വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റ് നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഇംപീച്ച്മെന്റ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭൂരിപക്ഷ ജനപ്രതിനിധി സഭ പുറത്തുവിട്ടു. വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കായി ട്രംപ് ദേശീയ താല്‍പ്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്നതിന് ഉക്രയിനില്‍ നിന്നും സഹായം തേടിയതായി ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രയിന് പ്രസിഡന്റും ട്രംപും തമ്മിലുള്ള ടെലിഫോണിക് ചര്‍ച്ചകളില്‍ ഇത് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ എതിരാളികളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ട്രംപ് നിയമവിരുദ്ധമായി ഉക്രയിനില്‍ നിന്ന് സഹായം തേടിയതായി ആരോപണമുണ്ട്. എതിരാളിക്കും മകനും എതിരെ അന്വേഷണം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു.
ചരിത്രപരമായ ഒരു പ്രഖ്യാപനമാണ് പെലോസി നടത്തിയത്. 'നമ്മുടെ ജനാധിപത്യം അപകടത്തിലാണ്, നടപടിയെടുക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല.' ഈ പ്രഖ്യാപനത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്മെന്റ് പ്രമേയത്തെക്കുറിച്ചുള്ള വോട്ടിംഗ് പ്രക്രിയ മുന്നോട്ട് കൊണ്ടുപോയി. ക്രിസ്മസ് വേളയില്‍ ഇത് സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇംപീച്ച്മെന്റിന്റെ കാര്യത്തില്‍ ദുഃഖമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് പെലോസി പറഞ്ഞു.
പ്രസിഡന്റിന്റെ നടപടികള്‍ ഭരണഘടനാ ലംഘനമാണെന്ന് പെലോസി പറഞ്ഞു. ജൂലൈയില്‍ വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡന്റ് ട്രംപ് ഉക്രെയിന് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇംപീച്ച്മെന്റിലേക്ക് നയിച്ചതെന്ന് പെലോസി പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും രാഷ്ട്രീയ എതിരാളിയുമായ ജോ ബിഡനെതിരെ അന്വേഷിക്കാന്‍ ട്രംപ് ഉക്രെയിനില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം. സ്വന്തം നേട്ടത്തിനായി തിരഞ്ഞെടുപ്പിനെ വീണ്ടും ദുഷിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ നടപടിയെടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പെലോസി പറഞ്ഞു. 'അധികാര ദുര്‍വിനിയോഗം, ദേശീയ സുരക്ഷയ്ക്ക് തുരങ്കം വയ്ക്കല്‍, തിരഞ്ഞെടുപ്പിന്റെ സമഗ്രതയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളില്‍ ട്രംപിന് പങ്കുണ്ട്' പെലോസിയുടെ പ്രസ്താവനയില്‍ പറയുന്നു.
തന്റെ എതിരാളി ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകള്‍ക്കും ട്രംപ് ട്വീറ്റ് ചെയ്തു. വോട്ടിംഗില്‍ താന്‍ വിജയിക്കുമെന്നും പെലോസിയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇംപീച്ച്മെന്റില്‍ വിജയിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments