ജോയിച്ചന്‍ പുതുക്കുളം
സോള്‍: പ്രഭാതത്തിന്റെ നാടെന്നു വിളിപ്പേരുള്ള ദക്ഷിണകൊറിയയില്‍ സോള്‍ മലയാളീസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളികള്‍ ഒത്തുകൂടി. സെപ്റ്റംബര്‍ 22 ന് സുവോണ്‍ നഗരത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ഏകദേശം 65 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി.
ഓണത്തപ്പനെ വരവേല്‍ക്കാന്‍ അതിരാവിലെ തന്നെ എല്ലാവരും ചേര്‍ന്ന് പൂക്കളം തയ്യാറാക്കി. അതിനു പിന്നാലെ അമ്മമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കേരളത്തിന്റെ സ്വന്തം കലാരൂപമായ തിരുവാതിരയുടെയും ഓണപ്പാട്ടുകളുടെയും ഓളം കൊണ്ട് അത് വരെ നിശ്ശബ്ദരായിരുന്നവര്‍ പോലും ആവേശത്തിലാഴ്ന്നു എന്നു പറയാം.
മഹാബലി തമ്പുരാന്‍ ആദ്യമായി കൊറിയന്‍ മണ്ണില്‍ മലയാളികളെ സന്ദര്‍ശിച്ചു. വേഷവിധാനം കൊണ്ടും നര്‍മ്മ സംഭാഷണങ്ങള്‍ കൊണ്ടും ഏല്ലാ പ്രജകളെയും അദ്ദേഹം ആശ്ചര്യപ്പെടുത്തി. കള്ളവും ചതിയുമില്ലാതെ, മാനവരെല്ലാം ഒന്നായി വാഴാന്‍ അദ്ദേഹം എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു. പുതുതായി വന്ന നവകുടുംബങ്ങളേ പരിചയപ്പെട്ടതിനു ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയിലേക്ക് കടന്നു.
കൊടും ശൈത്യം ഉള്ള കൊറിയയില്‍ ഓണ സദ്യയ്ക്കുള്ള പല സാമഗ്രികളും ഇല്ലാതിരുന്നിട്ട് കൂടി കെങ്കേമമായ ഒരു സദ്യയൊരുക്കാന്‍ പറ്റി. മലയാളികക്കൊപ്പം വിദേശികളും വാഴയിലയില്‍ ഓണസദ്യ ഉണ്ടു. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലന്‍ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധകലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്‍ക്കും പ്രത്യേകം ഓണക്കളികള്‍ ഒരുക്കിയിരുന്നു. നാടന്‍പാട്ടുകളും ചെറു നാടകവും എല്ലാവരും നന്നേ ആസ്വദിച്ചു.
കലാപരിപാടികള്‍ വിജയിച്ചവര്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തശേഷം ആര്‍പ്പുവിളികളുമായി ഫോട്ടോസെഷന്‍. കൊട്ടിക്കലാശത്തില്‍ പ്രായഭേദമന്യേ എല്ലാരും ഓണ പൂവിളിയുമായി നൃത്തമാടി.
ഗൃഹാതുരത്വം വിളിച്ചോതിയ ഈ ഒത്തുകൂടല്‍ വഴി പുതു സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ഒത്തൊരുമ എന്ന സന്ദേശം പകരാനും ഇടയായി. സദ്യക്കു വിളമ്പിയ ശര്‍ക്കര പായസത്തേക്കാളും മധുരമുള്ള ഓര്‍മ്മകളുമായി മലയാളികള്‍ പിരിഞ്ഞു, അടുത്ത ചിങ്ങ മാസത്തില്‍ വീണ്ടും ഒത്തു ചേരാം എന്ന പ്രതീക്ഷയോടെ..
Comments