(പി. സി. മാത്യു)
ഡാളസ്: ദൈവത്തെ പ്രാപിക്കുവാനായി സമർപ്പണത്തോടെയും നിച്ഛയ ദാഷ്ട്യത്തോടെയും ഒരു ആഗ്രഹം മനുഷ്യർക്കുണ്ടാകേണമെന്നും ദൈവവുമായി കണ്ടു മുട്ടേണമെന്നും ഇവാഞ്ചലിസ്റ് റാം ബാബു അഗപ്പേ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ പതിമൂന്നാമത് "എഴുന്നു പ്രകാശിക്ക" (Arise and Shine) കോൺഫെറെൻസിനു സമാപനം കുറിച്ചുകൊണ്ട് നടന്ന പ്രസംഗത്തിൽ നിറഞ്ഞ സദസിൽ ഉദ്‌ബോധിപ്പിച്ചു. ദാവീദ് രാജാവായിരുന്നിട്ടും ദൈവീക പ്രകാരങ്ങളെ നോക്കി തന്റെ സ്നേഹം പ്രകടിപ്പിക്കുന്നു. ദൈവീക ഗേഹത്തിൻറെ കാവൽക്കാരൻ ആകുവാൻ പോലും തയ്യാറായിട്ടുള്ള എളിയ ദാസനായി അദ്ദേഹം തന്റെ അഗ്രവും എളിമത്വവും കാട്ടി. നാമും ദാവീദിനെ പോലെ എത്ര ഉയരത്തിൽ എത്തിയാലും എളിമത്വം ഉള്ളവരായിരിക്കണം.
റാം ബാബു തുടർന്നു: പതിനെട്ടാമത്തെ വയസ്സിൽ വിശുദ്ധ വേദപുസ്തകം വായിക്കുന്നതിനു അനുവാദമില്ലാതിരുന്ന താൻ സ്വന്തം പിതാവിനെ ഭയന്ന് ടോയ്‌ലെറ്റിൽ ഇരുന്നു പോലും ബൈബിൾ വായിക്കുമായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും നാട്ടിൽ നിന്നും നേരിട്ട എതിർപ്പുകളെയും വെല്ലുവിളികളെയും നേരിട്ട് കഴിഞ്ഞ മുന്ന് ദശാബ്ദത്തിലധികം കർത്താവിന്റെ വേല ചെയ്യുവാൻ ഇടയായി. രണ്ടായിരത്തിൽ പരം അംഗങ്ങളുള്ള ചർച് ബാംഗ്ലൂരിൽ സ്ഥാപിച്ചു. പതിനായിരക്കണക്കിനാളുകൾ പെങ്കെടുക്കുന്ന ക്രൂസേഡുകളിൽ പ്രസംഗിച്ചു. അനേക ആത്മാക്കളെ നേടി. ദൈവം തന്റെ ജീവിതത്തിൽ ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങൾക്കും അദ്ദേഹം ദൈവത്തിനു നന്ദി കരേറ്റി.
അഗപ്പേ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ ഷാജി കെ. ഡാനിയേൽ, മിസ്സസ് ഷൈനി ചെറിയാൻ ഡാനിയേൽ, പാസ്റ്റർ കോശി ചെറിയാൻ, പാസ്റ്റർ ജോർജ് വര്ഗീസ്, പാസ്റ്റർ ജെഫെറി ജേക്കബ്, പാസ്റ്റർ ജോൺ എബ്രഹാം, പാസ്റ്റർ സോമ ശേഖരൻ മുതലായവർ കോൺഫെറെസിന് നേതൃത്വം നൽകി. സമാപന ദിവസമായതിനാൽ അഗപ്പേ ചർച്ചിന്റെ ഹാൾ നിറച്ചും ഭക്ത ജനങ്ങളാൽ നിറഞ്ഞിരുന്നു. ഡാളസിലെ ഇതര സഭകളിൽ നിന്നും പാസ്റ്റർമാരും മറ്റു വിശ്വാസികളും കോണ്ഫറന്സിൽ പങ്കെടുത്തു സമാപന യോഗം അനുഗ്രഹകരമാക്കി.
തുടർന്നു റാം ബാബു: വിശ്വസികളുടെ പിതാവെന്നറിയപ്പെടുന്ന അബ്രഹാമിനെ നോക്കിയാൽ അദ്ദേഹം ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചത് ബൈബിൾ വായിച്ചിട്ടല്ല. എന്നാൽ ദൈവത്തിന്റെ പ്രകൃതിയും സ്വഭാവവും എബ്രഹാം തിരിച്ചറിഞ്ഞിരുന്നു. അബ്രഹാമിന്റെ വിശ്വാസത്തെ നീതിക്കായി കണക്കിട്ടപ്പോൾ റോമർക്കെഴുതി യ ലേഖനത്തിലെ നാലാം അധ്യായം ഇരുപത്തിമൂന്നാം വാക്യത്തിൽ " അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ മാത്രം അല്ല, നമ്മെ വിചാരിച്ചും കൂടി എഴുതിയിരിക്കുന്നു." ആയതിനാൽ വിശ്വസത്താൽ നമുക്കും അത്ഭുതവും അനുഗ്രഹങ്ങളും പ്രാപിക്കാം. ഞാൻ ഒരിക്കലും മാറാത്ത ദൈവമാകുന്നു എന്ന് ദൈവം പറയുമ്പോൾ യേശു പറഞ്ഞു "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു". പിതാവായ ദൈവത്തിന്റെ ശരിയായ പ്രാതിനിത്യം യേശു മാത്രമാണ്. അതിനു ഒരു സംശയവും വേണ്ട. യോഹന്നാൻ പത്താം അധ്യായം ഒൻപതാം വാക്യം " ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും." എന്ന് എഴുതിയിരിക്കുന്നു. യേശുവിൽ വിശ്വസിക്ക. യേശുവിനെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു തന്നെ പ്രസ്താവിച്ചിരിക്കുന്നു.
മോശ കാട്ടിൽ വച്ച് മുൾപടർപ്പു കത്തുന്നത് കണ്ടപ്പോൾ അത് ഒരു സാധാരണ സംഭവമായിട്ടും അങ്ങോട്ട് അടുത്ത് വന്നപ്പോളാണ് തീയുണ്ട് എന്നാൽ ഉണങ്ങിയ മുള്ളുകൾ കത്തിയെരിയുന്നില്ല എന്നവൻ മനസ്സിലാക്കിയത്. അടുത്ത് വന്നപ്പോളാണ് ദൈവം അവനോടു സംസാരിച്ചത്. നാം ദൈവത്തോടടുക്കുമ്പോൾ ഒരു ഒറ്റ എൻകൗണ്ടറിലൂടെ അഥവാ ബന്ധപ്പെടലിലൂടെ നമ്മുടെ ജീവിതം തന്നെ മാറി മറിയും. അതാണ് മോശക്കും സംഭവിച്ചത്. ഇസ്രായേൽ ജനത്തെ നയിക്കുവാൻ ദൈവം മോശയെ അവിടെവെച്ച് തിരഞ്ഞെടുത്തു.
നാം സാധാരണ പള്ളിയിൽ പോകുമ്പോൾ ഒന്നും സംഭവിക്കുന്നില്ല, കാരണം അവിടെ നടക്കുന്ന ചടങ്ങുകൾ നമുക്ക് മുൻകൂട്ടി തന്നെ അറിയാം. ചിലേടത്തു പാസ്റ്റർമാർ ഒരു പ്രാർത്ഥനയോടെ തുടങ്ങും. പിന്നെ മൂന്നോ നാലോ പാട്ടുകൾ പാട്ടുകാർ പാടും. പിന്നെ സാക്ഷ്യങ്ങൾ ഉണ്ടെങ്കിൽ ആയി. ഇല്ലെങ്കിലും സാരമില്ല. പിന്നെ ചില അനൗൺസ്മെന്റുകൾ നടക്കും. അതിനു ശേഷം പാസ്റ്റർ ചുരുക്കത്തിൽ പ്രസംഗിക്കാൻ തുടങ്ങി നീട്ടി ബോറടിപ്പിച്ചു നിർത്തും. എല്ലാം ഒരു സ്ഥിരം പല്ലവി തന്നെ. അപ്പോൾ നാം ഒന്നും പുതുതായി അനുഭവിക്കുന്നില്ല. എന്നാൽ ദൈവവുമായി നിങ്ങൾ എൻകൗണ്ടർ ചെയ്യുമ്പോൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു നാം പുതിയ സൃഷ്ടിയായി മാറും. അപ്പോൾ ജീവിതത്തിൽ നിങ്ങൾ ദൈവത്തിന്റെ മഹത്വം അനുഭവിക്കും. ദൈവം ഇടപെടുമ്പോൾ കാലത്തിനോ സമയത്തിനോ അത് ബാധകമല്ല. സാറ തൊണ്ണൂറാമത്തെ വയസ്സിൽ ഗര്ഭണിയായതു ദൈവം ഇടപെട്ടപ്പോൾ സാറയുടെ യുവത്വം തിരികെ വന്നതുകൊണ്ടാണ്. അവിടെ സമയവും കാലവും മാറിനിന്നതായി കാണാം. അതുകൊണ്ടു നാമും ദൈവത്തിനു പ്രവർത്തിക്കാൻ നമ്മുടെ ജീവിതത്തിൽ അവസരം കൊടുക്കുക. ദൈവത്തെ ഹൃദയത്തിൽ ആഗ്രഹിക്കുക, ദൈവവുമായി ബന്ധപ്പെടുക....നിങ്ങളുടെ ജീവിതത്തിലെ, ഭൂതകാലത്തെ തിരുത്തി പുതിയ സൃഷ്ടിയാക്കി മാറ്റുവാൻ, നിങ്ങളുടെ ജീവിതത്തെ "നന്മയും കരുണയും എന്നെ പിന്തുടരുന്നു" എന്ന് പറയിപ്പിക്കുവാൻ ദൈവം ശക്തനാണ്.
കോണ്ഫറൻസിൽ പങ്കെടുത്തവർ പ്രാർത്ഥനക്കായി മുമ്പോട്ടു വരുകയും റാം ബാബു ഓരോരുത്തർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. വളരെ വൈകിയിട്ടും ശുശ്രൂഷകൾ എല്ലാം തന്നെ കഴിഞ്ഞ ശേഷമാണ് വിശ്വാസികൾ പിരിഞ്ഞു പോയത്. പങ്കെടുത്ത ഏവർക്കും സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ നന്ദി അറിയിച്ചു.
Comments