വാഷിംഗ്ടണ്: ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യരംഗമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയുടെ ആരോഗ്യമേഖല കോവിഡ്-19 മൂലം പ്രതിസന്ധിയിൽ. ആയിരക്കണത്തിന് രോഗികളെ പരിചരിക്കേണ്ട സ്ഥിതിവിശേഷം വന്നതോടെ രാജ്യത്തെ സ്റ്റേഡിയം, കണ്വൻഷൻ സെന്റർ, കുതിരപ്പന്തയ മൈതാനം എന്നിവ ആശുപത്രികളായി മാറ്റുന്നു. കോവിഡ് പ്രതിസന്ധി നേരിടാൻ ട്രംപ് ഭരണകൂടം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ വിരമിച്ച ഡോക്ടർമാരുടെ സേവനവും തേടിയിട്ടുണ്ട്. ആർമി എൻജിനിയറിംഗ് വിഭാഗമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താത്ക്കാലിക ആശുപത്രികൾ നിർമിക്കുന്നത്. കോവിഡ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ന്യൂയോർക്കിൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ഈ അവസ്ഥ മറ്റ് മെട്രോപൊളീറ്റൻ സിറ്റികളിലും ഉണ്ടാകുമെന്ന് ഭരണകൂടം ആശങ്കപ്പെടുന്നു. കാട്ടുതീ പോലെ കോവിഡ് രോഗം പടർന്നു പിടിക്കുന്നതിനാൽ ആശുപത്രികളിൽ അധിക ബെഡ്ഡും കൂടുതൽ വെന്റിലേറ്റർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗികളിൽ ചിലർക്കു ഡയാലിസിസ് ആവശ്യമായി വരുന്നുണ്ടെന്നും ആവശ്യത്തിന് മെഷീനുകളില്ലാത്തതിനാൽ റേഷൻ വ്യവസ്ഥയിലാണ് ചികിത്സ നൽകുന്നതെന്നും ഒരു ഇന്ത്യൻ വംശജനായ ഡോക്ടർ വെളിപ്പെടുത്തി. വരും മാസങ്ങളിലും കൂടുതൽ ചികിത്സാ സൗകര്യം വേണ്ടിവരുമെന്നും ആരോഗ്യരംഗത്തുള്ളവർ വെളിപ്പെടുത്തി. ന്യൂയോർക്കിലെ ജാവിത്സ് കണ്വൻഷൻ സെന്റർ നാല് ദിവസം കൊണ്ട് പട്ടാളം 2,900 ബെഡ്ഡുള്ള ആശുപത്രിയാക്കി മാറ്റി. ആയിരം ബെഡ്ഡുള്ള രണ്ട് ആശുപത്രികൾ വൈകാതെ സജ്ജീകരിക്കുമെന്നും 1,000 ബെഡ്ഡുള്ള നേവി ഹോസ്പിറ്റൽ കപ്പൽ യുഎസ്എൻഎസ് കംഫർട്ട് വെർജീനിയയിൽനിന്ന് ന്യൂയോർക്കിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. 1,000 ബെഡ്ഡുള്ള നാവികസേന കപ്പൽ എൻഎസ്എസ് മേഴ്സി ലോസ്ആഞ്ചലസിൽ വിന്യസിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ മക്കോർമിക് പാലസ് കണ്വൻഷൻ സെന്റർ 3,000 ബെഡ്ഡുള്ള ആശുപത്രിയായി പാട്ടാളം മാറ്റി. 50 സംസ്ഥാനങ്ങളിലായി താത്കാലിക ആശുപത്രികൾക്കായി 114 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നു ജനറൽ ട്രോഡ് സെമോണിറ്റെ പറഞ്ഞു.
Comments