വുഡ്‌ലാന്റ്(ചിക്കാഗോ): യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊ മെഡിക്കല്‍ സെന്ററിലെ 2200 നഴ്‌സുമാര്‍ നവംബര്‍ 26 മുതല്‍ പണിമുടക്കിലേക്ക്.
നവംബര്‍ 7, 11 തിയ്യതികളില്‍ നാഷ്ണല്‍ നഴ്‌സസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഹോസ്പിറ്റല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച വിജയിക്കാതിരുന്നതാണ് സമരത്തിലേക്ക് നഴ്‌സുമാരെ വലിച്ചിഴക്കേണ്ടി വന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ഇരുകൂട്ടരും സമ്മതിക്കുന്നു.
യൂണിയനുമായി പുതിയ കരാര്‍ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ടു സെപ്റ്റംബര്‍ 20 ന് നഴ്‌സുമാര്‍ ഏകദിന പണിമുടക്ക് നടത്തിയിരുന്നു.
ആശുപത്രിയില്‍ നഴ്‌സുമാരുടെ എണ്ണം കുറവാണെന്നും കൂടുതല്‍ രോഗികളെ ശുശ്രൂഷിക്കുന്നതിന് മാനേജ്‌മെന്റ് നിര്‍ബന്ധിക്കുകയാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെന്നത്ത് പൊളൊന്‍സ്തി യൂണിയന്റെ ആരോപണത്തെ അടിസ്ഥാനരഹിതമാണെന്നാണ് വിശേഷിപ്പിച്ചത്. യൂണിയനുമായി എന്തു വിട്ടുവീഴ്ചക്കും തയ്യാറാണെന്നും അധികൃതര്‍ പറയുന്നു.
സെപ്‌റ്റെബര്‍ 20നു യൂണിയന്‍ നടത്തിയ പണിമുടക്കിനെ നേരിടാന്‍ അധികൃതര്‍ അഞ്ചു ദിവസത്തെ ജോലിക്കു കരാര്‍ വ്യവസ്ഥയില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നു.
താങ്ക്‌സ്ഗിവിങ്ങിന് മുമ്പു സമരം ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും, രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരം ഒഴിവാക്കണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതു യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments