വാഷിങ്ടൻ ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മകൻ ധ്രുവ ജയശങ്കറിനെ (30) ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്സർവർ റിസെർച്ച് ഫൗണ്ടേഷന്റെ അമേരിക്കൻ ചുമതലയുള്ള ഡയറക്ടറായി നിയമിച്ചു. റിലയൻസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഒആർഎഫ് അധികൃതരാണ് ധ്രുവ ജയശങ്കറിന്റെ ഡയറക്ടർ നിയമനം വെളിപ്പെടുത്തിയത്.
വാഷിങ്ടൻ ബ്രൂക്കിങ്ങ്സ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും ഇന്ത്യയിലെ ബ്രൂക്കിങ്ങ് സ്ഥാപനത്തിൽ നിന്നും ഫോറിൻ പോളസി വിഷയത്തിൽ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്.
യുഎസ്, യൂറോപ്പ്, ഇന്തോ– പസഫിക്ക് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ സുഹൃദ് ബന്ധം വളർത്തിയെടുക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ധ്രുവ ജയശങ്കറിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വം.
ഇന്തോ– യുഎസ് വ്യാപാരം, അഫ്ഗാൻ സമാധാന ചർച്ച, ഭീകരരുടെ വെല്ലുവിളി എന്നീ വിഷയങ്ങളെ കുറിച്ച് ധ്രുവയുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ യുഎസ് പോളസി മേക്കേഴ്സുമായി ചർച്ച നടത്തും.
സെപ്റ്റംബർ 27ന് ഇന്ത്യൻ പ്രധാനമന്ത്രി യുഎൻ അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോൾ ധ്രുവും മോദിക്കൊപ്പം വേദി പങ്കിടും.
Comments