ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0 അനുഗ്രഹത്തിനായു0 ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 1ന് ആരംഭിച്ചു. ഡിസംബർ 10 വരെ ആയിരിക്കും ഒന്നാം ഘട്ട ഉപവാസ പ്രാർത്ഥനകൾ.
രണ്ടാമത്തെ ഉപവാസ പ്രാർത്ഥന തീയതികൾ പിന്നീട് പ്രഖ്യാപിക്കും. പ്രാദേശിക പ്രാർത്ഥന കോർഡിനേറ്റർ പാസ്റ്റർ പി. സി. മാത്യുവിനൊപ്പം ദേശീയ പ്രാർത്ഥന കോർഡിനേറ്റർ പാസ്റ്റർ പി വി മമ്മനും പ്രാർത്ഥനകൾ ഏകോപിപ്പിക്കും. പ്രാർത്ഥനയ്ക്കായുള്ള സൈൻ അപ്പ് ഷീറ്റുകൾ രണ്ട് കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമാണ്. ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പാസ്റ്റർ പി. വി. മമ്മൻ (586-549-7746), പി. സി. മാത്യു (405-822-07250) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
2020 മാർച്ച് 1 ന് ദേശീയ പ്രാർത്ഥന ദിനമായി വേർതിരിക്കും. സഭകളിലെ ആരാധന വേളയിൽ കുറച്ച് സമയം നീക്കിവയ്ക്കാനും സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും ഒരു പ്രത്യേക സ്തോത്ര കാഴ്ച എടുത്ത് സഹായിക്കുവാനും എല്ലാ അംഗ സഭകളും ഉത്സാഹം കാണിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധ നഗരങ്ങളിൽ പ്രമോഷൻ മീറ്റിംഗുകൾ നടത്തുവാൻ ദേശീയ കമ്മറ്റി തീരുമാനിച്ചു. ന്യൂയോർക്ക് - ന്യൂജേഴ്സി യോഗം നവംബർ 17 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ചർച്ചിലും ഡാളസ് പ്രമോഷൻ യോഗം ഡിസംബർ 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഐപിസി ഹെബ്രോൺ ഡാളസ് സഭയിലും, അറ്റ്ലാന്റ - ചാറ്റനൂഗ യോഗം ഏപ്രിൽ 19 നും ഏപ്രിൽ 26 ന് ഹ്യൂസ്റ്റണിലും മെയ് 3 ന് ചിക്കാഗോയിലും വെച്ച് നടത്തപ്പെടും.
2020 ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് 2 ഞായർ വരെ ഒക്കലഹോമ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം "അതിരുകളില്ലാത്ത ദർശനം" എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.
കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.
എല്ലാ ചൊവ്വാഴ്ചകളിലും സെൻട്രൽ സമയം 8 മണിക്ക് 605 - 313 - 5111 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്
വാർത്ത: നിബു വെള്ളവന്താനം
Comments