(പി. സി. മാത്യു)
ഉറക്കമെൻ കൺകളിൽ നുഴഞ്ഞു കയറിയോ സഹജാ
ഉറവ വറ്റിയോ എൻ ആശകളെല്ലാം മരു യാത്രയിൽ?
ഉറക്കമായി ഞാനീ രാവിലെങ്കിലുമെൻ സ്വപ്നത്തിൽ
ഊഷര ഭൂവിലൊരു നീർച്ചാലൊഴുകുന്നതു കണ്ടു ഞാൻ
ആദ്യമായ് നിന്നെ കണ്ടപ്പോൾ തന്നെയെന്നിൽ പ്രേമം
അരിച്ചിറങ്ങിയിരു കണ്ണിലും പിന്നെ ഹൃത്തടത്തിലും
കണ്ണിമയ്ക്കാതെ നോക്കിയെത്ര നേരം നിന്നെ ഞാൻ
കണ്ണ് കഴച്ചീല പിന്നെ തേനൂറി മനസ്സിലും നാവിലുമേറെ...
ആദ്യമായി കവികൾ ഓമന പേർ ചൊല്ലി വിളിക്കുമാ
ആദ്യാനുരാഗത്തിൻ പൂമ്പൊടി നുകർന്നൊരു വണ്ടായ് നീ.
നാണിച്ചു കുനിഞ്ഞു നില്ക്കുമീ പുഷ്പത്തിൻ മൃദുലമാം
നുണക്കുഴികളിൽ നീ ചുടുചുംബനങ്ങൾ ചൊരിഞ്ഞീലെ?
മനസ്സാകുമെൻ മാന്ത്രിക ചെപ്പിലൊരു മയിൽപീലിപോൽ
മങ്ങാതെ തിളങ്ങുമാ പൊന്നോമന ഓർമ്മകൾ സൂക്ഷിച്ചു
കാത്തു ഞാൻ നിന്നെ ധ്യാനിച്ചിരുന്നതുമെൻ പുസ്തകത്തിൽ
കുത്തി വരച്ചു നിൻ മീശ പൊടിക്കുമാ ആൺ രൂപവും ...
കീറിഞാനോരോ പേപ്പർ കഷണങ്ങളായി നിൻ ചിത്രങ്ങൾ
കരഞ്ഞു ഞാൻ കണ്ണീർ വറ്റിയൊരു വാടിയ പൂപോൽ പിന്നെ
പിഴുതെറിഞ്ഞു നിന്നെ ഞാനിനിയുമൊരു മഴയത്തുപോലും
പുതുതായി പിറക്കുവാൻ മനസ്സിൽ കഴിയാത്ത തകരപോൽ...
ഇടിവെട്ടി കൊള്ളിയാൻ മിന്നുമാ ധനുമാസരാവിൻ മഴയിൽ
ഇരുചെവി അറിയാതെ മുളക്കുന്നെൻ മനസതിൻ പറമ്പിൽ
മരിച്ചതെന്നോർത്ത ഓർമ്മകളായിരം വെള്ളിക്കൂണുകളായി
മുളച്ചു വരുന്നത് കാണുന്നു ഞാനെൻ സ്വപ്നത്തിൽ വീണ്ടും
Comments