You are Here : Home / USA News

ന്യൂജെഴ്‌സി വെടിവെയ്പ്; ആയുധങ്ങള്‍ കൈവശം വെച്ചതിന് ഒരാളെ അറസ്റ്റു ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 16, 2019 01:45 hrs UTC

കീപോര്‍ട്ട് (ന്യൂജെഴ്‌സി): കഴിഞ്ഞയാഴ്ച ന്യൂജെഴ്‌സിയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു നേരെയുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട അക്രമകാരികളിലൊരാളുടെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ഫോണ്‍ നമ്പറും അഡ്രസും പ്രകാരം ന്യൂജേഴ്‌സിയില്‍ തന്നെയുള്ള ഒരാളെ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റു ചെയ്തതായി ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. കീപോര്‍ട്ടിലെ 35 കാരനായ അഹമ്മദ് എഹാദിക്കെതിരെ തോക്ക് കൈവശം വെച്ചതിന് കുറ്റക്കാരനാണെന്ന് യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ജേഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന രക്തരൂക്ഷിതമായ ആക്രമണത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ നല്‍കിയതിന് എഹാദിക്കെതിരെ കേസെടുത്തിട്ടില്ല.

അക്രമകാരികളായ ഡേവിഡ് ആന്‍ഡേഴ്‌സണും ഫ്രാന്‍സിന്‍ ഗ്രഹാമും ജേഴ്‌സി സിറ്റി പോലീസ് ഡിറ്റക്റ്റീവ് ജോസഫ് സീല്‍സിനെ ഒരു സെമിത്തേരിയില്‍ വെച്ച് വെടിവെച്ചു വീഴ്ത്തിയതിനു ശേഷമാണ് ഒരു കോഷര്‍ (യഹൂദ വംശജരുടെ)  സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്തിയത്.

പോലീസിന്റെ വെടിയേറ്റു വീണ അക്രമകാരി ആന്‍ഡേഴ്‌സന്‍റെ പോക്കറ്റില്‍ നിന്നാണ് ഒരു ടെലിഫോണ്‍ നമ്പറും കീപോര്‍ട്ട് വിലാസവും അടങ്ങിയ ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയത്. ഫോണ്‍ നമ്പര്‍ എഹാദിയുടേതായിരുന്നുവെന്നും, വിലാസം കീപോര്‍ട്ടില്‍ തന്നെയുള്ള ഒരു കടയുടെതായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. 2007ല്‍ എഹാദി രണ്ട് കൈത്തോക്കുകള്‍  വാങ്ങിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2012 ല്‍ ക്രിമിനല്‍ കുറ്റം ചെയ്തതിനാല്‍ തോക്കുകള്‍ കൈവശം വെക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അധികാരികള്‍ കടയില്‍ പോയി ഹാദിയെ ചോദ്യം ചെയ്തപ്പോള്‍, ഇപ്പോഴും ആയുധങ്ങള്‍ കൈവശമുണ്ടെന്ന് സമ്മതിച്ചെങ്കിലും അവ കടയില്‍ ഇല്ലെന്നാണ് പറഞ്ഞത്. ആയുധങ്ങള്‍ കടയിലെ ഒരു സെയ്ഫിലുണ്ടെന്ന സൂചന ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ കടയിലും എഹാദിയുടെ വീട്ടിലും തിരച്ചില്‍ നടത്തിയപ്പോള്‍ മൂന്ന് എആര്‍ 15സ്‌റ്റൈല്‍ റൈഫിളുകള്‍, മൂന്ന് കൈത്തോക്കുകള്‍, ഒരു ഷോട്ട്ഗണ്‍, 400 ലധികം റൗണ്ട് വെടിയുണ്ടകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. കൂടാതെ നിരവധി ഒഴിഞ്ഞ തിരകളും കണ്ടെത്തി.

 ആന്‍ഡേഴ്‌സണും ഗ്രഹാമും എആര്‍ 15സ്‌റ്റൈല്‍ റൈഫിള്‍, ഷോട്ട്ഗണ്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. മോഷ്ടിച്ച യുഹോള്‍ വാനില്‍ പൈപ്പ് ബോംബും കണ്ടെത്തിയിരുന്നു. ആന്‍ഡേഴ്‌സണും ഗ്രഹാമും ഉപയോഗിച്ച രണ്ട് തോക്കുകള്‍ കഴിഞ്ഞ വര്‍ഷം ഒഹായോയില്‍ നിന്ന് ഗ്രഹാം വാങ്ങിയതായി പോലീസ് പറഞ്ഞു. മറ്റ് മൂന്ന് തോക്കുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയില്ല. എഹാദിയും ആക്രമണകാരികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. എഹാദിയെ തിങ്കളാഴ്ച ഫെഡറല്‍ മജിസ്‌ട്രേറ്റിനു  മുന്നില്‍ ഹാജരാക്കും.

ആക്രമണകാരികളെക്കുറിച്ച് കുടുംബം ഇതുവരെ കേട്ടിട്ടില്ലെന്നും കടയില്‍ തോക്കുകള്‍ വില്‍ക്കുന്നില്ലെന്നും എഹാദിയുടെ സഹോദരന്‍ ആദം എഹാദി അധികൃതരോട് പറഞ്ഞു. 'ഞങ്ങള്‍ ആയുധങ്ങള്‍ വില്‍ക്കുന്നില്ല, ഞങ്ങള്‍ ഒരിക്കലും ആയുധങ്ങള്‍ വിറ്റിട്ടുമില്ല. 

വെടിവയ്പുമായി ബന്ധമുള്ള വെളുത്ത വാന്‍ കണ്ടുകെട്ടിയതായി അധികൃതര്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര ഭീകരതയാണോ എന്ന് അന്വേഷിക്കുമെന്നും അധികൃതര്‍. 47 കാരനായ ആന്‍ഡേഴ്‌സണും 50 കാരനായ ഗ്രഹാമും കറുത്ത എബ്രായ ഇസ്രായേല്യരോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇതിലെ അംഗങ്ങള്‍ ജൂതന്മാര്‍ക്കും   വെള്ളക്കാര്‍ക്കുമെതിരെ പലപ്പോഴും അണിനിരക്കുന്നുണ്ടെങ്കിലും ആന്‍ഡേഴ്‌സണും ഗ്രഹാമും അതിലെ അംഗങ്ങളാണെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

ഡിറ്റക്റ്റീവ് സീലിനുപുറമെ, സൂപ്പര്‍മാര്‍ക്കറ്റിന്റെ സഹഉടമ മിന്‍ഡല്‍ ഫെറന്‍സ് (31), അവിടെ ഷോപ്പിംഗ് നടത്തിയിരുന്ന ബ്രൂക്ക്‌ലിനില്‍ നിന്നുള്ള റബ്ബിക് വിദ്യാര്‍ത്ഥി മോഷെ ഡച്ച് (24), സ്‌റ്റോര്‍ ജീവനക്കാരന്‍ ഡഗ്ലസ് മിഗുവല്‍ റോഡ്രിഗസ് (49) എന്നിവരെയും കൊലപ്പെടുത്തിയതായി ന്യൂജേഴ്‌സി അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രവാള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

കടയിലെ നാലാമത്തെ വ്യക്തിയെ വെടിവച്ച് പരിക്കേല്‍പ്പിച്ചെങ്കിലും മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍ അടുത്തുള്ള ബയോണില്‍ ഒരു ടാക്‌സി െ്രെഡവറെ കൊന്ന കേസില്‍ ആന്‍ഡേഴ്‌സണും ഗ്രഹാമും പ്രധാന പ്രതികളാണെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.