പിറ്റ്സ്ബർഗ് ∙ പിറ്റ്സ്ബർഗ് സൗത്ത് സൈഡ് അപ്പാർട്ട്മെന്റിൽ അമിതമായി ലഹരി മരുന്ന് കഴിച്ചു മൂന്നു പേർ മരിക്കുകയും, നാലു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് സംഭവ സ്ഥലത്തു എത്തുമ്പോൾ അപ്പാർട്ട്മെന്റിലെ മുറിയിൽ മൂന്നു പേർ മരിച്ചു കിടക്കുന്നതായും നാലു പേർ അബോധവസ്ഥയിൽ കഴിയുന്നതായും കണ്ടെത്തി. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഏഴുപേരും ഓറഞ്ച് നിറത്തിലുള്ള പേപ്പർ ബാൻഡ് കൈയില്‍ ധരിച്ചിരുന്നുവെന്നും ഇവർ കഴിച്ചത് ഏതുതരം ലഹരി മരുന്നാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പിറ്റ്സബർഗ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ പറഞ്ഞു. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനു സമീപം അപകടകരമായ ലഹരി മരുന്നിന്റെ ഉപയോഗം വർധിച്ചു വന്നിരുന്നതായും അധികൃതർ അറിയിച്ചു.
drug-overdose-death
മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരെന്നും ഒരേ സ്ഥലത്തു നിന്നും, ഒരേ തരത്തിലുള്ള ലഹരി മരുന്ന് കഴിച്ചശേഷമാണ് എല്ലാവരും അപ്പാർട്ട്മെന്റിൽ എത്തിയതെന്നുമാണ് പൊലീസിന്റെ നിഗമനം.
ഒരു പ്രത്യേക ബാച്ചിലുള്ള അപകടകരമായ ലഹരി മരുന്ന് യാതൊരു കാരണവശാലും കഴിക്കരുതെന്ന് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Comments