെടലുകളും പ്രവാസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. കേരളത്തിലെ പദ്ധതികളിൽ നിക്ഷേപമിറക്കുവാൻ ഓരോ പ്രവാസിയും മടിച്ചു നിൽക്കുന്നുണ്ട്. വികസനത്തിലേക്കുള്ള ചുവടുവെപ്പുകളില്‍ നിന്നുള്ള പുറകോട്ടുപോകലും, വഴിതിരച്ചുവിടലും, രാജ്യത്തിന്റെ അടിസ്ഥാന വികസനത്തെ അപകടപ്പെടുത്തുകയേ ഉള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കുവാനുള്ള ജാഗ്രതയാണ് നാം പുലര്‍ത്തേണ്ടത് എന്ന് പ്രവാസികൾക്ക് വേണ്ടി ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ പ്രതികരിച്ചു.
Comments