ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി വിവിധ കലാപരിപാടികളോടെ, നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റസ്റ്റൊറന്റില്‍ ആഘോഷിച്ചു.
പ്രസിഡന്റ് ജോസ് മലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകരും, കോളമിസ്റ്റുമായ കോരസന്‍ വര്‍ഗീസ് കേരളപ്പിറവി സന്ദേശം നല്‍കി. തദവസരത്തില്‍ ഉന്നത വിജയം നേടിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ സമ്മാനിച്ചു.
വാശിയേറിയ മലയാളി മങ്ക മത്സരം കേരളപ്പിറവി ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കി. രണ്ട് റൗണ്ടിലായി നടന്ന മത്സരത്തില്‍ ഡിംപിള്‍ മാത്യു മലയാളി മങ്ക കിരീടം ചൂടി. ഡോ. സ്‌നേഹാ സണ്ണി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം മന്യാ നായിഡു മലയാളി മങ്കയെ കിരീടം അണിയിക്കുകയും ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്തു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ വിനു വാതപ്പള്ളിയും (ഇമ്മാനുവേല്‍ ട്രാവല്‍സ്) ലിജോ ജോണും (ഇവന്‍സ്റ്റര്‍) സമ്മാനിച്ചു. ഡോണാ ഷിനു ജോസഫ് ചടങ്ങ് കോര്‍ഡിനേറ്റ് ചെയ്തു.
ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, അനിയന്‍ ജോര്‍ജ്, ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, തോമസ് ടി. ഉമ്മന്‍, ജോണ്‍ സി. വര്‍ഗീസ്, തോമസ് കോശി, ഗോപിനാഥ് കുറുപ്പ്, ജോഫ്രിന്‍ ജോസ്, ഷോളി കുമ്പിളുവേലി, പ്രദീപ് നായര്‍, ജോസഫ് കാഞ്ഞമല, ആന്റോ വര്‍ക്കി, ബൈജു വര്‍ഗീസ്, ഇടുക്കുള ജോസഫ്, സുരേഷ് നായര്‍, രേഖാ നായര്‍, ഷീലാ ജോസഫ് എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ചടങ്ങില്‍ സംബന്ധിച്ചു. അസോസിയേഷന്‍ സെക്രട്ടറി ആഷിഷ് ജോസഫ്, വൈസ് പ്രസിഡന്റ് ജിനു മാത്യു, ട്രഷറര്‍ അഭിലാഷ് ജോര്‍ജ്, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് വര്‍ക്കി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
വില്യംസ്, ജോമോന്‍ പാണ്ടിപ്പള്ളി എന്നിവരുടെ ഗാനമേളയും കലാഭവന്‍ ജയന്‍ അവതരിപ്പിച്ച മിമിക്രിയും ചാക്യാര്‍കൂത്തും ചടങ്ങുകളുടെ മോടി കൂട്ടി.
Comments