ഷിക്കാഗോ ∙ ഷിക്കാഗോ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 17 മുതൽ നടത്തി വന്നിരുന്ന അദ്ധ്യാപക സമരം ടീച്ചേഴ്സ് യൂണിയനും, സിറ്റി അധികൃതരും ചർച്ച നടത്തിയതിനെ തുടർന്ന് ഒത്തുതീർപ്പായി. ഷിക്കാഗോ പബ്ലിക് സ്കൂളിലെ 25,000 അധ്യാപകരും അനധ്യാപകരും നടത്തി വന്നിരുന്ന സമരം 300,000 വിദ്യാർഥികളുടെ പഠനത്തെയാണ് സാരമായി ബാധിച്ചത്.
11 ദിവസം അടഞ്ഞു കിടന്നിരുന്ന വിദ്യാലയങ്ങൾ നവംബർ 1 വെള്ളി മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് സിറ്റി മേയർ ലോറി ലൈറ്റ് ഫുട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അധ്യാപകരുടെ ശമ്പള വർദ്ധന, വിദ്യാർഥികളുടെ അനുപാതം കുറക്കൽ, തൊഴിൽ സുരക്ഷിതത്വം, കൂടുതൽ അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ധ്യാപകർ സമര രംഗത്തെത്തിയത്.
ഈ സമരത്തിൽ. സമരം ചെയ്യുന്നവരോ, സിറ്റി അധികൃതരോ ജയിച്ചു എന്ന് അവകാശപ്പെടുന്നില്ലെങ്കിലും രമ്യമായ ഒത്തുതീർപ്പിന് ഇരുവിഭാഗവും തയ്യാറായതാണ് സമരം അവസ്സാനിപ്പിക്കാൻ സാഹചര്യം ഒരുക്കിയതെന്ന് മേയർ പറഞ്ഞു. നഷ്ടപ്പെട്ട അദ്ധ്യായന ദിവസങ്ങൾക്കു പകരം പ്രവർത്തിദിനങ്ങൾ കണ്ടെത്തുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 2012 നു ശേഷം ഇത്രയും ശക്തമായ അദ്ധ്യാപകസമരം ചിക്കാഗോയിൽ നടന്നിട്ടില്ല.
Comments