You are Here : Home / USA News

ഇന്ദു മനയില്‍ - മലയാളി മങ്ക ആയി തിരഞ്ഞെടുക്കപ്പെട്ടു

Text Size  

Story Dated: Monday, November 25, 2019 12:51 hrs UTC

ഡാളസ്: ഡാളസ്സില്‍ നടത്തപ്പെട്ട ലാനയുടെ 11 -മതു ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷത്തില്‍ ശ്രീമതി ഇന്ദു മനയില്‍ മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടു.

എട്ടു വര്‍ഷമായി ഡാലസില്‍ നിന്നും 'മലയാളി മങ്കയെ' തിരഞ്ഞെടുക്കുന്ന  പതിവ് ഇപ്രാവശ്യവും പൂര്‍വാധികം കൃത്യനിഷ്ഠയോടെ നടത്തപ്പെട്ടു. ശ്രീമതി പ്രേമ തെക്കേക്ക്, ശ്രീമതി ദര്‍ശന മനയത്ത്, ശ്രീമതി ബീന ജോര്‍ജ് എന്നിവര്‍ തെരെഞ്ഞെടുപ്പിനു നേത്രുത്വം നല്കി.

ശ്രീമതി റെബേക്ക പുന്നൂസ് ഇന്ദു മനയിലിനെ കിരീടമണിയിച്ചു മലയാളി മങ്കയായി അവരോധിച്ചു. മുന്‍ ഡി.ജി.പി. ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി.എസ്. പുതിയ മലയാളി മങ്കയെ ട്രോഫി നല്‍കി ആദരിച്ചു.

തികഞ്ഞ കേരളീയ സൗന്ദര്യത്തിന്റെ മുഗ്ദ്ധഭാവങ്ങള്‍ പുഞ്ചിരിയിലും, മലയാളത്തനിമയുടെ നിഷ്‌കളങ്കത കണ്ണുകളിലും ഒളിപ്പിച്ചു മധുരമായി സംസാരിക്കുന്ന ഇന്ദു മനയില്‍ മലയാളി മങ്ക പദവിക്ക് തികച്ചും അര്‍ഹയാണ് എന്ന് സദസ്യര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നും അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ട ഇന്ദു എം. എസ്. ഡബ്യു ബിരുദധാരി ആണ്. ഡാളസ്സിലെ പ്രശസ്തമായ ഒരു ഐ. ടി. കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജരായി സേവനം അനുഷ്ഠിക്കുന്ന ഇന്ദു, ഭര്‍ത്താവു സനിലിനും ഏക മകള്‍,അഞ്ചു വയസുകാരി ശ്രെയകുട്ടിക്കുംഒപ്പംഡാളസ്സില്‍ സ്ഥിരതാമസം.ഡാളസിലെ എല്ലാ കലാ-സാംസ്‌കാരിക വേദികളിലും  നിറസാന്നിധ്യമായഈ കലാകാരി എന്‍.എസ്.എസ്. ഡാളസ് ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു. 

 
തിരക്ക് പിടിച്ചഔദ്യോഗിക ജീവിതത്തിനിടയിലും തന്നിലെ കലാകാരിയെ മറന്നുകളയുവാന്‍ ഇന്ദു തയ്യാറല്ല. മികച്ച നര്‍ത്തകി കൂടി ആയ ശ്രീമതി. ഇന്ദു അഭിനേത്രി കൂടിയാണ്. അടുത്തിടെ റിലീസ് ചെയ്ത 'അന്യം' എന്ന ഹൃസ്വ ചിത്രം അവരുടെ അഭിനയ മികവിന്റെ തെളിവാണ്. പ്രസ്തുത ചിത്രത്തിലെ നായികാ കഥാപാത്രത്തെതന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ ഇന്ദു മനയില്‍ എന്ന കലാകാരിക്ക് സാധിച്ചു.

ഡാളസിലെ മലയാളി മങ്ക ആയി അവരോധിക്കപ്പെട്ട ശ്രീമതി. ഇന്ദു മനയിലിനു ലാനയുടെയും, കേരള ലിറ്റററി സൊസൈറ്റിയുടെയും ഹൃദ്യമായ അഭിനന്ദനങ്ങള്‍.

ലാനാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 2, ശനിയാഴ്ച വൈകിട്ട് കൃത്യം ആറു മണിക്ക് ആരംഭിച്ച 'കേരള പിറവി'  ആഘോഷങ്ങളില്‍, നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളില്‍നിന്നും ലാന സമ്മേളത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന പ്രഗത്ഭരും പ്രശസ്തരുമായ സാഹിത്യ പ്രവര്‍ത്തകരെ കൂടാതെ ഡാളസ്സിലെ എല്ലാ കലാ-സാംസകാരിക സംഘടനാ പ്രതിനിധികളും, മലയാള ഭാഷാ-സാഹിത്യസ്‌നേഹികളും പങ്കെടുത്തു.

സഹൃദയരുമായ സദസ്യരുടെ നിറസാന്നിധ്യം ഈ വര്‍ഷത്തെ കേരള പിറവി ഒരു വന്‍ വിജയമായിരുന്നു എന്നതിനു തെളിവായി.

കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റും, ലാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആയ ജോസ് ഓച്ചാലില്‍ അധ്യക്ഷത വഹിച്ച കേരള പിറവി ആഘോഷങ്ങള്‍ മുഖ്യ അതിഥി ശ്രീ. ജേക്കബ് പുന്നൂസ് ഉല്‍ഘാടനം ചെയ്തു. അറിവിന്റെ ഭണ്ഡാരപ്പെട്ടി തുറന്നു ശ്രീ. ജേക്കബ് പുന്നൂസ് ചെയ്ത പ്രഭാഷണത്തില്‍ നിന്നും ആദ്യ കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാ-സാംസ്‌കാരിക ചരിത്രവും ആധുനിക കേരളത്തിന്റെ വ്യക്തമായ ചിത്രവും ശ്രോതാക്കള്‍ക്ക് ലഭ്യമായി.

പ്രഗത്ഭനായ ഭിഷഗ്വരനും, പ്രഭാഷണ കലയുടെ മര്‍മ്മം അറിയുന്ന ഡോക്ടര്‍ എം. വി. പിള്ള, ലാന പ്രസിഡണ്ട് ജോണ്‍മാത്യു,എബ്രഹാം തെക്കേമുറി, ഫിലിപ്പ് ചാമത്തില്‍, ജോര്‍ജ് ജോസഫ് , ഷിജു എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഡാളസ്സിലെ കലാകാരന്മാരും കലാകാരികളും അരങ്ങു നിറഞ്ഞു ആടിത്തിമിര്‍ത്തപ്പോള്‍ കാണികള്‍ നിറഞ്ഞ മനസ്സോടെ ഹര്‍ഷാരവങ്ങളുയര്‍ത്തി വേദിയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചു. കേരളത്തിന്റെ തനതു കലയായ തായമ്പകയില്‍ തുടങ്ങി, മറ്റു കേരളീയ കലകളായ തിരുവാതിര, മാര്‍ഗം കളി, തെയ്യം, ഓട്ടന്‍ തുള്ളല്‍, നാടോടിനൃത്തം, കവിതാ പാരായണം തുടങ്ങി വേദിയില്‍ അരങ്ങേറിയ ഓരോ കലാരൂപങ്ങളും ഒന്നിനൊന്നു മികവ് പുലര്‍ത്തി ഡാളസ്സില്‍ ഒരു സാങ്കല്പിക കലാ കേരളം പുനഃസൃഷ്ടിക്കപെട്ടു. കൂടാതെ ഡാളസ് 'ഭരതകലാ തീയേറ്റേഴ്‌സ്' അവതരിപ്പിച്ച 'പ്രണയാര്‍ദ്രം' എന്ന ലഘു നാടകം കാണികളുടെനിറഞ്ഞ കയ്യടി ഏറ്റുവാങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.